മോദിയോട് മൃദുസമീപനമുണ്ടായിരുന്ന മാധ്യമങ്ങള്‍ പോലും നിത്യവിമര്ശകരായി, കാരണം ഇത് ജീവന്റെ പ്രശ്നമാണ്; സിഎന്‍എന്‍ റിപ്പോര്‍ട്ട്
ഗംഗാ നദിയിലൂടെ കൊവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ഒഴുകിനടന്ന സംഭവത്തിന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ബോള്‍ഡ് ആയതായി സിഎന്‍എന്‍ ലേഖനം പറയുന്നു.
24 May 2021 6:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളുടെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനോടുള്ള സമീപനത്തിലും മാറ്റം വന്നതായി സിഎന്‍എന്‍ ബിസിനസിന്റം വിലയിരുത്തല്‍. മറ്റ് രാഷ്ട്രീയ വിഷയങ്ങളെക്കാളുപരി കൊവിഡ് പ്രതിരോധം എന്നത് മനുഷ്യജീവനെ സംബന്ധിക്കുന്ന കാര്യമായതിനാല്‍ത്തന്നെ മോദിയോട് മുന്‍പ് മൃദുസമീപനം സ്വീകരിച്ചിരുന്ന മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ നിത്യവിമര്ശകരായെന്ന് ഇന്ത്യന്‍ മാധ്യമങ്ങളുടെ തലപ്പത്തുള്ള പ്രമുഖരെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗംഗാ നദിയിലൂടെ കൊവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ഒഴുകിനടന്ന സംഭവത്തിന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ബോള്‍ഡ് ആയതായി സിഎന്‍എന്‍ ലേഖനം പറയുന്നു. ഇന്ത്യയിലെ 99 ശതമാനം ജനങ്ങളേയും കൊവിഡ് ഭീതി സാരമായി ബാധിച്ചിട്ടുണ്ട്. ഇനിയും സര്‍ക്കാര്‍ അനുകൂല വ്യഖ്യാനങ്ങള്‍ പടച്ചുവിട്ടാല്‍ അത് എടുക്കാത്ത ചരക്കായി മാറുമെന്ന് കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ പോലും തിരിച്ചറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരസ്യം നല്കാതിരിക്കല്, മാധ്യമങ്ങളെ വിവിധ തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടല്‍ മുതലായവ സംബന്ധിച്ച പരോക്ഷമായ സര്‍ക്കാര്‍ ഭീഷണികള്‍ അന്തരീക്ഷത്തില്‍ നില്ക്കുമ്പോള് പോലും പ്രാദേശിക ചെറുപത്രങ്ങള്‍ പോലും കേന്ദ്രത്തെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് മരണങ്ങള് കുറച്ചുകാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത ദിവ്യ ഭാസ്കര്‍ എന്ന ദിനപത്രത്തെ ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
ബിജെപിക്കെതിരെ ജനരോഷം കത്തുന്ന പശ്ചാത്തലത്തില്‍ അതിനെതിരെ വാര്‍ത്തകള്‍ നല്കി പിടിച്ചുനില്ക്കാന് മോദി അനുകൂല മാധ്യമങ്ങള്‍ക്കുപോലും കഴിയാത്ത അവസ്ഥയാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മോദിയെ പുകഴ്ത്തി വാര്‍ത്തകള്‍ നല്കിയാല് ജനം റിപ്പോര്‍ട്ടേഴ്സിനെ തല്ലി ഓടിക്കുമെന്ന് ഇത്തരം മാധ്യമങ്ങള്‍ക്ക് പോലും ബോധ്യപ്പെട്ടതായി സിഎന്‍എന്നിനോട് ചില സ്വതന്ത്രമാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. സര്‍ക്കാരിനെ കാണാനില്ല എന്ന് ഔട്ട്ലുക്ക് മാസിക കവര്‍ പേജില്‍ തന്നെ സൂചിപ്പിച്ചത് സിഎന്‍എന്‍ പരാമര്‍ശിക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു എന്ന തോന്നല്‍ ശക്തമായതിനാലാണ് അങ്ങനെയൊരു കവര്‍ ഫോട്ടോ നല്‍കിയതെന്ന് ഔട്ട്ലുക്് മാസികയുടെ ചീഫ് എഡിറ്റര്‍ സിഎന്‍എന്നിനോട് വ്യക്തമാക്കി.
- TAGS:
- cnn
- Covid 19
- MEDIA
- NARENDRA MODI