നിര്‍ഭാഗ്യം, സുന്ദറിന്റെ സെഞ്ച്വറിക്ക് 4 റണ്‍സ് അകലെ ഇന്ത്യ വീണു; 161 റണ്‍സിന്റെ ലീഡ്

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 365 റണ്‍സിന് അവസാനിച്ചു. സെഞ്ച്വറി നേടിയ ഋഷഭ് പന്തും(101), അര്‍ധസെഞ്ച്വറി നേടിയ വാഷിംഗ്ടണ്‍ സുന്ദറുമാണ് (96) ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല്. ഒരറ്റത്ത് പുറത്താവാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറിന് നിര്‍ഭാഗ്യം മൂലമാണ് സെഞ്ച്വറി നഷ്ടമായത്. അവസാന മൂന്ന് വിക്കറ്റുകളും വീണത് സ്കോര്‍ 365ല്‍ നില്‍ക്കെയായിരുന്നു. അക്സര്‍ പട്ടേല്‍ റൗണ്ണാട്ടയതിന് പിന്നാലെ എത്തിയ സിറാജിനും ഇഷാന്ത് ശര്‍മ്മയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇരുവരും പൂജ്യം റണ്‍സിനാണ് പുറത്തായത്. ഇതോടെ ഇന്ത്യക്ക് 161 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുയര്‍ത്താനായി.
ഏഴ് വിക്കറ്റിന് 294 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയെ അക്സര്‍ പട്ടേലും(43) സുന്ദറും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. മുന്‍നിര പരാജയപ്പെട്ട ഇന്നിംഗ്സില്‍ മധ്യനിരയില്‍ പന്തും വാലറ്റത്തും സുന്ദറും പട്ടേലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ തുണച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്സ് 4 വിക്കറ്റെടുത്തു. ജെയിംസ് ആന്ഡേഴ്സണ് മൂന്നും ജാക്ക് ലീച്ചിന് രണ്ടും വിക്കറ്റുകള്‍ ലഭിച്ചു.
49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 27 റണ്‍സെടുത്ത അജിന്‍ക്യെ രെഹാനയും മാത്രമാണ് മുന്‍നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ശുഭ്മാന്‍ ഗില്ലും നായകന് വിരാട് കോഹ്ലിയും ഉള്‍പ്പെടെ നാല് പേരാണ് പൂജ്യരായി മടങ്ങിയത്. മൂന്നാം ദിനം ഇംഗ്ലണ്ടിനെ വേഗത്തില്‍ പുറത്താക്കി മത്സരം വരുതിയിലാക്കാനാവും ഇന്ത്യ ശ്രമിക്കുക.