പിങ്ക് ടെസ്റ്റ് നാളെ; ഇംഗ്ലണ്ടിന്റെ മുനയൊടിക്കാന്‍ ഇന്ത്യന്‍ പേസ് പട, ബുമ്രയും ഉമേഷും തിരിച്ചെത്തിയേക്കും

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് നാളെ. പിങ്ക് പന്തില്‍ രാത്രിയും പകലുമായിട്ടായിരിക്കും കളി. അഹമ്മദാബാദിലെ നവീകരിച്ച മൊട്ടേറ മൈതാനത്തിലാണ് ചിരവൈരികള്‍ ഏറ്റുമുട്ടുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേറയില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ മൊത്തം കപ്പാസിറ്റിയുടെ 50 ശതമാനം പേര്‍ക്ക് മത്സരം കാണാന്‍ അവസരമുണ്ടായിരിക്കും. ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ ഡേ നൈറ്റ് ടെസ്റ്റാണിത്.

മൂന്നാം ടെസ്റ്റ് വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാനാവും ഇരുടീമുകളും ശ്രമിക്കുക. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്രയും പരിക്ക് ഭേദമായ ഉമേഷ് യാദവും ടീമിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിങ്ക് പന്തില്‍ പേസ് ബൗളര്‍മാര്‍ക്കായിരിക്കും കൂടുതല്‍ മുന്‍തൂക്കമെന്നാണ് നിരീക്ഷകരുടെ പ്രവചനം. അതുകൊണ്ടു തന്നെ ചെപ്പോക്കില്‍ നിന്നും വിഭിന്നമായി മൂന്നോ നാലോ പേസ് ബൗളര്‍മാരെ ഇന്ത്യ ടീമിലെടുത്തേക്കും. നാല് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ മുഹമ്മദ് സിറാജും മത്സരത്തിനിറങ്ങും.

ജെയിംസ് ആന്ഡേഴ്സൻ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാകും ഇംഗ്ലണ്ട് പേസ് ആക്രമണം നയിക്കുക. അതേസമയം ആര്‍ച്ചറിന്റെ പരിക്ക് പൂര്‍ണമായും ഭേദമായില്ലെങ്കില്‍ താരം കളിക്കില്ല. റോട്ടേഷന്‍ സംവിധാനത്തില്‍ കടുംപിടുത്തം തുടരുന്ന ഇംഗ്ലണ്ട് മാനേജ്മെന്റ് നേരത്തെ സ്പിന്നര്‍ മോയീന്‍ അലി കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. റോട്ടേഷന്‍ സംവിധാനത്തില്‍ മാറ്റമില്ലാതെയാണ് മൂന്നാം ടെസ്റ്റിന് ടീമിനെ പ്രഖ്യാപിക്കുന്നതെങ്കില്‍ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും ഒന്നിച്ച് അവസരം ലഭിക്കില്ല.
ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ്മ , ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി (നായകന്), അജിന്‍ക്യെ രെഹാനെ, ഋഷഭ് പന്ത്, ആര്. അശ്വിന്, അക്സര്‍ പട്ടേല്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ