‘പിങ്ക് ടെസ്റ്റ് ഹീറോ’ ബെന്‍ സ്റ്റോക്സിനെ വിറപ്പിക്കാന്‍ ആയുധങ്ങളേറെ; മൊട്ടേറ ടെസ്റ്റില്‍ ചരിത്രം രചിക്കാന്‍ അശ്വിന്

മൊട്ടേറ മൈതാനത്ത് ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്. മൂന്നാം ടെസ്റ്റില്‍ തിളങ്ങിയാല്‍ ലോകത്തിലെ അപൂര്‍വ്വ പ്രതിഭകളുടെ 400 വിക്കറ്റ് ക്ലബില്‍ അശ്വിനും സീറ്റുറപ്പിക്കാം. നിലവില്‍ 76 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 394 വിക്കറ്റാണ് താരത്തിനുള്ളത്. ആറ് വിക്കറ്റ് കൂടെ ലഭിച്ചാല്‍ കുറച്ച് മത്സരങ്ങളില്‍ നിന്ന് 400 വിക്കറ്റ് ക്ലബില്‍ എത്തുന്ന രണ്ടാമത്തെ താരമായി മാറാനും അശ്വിന് സാധിക്കും. പട്ടികയില്‍ ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യാ മുരളീധരനാണ് മുന്നില്‍. 72 ടെസ്റ്റില്‍ നിന്നായിരുന്നു മുരളി 400 വിക്കറ്റ് വീഴ്ത്തിയത്.
പിങ്ക് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുക ഇംഗ്ലീഷ് ബാറ്റ്സ്മാന് ബെന്‍ സ്റ്റോക്സായിരിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്റ്റോക്സിനെതിരെ മികച്ച റെക്കോര്‍ഡുള്ള അശ്വിന് പിങ്ക് ബോളിലും അദ്ദേഹത്തെ പുറത്താക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റുമാണ് അശ്വിന് പോക്കറ്റിലാക്കിയത്. ഇതില്‍ ഏറ്റവും മികച്ച വിക്കറ്റ് ബെന്‍ സ്റ്റോക്സിന്റേതായിരുന്നു. ഏറ്റവും കൂടുതല്‍ തവണ അശ്വിന് മുന്നില്‍ കീഴടങ്ങിയ ബാറ്റ്സ്മാനെന്ന നാണക്കേടിനാണ് രണ്ടാം ടെസ്റ്റിന് പിന്നാലെ സ്റ്റോക്സിനെ തേടിയെത്തിയത്.
10 തവണയാണ് അശ്വിന് മുന്നില്‍ സ്റ്റോക്സ് അടിയറവ് പറഞ്ഞത്. അശ്വിന് മുന്നില്‍ കൂടുതല്‍ തവണ കീഴടങ്ങിയവരുടെ പട്ടികയില്‍ ഡേവിഡ് വാര്‍ണറുമുണ്ട്. ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അശ്വിനെ കളിക്കുക അത്ര എളുപ്പമല്ല. ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്കാണ് പട്ടികയില്‍ രണ്ടാമന്, ഒമ്പത് തവണ കുക്ക് അശ്വിന് വിക്കറ്റ് നല്കി മടങ്ങി. ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സനും ഓസീസ് താരം എഡ് കോവനും ഇത്രയും ഏഴ് തവണ അശ്വിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്.
മൂന്നാം ടെസ്റ്റ് വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാനാവും ഇരുടീമുകളും ശ്രമിക്കുക. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്രയും പരിക്ക് ഭേദമായ ഉമേഷ് യാദവും ടീമിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിങ്ക് പന്തില്‍ പേസ് ബൗളര്‍മാര്‍ക്കായിരിക്കും കൂടുതല്‍ മുന്‍തൂക്കം. ചെപ്പോക്കില്‍ നിന്നും വിഭിന്നമായി മൂന്നോ നാലോ പേസ് ബൗളര്‍മാരെ ഇന്ത്യ ടീമിലെടുത്തേക്കും. നാല് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ മുഹമ്മദ് സിറാജും മത്സരത്തിനിറങ്ങും.
ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (നായകന്), അജിന്‍ക്യെ രെഹാനെ, ഋഷഭ് പന്ത്, ആര്. അശ്വിന്, അക്സര്‍ പട്ടേല്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ