Top

പാകിസ്താന്‍ മടങ്ങിയിടത്തേക്ക് ഇന്ത്യന്‍ ആര്‍മി ചീഫ്; സൗദിയിലേക്കുള്ള ആദ്യ സന്ദര്‍ശനം നിര്‍ണായകം

ന്യൂദല്‍ഹി: സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കും ഇന്ന് ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവന്‍ സന്ദര്‍ശനം നടത്തും. നാലു ദിവസ സന്ദര്‍ശനമാണ് ആര്‍മി ചീഫ് ഇരു രാജ്യങ്ങളിലും നടത്തുക. ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയ പ്രതിനിധികളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യന്‍ ആര്‍മി ചീഫ് സന്ദര്‍ശനത്തിനെത്തുന്നത്. ഗള്‍ഫ് മേഖലയില്‍ നയതന്ത്ര, വിദേശകാര്യ നയങ്ങളില്‍ മാറ്റങ്ങള്‍ നടക്കവെയാണ് ഇന്ത്യന്‍ ആര്‍മി ചീഫിന്റെ സന്ദര്‍ശനം. ഇസ്രയേലുമായി യുഎഇ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചതും ഖത്തര്‍ […]

5 Dec 2020 11:44 PM GMT

പാകിസ്താന്‍  മടങ്ങിയിടത്തേക്ക് ഇന്ത്യന്‍ ആര്‍മി ചീഫ്;  സൗദിയിലേക്കുള്ള ആദ്യ സന്ദര്‍ശനം നിര്‍ണായകം
X

ന്യൂദല്‍ഹി: സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കും ഇന്ന് ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവന്‍ സന്ദര്‍ശനം നടത്തും. നാലു ദിവസ സന്ദര്‍ശനമാണ് ആര്‍മി ചീഫ് ഇരു രാജ്യങ്ങളിലും നടത്തുക. ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയ പ്രതിനിധികളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യന്‍ ആര്‍മി ചീഫ് സന്ദര്‍ശനത്തിനെത്തുന്നത്.

ഗള്‍ഫ് മേഖലയില്‍ നയതന്ത്ര, വിദേശകാര്യ നയങ്ങളില്‍ മാറ്റങ്ങള്‍ നടക്കവെയാണ് ഇന്ത്യന്‍ ആര്‍മി ചീഫിന്റെ സന്ദര്‍ശനം. ഇസ്രയേലുമായി യുഎഇ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചതും ഖത്തര്‍ ഉപരോധത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ പിന്‍മാറുന്നതിന്റെ സൂചനകള്‍ പുറത്തു വന്ന സാഹചര്യത്തിലുമുള്ള കൂടിക്കാഴ്ച ഈ രാജ്യങ്ങളെല്ലാമായി ബന്ധമുള്ള ഇന്ത്യയ്ക്കും നേട്ടമുണ്ടാക്കിയേക്കാം. പാകിസ്താനുമായി സൗദിയും യുഎഇയും ഇടഞ്ഞു നില്‍ക്കുന്ന അവസരത്തിലെ സന്ദര്‍ശനം നിര്‍ണാകമാവുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

സൗദി-പാകിസ്താന്‍ അസ്വാരസ്യം

സൗദിയുമായുള്ള പാക് ബന്ധത്തില്‍ അടുത്ത മാസങ്ങളിലായി വലിയ വിള്ളലാണ് ഉണ്ടായിരിക്കുന്നത്. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി കശ്മീര്‍ വിഷയത്തില്‍ സൗദിയെ വിമര്‍ശിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സൗദി അധ്യക്ഷത വഹിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ ( ഒ.ഐ.സി) കശ്മീര്‍ വിഷയത്തില്‍ അടിതന്തിരമായി യോഗം വിളിച്ചു ചേര്‍ത്തില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇതിനു മുന്‍ കൈയ്യെടുക്കാന്‍ താന്‍ നിര്‍ബന്ധിക്കുമമെന്നായിരുന്നു ഖുറേഷിയുടെ പരാമര്‍ശം. കശ്മീര്‍ വിഷയത്തിലെ തങ്ങളുടെ ആശങ്ക ഗള്‍ഫ് രാജ്യങ്ങള്‍ മനസ്സിലാക്കണമെന്നും ഖുറേഷി പറഞ്ഞിരുന്നു. ആഗസ്റ്റ് മാസത്തില്‍ ഒരു പാക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖുറേഷിയുടെ പരാമര്‍ശം.

ഖുറേഷിയുടെ ഈ പരാമര്‍ശമാണ് സൗദിയെ ചൊടിപ്പിച്ചത്. പരാമര്‍ശത്തിനു പിന്നാലെ പാകിസ്താനുമായുള്ള ചില കരാറുകളില്‍ നിന്ന് സൗദി പിന്‍മാറുകയും ചെയ്തു. പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റുമതി സൗദി പുതുക്കി നല്‍കിയില്ല. ഘട്ടം ഘട്ടമായി പണമടച്ച് 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണ സൗദിയില്‍ നിന്നും പാകിസ്താനിലെത്തിക്കുന്ന കരാറാണിത്. ഇതിനൊപ്പം നല്‍കിയ മൂന്ന് ബില്യണ്‍ ഡോളറിന്റെ ലോണ്‍ തിരിച്ചടവിന് സൗദി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

സൗദിയെ തണുപ്പിക്കാന്‍ പിന്നീട് പാകിസ്താന്‍ ആര്‍മി ചീഫ് ഖമര്‍ ജാവേദ് ബജ്‌വ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്താനായി റിയാദിലെത്തിയെങ്കിലും ഇതും ഫലം കണ്ടില്ല. സല്‍മാന്‍ രാജകുമാരന് പകരം ഇദ്ദേഹത്തിന്റെ ഇളയ സഹോദരനും ഡെപ്യൂട്ടി ഡിഫന്‍സ് മന്ത്രിയുമായ ഖാലിദ് ബിന്‍ സല്‍മാനെയാണ് ബജ്‌വയ്ക്ക് കാണാനായത്.

ഖുറേഷിയുടെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തിയാണ് പാക് ആര്‍മി ചീഫ് മടങ്ങിയത്. സൗദിക്ക് പുറമെ ഇസ്രഈല്‍-യുഎഇ ബന്ധത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ യുഎഇയും പാകിസ്താനോട് അകല്‍ച്ച കാണിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ആര്‍മി ചീഫിന്റെ സന്ദര്‍ശനം. അതേസമയം ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് സൗദി ഇറക്കിയ ജി20 കറന്‍സി മാപ്പിലെ ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരിനെ ഉള്‍പ്പെടുത്താത്തത് നേരത്തെ വിഷയമായിരുന്നു.

Next Story