INDIA VS ENGLAND

അക്‌സറും അശ്വിനും എറിഞ്ഞിടുന്നു; ആഞ്ഞുപിടിച്ചാല്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം നേടാം, ആറെണ്ണം വീണു

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് വിജയത്തിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തിട്ടുണ്ട്. അക്‌സര്‍ പട്ടേലും രവിചന്ദ്ര അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ നാല് പേര്‍ രണ്ടക്കം കാണുന്നതിന് മുന്‍പ് പുറത്തായി. 19 റണ്‍സുമായി ഡാന്‍ ലോറന്‍സും 6 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സുമാണ് ക്രീസിലുള്ളത്. 30 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടാണ് രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.

പരിക്കേറ്റ പേസര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് കൂടുതല്‍ വിശ്രമം നല്‍കാന്‍ തീരുമാനമെടുത്താണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് സിറാജിനൊപ്പം അക്‌സര്‍ പട്ടേല്‍ ബൗളിംഗ് ആക്രമണത്തിന് തുടക്കം കുറിച്ചു. സ്‌കോര്‍ 10 റണ്‍സില്‍ നില്‍ക്കെ ക്രോളി വീണു, പിന്നാലെയെത്തിയ ബെയര്‍‌സ്റ്റോ ആദ്യ പന്തില്‍ തന്നെ പുറത്തായി.

തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ട് തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണു ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇംഗ്ലണ്ടിന് 69 റണ്‍സ് കൂടെ വേണം. കഴിഞ്ഞ മൂന്ന് ടെസ്റ്റിലും 50 റണ്‍സിന്‍റെ കൂട്ടുക്കെട്ട് ഉയർത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 365 റണ്‍സിന് അവസാനിച്ചു. സെഞ്ച്വറി നേടിയ ഋഷഭ് പന്തും(101), അര്‍ധസെഞ്ച്വറി നേടിയ വാഷിംഗ്ടണ്‍ സുന്ദറുമാണ് (96) ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. ഒരറ്റത്ത് പുറത്താവാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറിന് നിര്‍ഭാഗ്യം മൂലമാണ് സെഞ്ച്വറി നഷ്ടമായത്.

ഇന്ത്യയുടെ അവസാന മൂന്ന് വിക്കറ്റുകളും വീണത് സ്‌കോര്‍ 365ല്‍ നില്‍ക്കെയായിരുന്നു. അക്‌സര്‍ പട്ടേല്‍ റൗണ്ണാട്ടയതിന് പിന്നാലെ എത്തിയ സിറാജിനും ഇഷാന്ത് ശര്‍മ്മയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇരുവരും പൂജ്യം റണ്‍സിനാണ് പുറത്തായത്. ഇന്ത്യക്ക് 161 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുയര്‍ത്താനായി.

ഏഴ് വിക്കറ്റിന് 294 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയെ അക്‌സര്‍ പട്ടേലും(43) സുന്ദറും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. മുന്‍നിര പരാജയപ്പെട്ട ഇന്നിംഗ്‌സില്‍ മധ്യനിരയില്‍ പന്തും വാലറ്റത്തും സുന്ദറും പട്ടേലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ തുണച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് 4 വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സണ് മൂന്നും ജാക്ക് ലീച്ചിന് രണ്ടും വിക്കറ്റുകള്‍ ലഭിച്ചു. 49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 27 റണ്‍സെടുത്ത അജിന്‍ക്യെ രെഹാനയും മാത്രമാണ് മുന്‍നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ശുഭ്മാന്‍ ഗില്ലും നായകന്‍ വിരാട് കോഹ്‌ലിയും ഉള്‍പ്പെടെ നാല് പേരാണ് പൂജ്യരായി മടങ്ങിയത്.

Latest News