Top

ശ്രീകൃഷ്‌ണന്റെ ഗോവർദ്ധന ഗിരി വിൽക്കാൻ ശ്രമം; ഇന്ത്യ മാർട്ടിന്റെ സിഇഒ അടക്കം മൂന്ന് പേർക്കെതിരെ കേസ്

വിവരസാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് മതവികാരം വ്രണപ്പെടുത്തിയതിന് കമ്പനിക്കും സിഇഒക്കും വിതരണക്കാരനും എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ് പി ശിരീഷ് ചന്ദ്ര പറഞ്ഞു.

7 Feb 2021 11:43 PM GMT

ശ്രീകൃഷ്‌ണന്റെ ഗോവർദ്ധന ഗിരി വിൽക്കാൻ ശ്രമം; ഇന്ത്യ മാർട്ടിന്റെ സിഇഒ അടക്കം മൂന്ന് പേർക്കെതിരെ കേസ്
X

മഥുര: മഥുരയിലെ ഗോവർദ്ധൻ കുന്നുകൾ ഓൺലൈനായി വിൽക്കാൻ ശ്രമം. പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ ഇന്ത്യ മാർട്ടിന്റെ സിഇഒ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. ഗോവർദ്ധൻ കുന്നുകളിൽ നിന്നെടുത്ത പാറകൾ ഓൺലൈനിൽ വിൽപ്പന നടത്തി എന്നാരോപിച്ചാണ് കേസ്. ഗോവർദ്ധൻ കുന്നുകളിൽ നിന്നെടുത്ത ഈ പാറകൾ പ്രകൃതിദത്തമാണെന്ന് ഇന്ത്യ മാർട്ട് വെബ്‌സൈറ്റ് അവകാശപ്പെടുകയും അതിന്റെ വില ഒരു കഷണത്തിന് 5,175 രൂപയെന്ന് നിശ്ചയിക്കുകയും ആയിരുന്നു.

കേശവ് മുഖിയ എന്ന സാമൂഹിക പ്രവർത്തകനാണ് ഗോവർദ്ധൻ പൊലീസ് സ്റ്റേഷനിൽ കേസിനാസ്പദമായ പരാതി നൽകിയത്. മഥുര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതേ വിഷയത്തിൽ ഒരേ സ്റ്റേഷനിൽ പത്ത് പരാതികൾ ആണ് ലഭിച്ചിട്ടുള്ളതെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അധികൃതർ അറിയിച്ചു.

വിവരസാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് മതവികാരം വ്രണപ്പെടുത്തിയതിന് കമ്പനിക്കും സിഇഒക്കും വിതരണക്കാരനും എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ് പി ശിരീഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 265, ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 66 എന്നിവ പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുള്ളത്. ഇന്ത്യ മാർട്ട് സ്ഥാപകനും സിഇഒയുമായ ദിനേശ് അഗർവാൾ, സഹ സ്ഥാപകൻ ബ്രജേഷ് അഗർവാൾ, വിതരണക്കാരനായ അങ്കുർ അഗർവാൾ എന്നിവർക്കെതിരെ ആണ് കേസ്.

‘ദൈവത്തെ കച്ചവടചരക്കാക്കാനുള്ള’ കമ്പനിയുടെ ഈ ശ്രമത്തിനെതിരെ നൂറുകണക്കിന് ആളുകളാണ് ഗോവർദ്ധൻ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി പ്രതിഷേധം അറിയിച്ചത്. ‘ഗോവർദ്ധൻ കൃഷ്ണനാണ്. ഗോവർദ്ധനെ കച്ചവടവൽക്കരിക്കുക എന്നാൽ ദേവന്റെ കോപത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്’ മഥുരയിലെ സന്യാസിയായ സിയ റാം ബാബ അപലപിച്ചു.

അതേസമയം, കമ്പനിക്കും വിതരണക്കാരനും എതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് ബ്രാഹ്മണ മഹാസഭ തിങ്കളാഴ്ച മഥുര ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. മഥുരയിലെ ഗോവർദ്ധൻ കുന്ന് ഹിന്ദുമത വിശ്വാസികൾ പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നവയിൽ ഒന്നാണ്.

ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾക്ക് അടിസ്ഥാനം തന്നെ ഈ കുന്നിന്റെ പശ്ചാത്തലമാണ്. ഇന്ദ്രന്റെ കോപത്തിൽ നിന്നുണ്ടായ കടുത്ത മഴയിൽ നിന്ന് മഥുരാ നിവാസികളെ രക്ഷിക്കാൻ ശ്രീകൃഷ്ണൻ ഗോവർദ്ധന ഗിരിയെ ചെറുവിരലിൽ ഉയർത്തി ഒരുകുട പോലെ സംരക്ഷണം നൽകി എന്നാണ് പുരാണങ്ങൾ പറയുന്നത്.

Next Story