ഇന്ത്യന്‍ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെടുന്നുവെന്ന് ഐഎംഎഫ്

ഇന്ത്യന്‍ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തകര്‍ച്ചയില്‍ നിന്നും മെച്ചപ്പെടുകയാണെന്ന വിലയിരുത്തലുമായി അന്താരാഷ്ട്ര നാണയനിധി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യന്‍ സമ്പദ്‌രംഗം വളരെ എളുപ്പത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ ഗതിവേഗം വീണ്ടെടുത്തതായി നാണയിനിധി വക്താവ് ജെറി റൈസ് പറഞ്ഞു. രണ്ടാം പാദത്തില്‍ ജിഡിപി ഇടിവ് പ്രതീക്ഷിച്ചതിലും കുറച്ചുകൊണ്ടുവരാനായത് സുപ്രധാനനേട്ടമാണെന്നും നാണയനിധി വിലയിരുത്തി.

മഹാമാരിയാല്‍ വളരെയധികം ബാധിക്കപ്പെട്ട ഒരു രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ മഹാമാരിമൂലമുള്ള സാമ്പത്തികമുരടിപ്പില്‍നിന്ന് അവര്‍ വളരെ എളുപ്പത്തില്‍ കരകയറിക്കൊണ്ടിരിക്കുന്നു. ജെറി റൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ ഇതോടൊപ്പംതന്നെ വിപണി മെച്ചപ്പെടുത്താനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ വേണമെന്നും അന്താരാഷ്ട്ര നാണയനിധി പ്രതിനിധി ഓര്‍മ്മിപ്പിച്ചു. വിപണി മെച്ചപ്പെടുത്തുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കണമെന്നും റൈസ് ഓര്‍മ്മിപ്പിച്ചു.

Latest News