Top

ബും ബും..അശ്വമേധം; ഓസ്‌ട്രേലിയ വീണു, ഇന്ത്യക്ക് 62 റണ്‍സ് ലീഡ്‌

ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 62 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 244 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയരുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ടിം പെയിനും, മാര്‍നസ് ലെബുഷാനയും മാത്രമാണ് ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. നാല് വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനും, രണ്ട് വിക്കറ്റ് നേടി ജസ്പ്രിത് ബുംറയുടേയും പ്രകടനമാണ് ആതിഥേയരുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് പൃത്വി ഷായെ നഷ്ടമായി. […]

18 Dec 2020 5:26 AM GMT

ബും ബും..അശ്വമേധം; ഓസ്‌ട്രേലിയ വീണു, ഇന്ത്യക്ക് 62 റണ്‍സ് ലീഡ്‌
X

ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 62 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 244 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയരുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ടിം പെയിനും, മാര്‍നസ് ലെബുഷാനയും മാത്രമാണ് ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. നാല് വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനും, രണ്ട് വിക്കറ്റ് നേടി ജസ്പ്രിത് ബുംറയുടേയും പ്രകടനമാണ് ആതിഥേയരുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് പൃത്വി ഷായെ നഷ്ടമായി. മായങ്ക് അഗര്‍വാളും ജസ്പ്രിത് ബുംറയുമാണ് ക്രീസില്‍.

ഇത് താണ്ട ബൗളിംഗ്!

ഓസ്‌ട്രേലിയന്‍ ബൗളിംഗ് നിര എങ്ങനെ ഇന്ത്യയെ കൈകാര്യം ചെയ്‌തൊ അതിലും ആധിപത്യത്തോടെയാണ് ബുംറയും കൂട്ടരും വിക്കറ്റുകള്‍ പിഴുതത്. തുടക്കമിട്ടത് ബുംറ തന്നെ ആയിരുന്നു. ഓപ്പണര്‍മാരായ മാത്യു വെയ്ഡിനേയും, ജോ ബേണ്‍സിനേയും വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്‌കോര്‍ 29ല്‍ നില്‍കെ രണ്ട് പേരെയും ആതിഥേയര്‍ക്ക് നഷ്ടമായി.

അടുത്തത് രവിചന്ദ്രന്‍ അശ്വിന്റെ ഊഴമായിരുന്നു. ഓസ്‌ട്രേലയയുടെ മധ്യ നിരയെ അശ്വിന് അങ്ങ് എടുക്കുന്ന കാഴ്ചയാണ് അഡ്‌ലൈഡില്‍ കണ്ടത്. ആദ്യം ലോക ഒന്നാം നമ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ രഹാനയുടെ കൈകളില്‍ എത്തിച്ചു. 29 പന്ത് അതിജീവിച്ച സ്മിത്ത് നേടിയത് ഒരു റണ്‍സ് മാത്രം.

പിന്നാലെയെത്തിയ ട്രാവിസ് ഹെഡിനും, കാമറൂണ്‍ ഗ്രീനിനും പിടിച്ച് നില്‍ക്കാനായില്ല. ഹെഡ് ഏഴും, ഗ്രീന്‍ 11 റണ്‍സുമെടുത്ത് പുറത്തായി. കോഹ്ലിയുടെ ഉജ്വല ക്യാച്ചായിരുന്നു ഗ്രീനിനെ മടക്കിയത്. നായകന്‍ ടിം പെയിന് പിന്തുണ നല്‍കുക എന്ന റോള്‍ കൃത്യമായി പിന്തുടര്‍ന്ന നാഥാന്‍ ലിയോണിനേയും അശ്വന്‍ തന്നെയാണ് മടക്കിയത്.

ബുംറക്കും അശ്വിനും നേടാനാകാത്ത പോയ ബിഗ് ഫിഷ് മാര്‍നസ് ലെബുഷാനയുടെ അതിജീവനത്തിന്റെ കഥ 54-ാം ഓവറില്‍ ഉമേഷ് അവസാനിപ്പിച്ചു. ബാറ്റ് വീശാന്‍ കഴിവുള്ള പാറ്റ് കമ്മിന്‍സിനെ പൂജ്യനാക്കി മടക്കാനും താരത്തിനായി.

ഇനിയും അവസരം വേണൊ?

മാര്‍നസ് ലെബുഷാനെ. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും കഴിഞ്ഞാല്‍ ഓസിസ് നിരയിലെ മികച്ച ബാറ്റ്‌സ്മാന്‍. ഇക്കാര്യം ഇന്ന് ഫീല്‍ഡിങ്ങിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ മറന്നു പോയൊ എന്ന് മാത്രമെ സംശയം ഉള്ളു. 22 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ക്കുന്നതിനിടെ നാല് തവണയാണ് ഇന്ത്യ ലെബുഷാനയെ സഹായിച്ചത്.

ആദ്യ അവസരം വീണ് കിട്ടിയത് പൂജ്യത്തില്‍ നില്‍കെ. ബുംറയുടെ പന്ത് താരത്തിന്റെ ബാറ്റില്‍ ഉരസി സാഹയിലേക്ക്. ഡൈവ് ചെയ്തിട്ടും പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ സാഹക്കായില്ല. അടുത്തത് സാക്ഷാല്‍ ബുംറ തന്നെ. ഇത്തവണ വിക്കറ്റ് നഷ്ടം ഷമിക്കായി എന്ന് മാത്രം.

ഷമിയുടെ പന്ത് പുള്‍ ഷോട്ടിന് മാര്‍നസ് ശ്രമിച്ചു. എന്നാല്‍ ടൈമിങ്ങിലെ കൃത്യതക്കുറവ് തിരിച്ചടിയായി. അനായാസം ബുംറയുടെ കൈകളിലേക്ക് പന്ത് എത്തി. എന്നാല്‍ ഡൈവ് ചെയ്യുന്നതിനിടെ ബുംറക്ക് പിഴച്ചു. മൂന്നാം തവണ വീണ്ടും ബുംറയുടെ പന്തില്‍ അവസരം.

23-ാം ഓവറിലെ നാലാം പന്ത് ലെബുഷാനെ പുള്‍ ഷോട്ടിന് വീണ്ടും ശ്രമിച്ചെങ്കിലും ഇത്തവണയും പാളി. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് സ്‌ക്വയര്‍ ലെഗിലേക്ക്. പൃത്വി ഷായുടെ കാര്യം അല്‍പം കഷ്ടം എന്ന് തന്നെ പറയാം. ലെബുഷാനെ നല്‍കിയതില്‍ ഏറ്റവും എളുപ്പമുള്ള ക്യാച്ച് ഷാ കളഞ്ഞു. ഒടുവില്‍ 47ല്‍ നില്‍കെ ഉമേഷ് യാദവിന് മുന്നില്‍ ഓസീസ് താരം കീഴടങ്ങി.

ക്രീസിലെത്തി, മടങ്ങി; 11-4

233-6 എന്ന നിലയില്‍ രണ്ടാം ദിവസം കളിയാരംഭിച്ച ഇന്ത്യക്ക് വെറും 11 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. രവിചന്ദ്രന്‍ അശ്വിന്‍ (15), വൃദ്ധിമാന്‍ സാഹ (9), ഉമേഷ് യാദവ് (6), മൊഹമ്മദ് ഷമി (0) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നാല് റണ്‍സ് നേടിയ ജസ്പ്രിത് ബുംറ പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റേയും, പാറ്റ് കമ്മിന്‍സിന്റേയും പ്രകടനമാണ് ഇന്ത്യയെ 244ല്‍ ഒതുക്കിയത്. സ്റ്റാര്‍ക്ക് നാലും കമ്മിന്‍സ് മൂന്നും വിക്കറ്റെടുത്തു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാരയും (43), ഉപനായകന്‍ അജിങ്ക്യ രഹാനയും (42) കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കി.

Next Story

Popular Stories