Top

‘ബോംബിട്ടത് ആളില്ലാത്ത ഫുട്‌ബോള്‍ ഗ്രൗണ്ടില്‍’; ബാലാകോട്ട് ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടെന്ന് മുന്‍ പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടില്ല; വാര്‍ത്ത വ്യാജമെന്ന് ആള്‍ട്ട് ന്യൂസ്

‘ഹം ന്യൂസ് ‘ചാനൽ സംപ്രേക്ഷണം ചെയ്‌ത ‘അജണ്ട പാകിസ്താൻ ‘ എന്ന പരിപാടിയിലെ ചർച്ചയിൽ ഉപയോഗിച്ച ഹിലാലിയുടെ വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടും എഡിറ്റിംഗിന് വിധേയമായും തെറ്റിദ്ധരിപ്പിക്കപ്പെട്ട രീതിയിൽ ഇന്ത്യൻ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുള്ളത്.

12 Jan 2021 2:11 AM GMT

‘ബോംബിട്ടത് ആളില്ലാത്ത ഫുട്‌ബോള്‍ ഗ്രൗണ്ടില്‍’; ബാലാകോട്ട് ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടെന്ന് മുന്‍ പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടില്ല; വാര്‍ത്ത വ്യാജമെന്ന് ആള്‍ട്ട് ന്യൂസ്
X

ന്യൂഡല്‍ഹി: 2019 ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തില്‍ 300 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് മുന്‍ പാക് നയതന്ത്ര പ്രതിനിധി സ്ഥിരീകരിച്ചെന്ന വാര്‍ത്ത വ്യാജം. പാകിസ്ഥാനി മുന്‍നയതന്ത്രജ്ഞന്‍ സഫര്‍ ഹിലാലി ചാനല്‍ ചര്‍ച്ചയ്ക്കിടെ ബാലാകോട്ട് ആക്രമണത്തിന്റെ കാഷ്വാലിറ്റി വെളിപ്പെടുത്തിയെന്നും 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും പ്രമുഖ ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ വ്യാജമാണെന്നും ഹിലാലിയുടെ വാക്കുകള്‍ തെറ്റായാണ് ഉദ്ധരിച്ചതെന്ന് വസ്തുതാന്വേഷണ വാര്‍ത്താ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് വ്യക്തമാക്കി. ചര്‍ച്ചയുടെ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ആള്‍ട്ട് ന്യൂസിന്റെ വസ്തുതാ പരിശോധന.

300 പേരെയെങ്കിലും ലക്ഷ്യമിട്ട് ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ യുദ്ധസമാനമായ നീക്കം ഫലം കണ്ടില്ലെന്നും ബോംബ് വീണത് ആളില്ലാത്ത ഒരു ഫുട്‌ബോള്‍ മൈതാനത്ത് ആണ് എന്നുമാണ് മുന്‍ പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. കെട്ടിച്ചമച്ച ഈ വാർത്തയാണ് എഎൻഐ, ടൈംസ് ഓഫ് ഇൻഡ്യാ,റിപ്പബ്‌ളിക്, ജാഗരൺ, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ റിപ്പോർട്ട് ചെയ്തതെന്ന് തെളിവുകൾ നിരത്തിയാണ് ആൾട്ട്‌ ന്യൂസ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ പ്രസ്തുത ആക്രമണത്തിൽ ആരും മരിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

‘ഇന്ത്യ അന്താരാഷ്ട്ര അതിർത്തി കടന്ന് ഒരു യുദ്ധസമാന പ്രവൃത്തി നടത്തി, അതിൽ 300 പേരെങ്കിലും കൊല്ലപ്പെട്ടു ‘ എന്ന് മുൻ പാക് നയതന്ത്രജ്ഞൻ സഫർ ഹിലാലി പറയുന്നതായാണ് ഇന്ത്യൻ മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നത്. ‘ഹം ന്യൂസ് ‘ചാനൽ സംപ്രേക്ഷണം ചെയ്‌ത ‘അജണ്ട പാകിസ്താൻ ‘ എന്ന പരിപാടിയിലെ ചർച്ചയിൽ ഉപയോഗിച്ച ഹിലാലിയുടെ വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടും എഡിറ്റിംഗിന് വിധേയമായും തെറ്റിദ്ധരിപ്പിക്കപ്പെട്ട രീതിയിൽ ഇന്ത്യൻ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുള്ളത്.

സർജിക്കൽ സ്‌ട്രൈക്കിൽ പാകിസ്താൻ ദുർബലപ്പെടുകയാണോ..എന്ന ചോദ്യത്തിന് മറുപടിയായി ഹിലാലി പറയുന്നത്, ‘ അന്താരാഷ്ട്ര അതിർത്തി കടന്നു ഇന്ത്യ യഥാർത്ഥത്തിൽ ഒരു യുദ്ധം തന്നെയാണ് നടത്തിയത്. അതിലേതാണ്ട് 300 ഓളം പേരെ അവർക്കു വധിക്കേണ്ടിയിരുന്നു’ എന്നാണ്. അടുത്ത വാചകമായി ഹിലാലി തുടരുന്നത് ‘പക്ഷെ അവർ വിജയിച്ചില്ല എന്നും ഏതാണ്ട് 250-300 ഓളം കുട്ടികൾ പഠിക്കുന്ന മദ്രസയെന്നു തെറ്റിദ്ധരിച്ചു അവർ ബോംബിട്ടത് യഥാർത്ഥത്തിൽ ഒരു ഫുട്ബോൾ ഗ്രൗണ്ടിലായിരുന്നു’ എന്നുമാണ്.

വീഡിയോയുടെ നാലാം മിനിട്ടു പതിനേഴ് സെക്കന്റ് മുതൽ മറുപടി പറഞ്ഞു തുടങ്ങുന്ന ഹിലാലി സംസാരം അവസാനിപ്പിക്കും വരെ 300 പേർ മരിച്ചുവെന്നോ അപകടത്തിൽ പെട്ടെന്നോ പരാമർശിക്കുന്നേ ഇല്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എന്നാൽ ‘റിപ്പബ്ലിക്കും , എൻ‌ഇ നൗ’വും ഒരു ട്വിറ്റർ ഉപയോക്താവ് അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.

യഥാർത്ഥ വീഡിയോയെ റിപ്പബ്ലിക് പങ്കുവെച്ച വീഡിയോയുമായി താരതമ്യം ചെയ്താൽ, 0:7-0:9 സെക്കൻഡിൽ ഒരു കട്ട് ഉണ്ട്. ‘കൊല്ലാൻ’ എന്നർത്ഥം വരുന്ന ‘മർന’ എന്ന ഹിലാലിയുടെ വാക്കിലെ ‘ൻ’ എന്ന ശബ്ദം എഡിറ്റ് ചെയ്തു ഉച്ചാരണത്തെ ‘കൊല്ലപ്പെട്ടു’ എന്നർത്ഥം വരുന്ന ‘മാര’ പോലെ ആക്കിത്തീർത്തിട്ടുണ്ട്.

തൊട്ടുപിന്നാലെ ഹിലാലി പറയുന്ന ഫുട്ബോൾ ഗ്രൗണ്ടിന്റെ പരാമർശം അടങ്ങുന്ന പ്രസ്താവനയും ക്ലിപ്പിൽ നിന്നും നീക്കംചെയ്‌തിട്ടുണ്ട്. ഇതിനെല്ലാം പുറമെ യഥാർത്ഥ വീഡിയോയുടെ ക്രമം തെറ്റിച്ച പതിപ്പാണ് ഇന്ത്യൻ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. യഥാർത്ഥ വീഡിയോയിൽ ബാലകോട്ടിലെ കേടുവന്ന മരങ്ങൾ ചിത്രീകരിക്കപ്പെട്ടപ്പോൾ എഡിറ്റഡ് വീഡിയോയിൽ സൈനിക വേഷത്തിൽ നിൽക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രമാണ് കാണിക്കുന്നത്.

കൂടാതെ വ്യാജവീഡിയോയിൽ ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ പ്രദർശിപ്പിക്കുന്നില്ല എന്നതും യഥാർത്ഥ വീഡിയോ വെളുത്ത ബോർഡറിലും വ്യാജൻ പിങ്ക് നിറത്തിലാണെന്നതും ശ്രദ്ധേയമാണ്.

വ്യാജവീഡിയോയിൽ പ്രചരിക്കുന്ന തന്റെ പ്രസ്താവന “ മുറിച്ചു മാറ്റിയതും ഏച്ചു കെട്ടിയതും സംയോജിപ്പിച്ചതുമാണെന്ന് ” ആണെന്ന് സഫർ ഹിലാലി തന്നെ ട്വിറ്റർ ഹാൻഡിലിലൂടെ സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഈ വിഷയത്തിൽ മാധ്യമങ്ങൾ ഉദ്ധരിച്ചതും പങ്കു വെക്കപ്പെട്ടതുമായ വീഡിയോ ക്ലിപ്പ് അടക്കമുള്ള വിവരങ്ങൾ തെറ്റാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. വാർത്ത നൽകുന്നതിന് മുൻപായി യഥാർത്ഥ വീഡിയോ ഒരു മാധ്യമ സ്ഥാപനങ്ങളും ശ്രദ്ധിച്ചിരുന്നില്ല എന്നും വ്യക്തമാണ്.

Next Story