Top

രാജ്‌ദീപ് സർദേശായിക്ക് ശിക്ഷ; പ്രൈം ടൈമിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്ന മറ്റുള്ളവരെ ഇന്ത്യ ടുഡേ എന്ത് ചെയ്‌തു?

29 Jan 2021 5:24 AM GMT
ആയുഷ് തിവാരി

രാജ്‌ദീപ് സർദേശായിക്ക് ശിക്ഷ;  പ്രൈം ടൈമിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്ന മറ്റുള്ളവരെ ഇന്ത്യ ടുഡേ എന്ത് ചെയ്‌തു?
X

ടെലിവിഷൻ വാർത്തകളുടെ ലോകത്തെ സംഭവബഹുലമായ ഒരു ദിവസമായിരുന്നു ഇന്നലെ. പ്രൈം ടൈം തുടങ്ങുന്നതിന് മുൻപായി തന്നെ ഇന്ത്യ ടുഡേ രാജ്‌ദീപ് സർദേശായിയെ സ്‌ക്രീനിൽ നിന്നും മാറ്റിക്കൊണ്ട് ഉത്തരവിറക്കി. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ടൈംസ് നൗവിന്റെ നവിക കുമാറിനെതിരെ കേസുകൊടുത്തു.

അർണബിന്റെയും നവികയുടെയും പ്രശ്‌നം അവർ പരസ്‌പരം തീർക്കട്ടെ എന്നുവെക്കാം. എന്നാൽ സർദേശായിക്കെതിരെയുള്ള നടപടി ടിവി സ്റ്റുഡിയോകളിലെ മാധ്യമ ധർമത്തെക്കുറിച്ചും നൈതികതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

കർഷക റാലി തെറ്റായി റിപ്പോർട്ട് ചെയ്‌തു എന്നാരോപിച്ച്, വ്യാഴാഴ്ച, ഇന്ത്യടുഡേ രജ്‌ദീപ് സർദേശായിക്കെതിരെ കടുത്ത നടപടിയെടുത്തു. ചാനലിന്റെ കൺസൾട്ടിങ് എഡിറ്റർ പദവിയിൽ നിന്നും ഓൺ എയറിൽ നിന്നും രണ്ടാഴ്ചത്തേക്ക് മാറ്റിനിർത്താൻ തീരുമാനിച്ചു. നല്ല അനുഭവസമ്പത്തുള്ള, പ്രക്ഷോഭം നയിക്കുന്ന കർഷകരിൽ നിന്നും റാലിയുടെ ദിവസം എതിർപ്പ് നേരിട്ട, ആങ്കറിന്‌ ഒരു മാസത്തെ ശമ്പളവും നിഷേധിച്ചിരിക്കുകയാണ്.

കൃത്യമല്ലാത്ത വാർത്താ റിപ്പോർട്ടിങ്ങിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടപടി എടുത്തതിന് ചാനലിനെ അഭിനന്ദിക്കുക തന്നെ വേണം. (വിവിധ മാധ്യമങ്ങളിലൂടെ ക്ഷമ പറഞ്ഞു എന്നിരിക്കെ തന്നെ.) എന്നാൽ മാധ്യമപ്രവർത്തനത്തിന്റെ ഈ ഉദാത്ത മാതൃക പ്രൈം ടൈം തകർക്കുന്ന ഇന്ത്യ ടുഡേയുടെ മറ്റ് മാധ്യമപ്രവർത്തകർക്ക് കൂടി ബാധകമാകേണ്ടതുണ്ട്.

അവരിൽ മുന്നിലുള്ള നാലുപേർ ഇവരൊക്കെ:

ഗൗരവ് സാവന്ത്

ടെലിവിഷൻ വാർത്തകളുടെ ബാബുറാവു ഗണപത്റാവു ആപ്‌തെയായ സാവന്ത് ഇന്ത്യ ടുഡേയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററാണ്. 2017 ഡിസംബറിൽ കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ഒരു 21വയസുകാരന്റെ ശരീരം അഴുകിയ നിലയിൽ കണ്ടെത്തി. എന്നാൽ മൃതശരീരത്തിന്റെ കൈകാലുകൾ ഛേദിക്കപ്പെട്ടിരുന്നുവെന്നും ലൈംഗീകാവയങ്ങൾ മുറിച്ചുമാറ്റപ്പെട്ടിരുന്നു എന്നുമുള്ള സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ മുഖവിലക്കെടുത്ത് പ്രൈം ടൈം ചർച്ച നടത്തി സാവന്ത്. കർണാടക പോലീസ് ഈ വാർത്ത നിഷേധിക്കുകയും അത് വ്യാജമാണെന്ന് ആൾട്ട് ന്യൂസ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇന്ത്യ ടുഡേ വാർത്ത പിൻവലിച്ചു.

2019ൽ ചരിത്രകാരന്മാരെ തീവ്രവാദികൾ സാവന്ത് തന്റെ ഷോയിൽ പരാമർശിച്ചു, സംഭവിക്കാത്ത ഒരു ഐസിസ് ആക്രമണം അസമിൽ നടന്നുവെന്ന് കണ്ടെത്തി. 2018 മെയ് മാസത്തിൽ ഇന്ത്യ-പാക് അതിർത്തിയിൽ വലിയ കുഴപ്പങ്ങളാണെന്ന് വ്യാജ്യപ്രചരണം നടത്തി ഡിജിറ്റൽ ദേശീയത ഉയർത്തി. എന്നാൽ സാവന്തിന്റെ തള്ളി സൈന്യം തന്നെ രംഗത്തുവന്നു.

പഴ വീഡിയോകൾ പൊക്കിക്കൊണ്ടുവന്ന് തങ്ങളുടെ റിപ്പോർട്ടർമാർ ഇപ്പോൾ ഫീൽഡിൽ നിന്നും റിപ്പോർട് ചെയ്യുകയാണെന്ന് പറഞ്ഞ് "ബ്രേക്കിംഗ് ന്യൂസ്" കൊടുത്തു. 2016ൽ പാകിസ്ഥാൻ സൈന്യം നോർത്ത് വസീറിസ്ഥാനിൽ ചെറുപീരങ്കി ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ എടുത്ത് 2018 ജനുവരിയിൽ പാകിസ്ഥാൻ കശ്‌മീരിൽ ആക്രമണം നടത്തുകയാണെന്ന് പറഞ്ഞ് വാർത്ത നൽകി.

ബുർഹാൻ വാണിയുടെ മരണത്തെ തുടർന്ന് കശ്‌മീർ താഴ്വരയിൽ പ്രക്ഷോഭം കനപ്പെട്ടപ്പോൾ കല്ലെറിയുന്ന യുവാവിന്റെ "എക്സ്ക്ലൂസീവ് വീഡിയോ" സാവന്ത് പുറത്തുവിട്ടു. എന്നാൽ അത് 2008ലെ വീഡിയോ ആണെന്ന് പിന്നീട് തെളിഞ്ഞു. ഇതൊക്കെയും പ്രതികൂലമായി ബാധിച്ചതും വിശ്വാസ്യത ഇല്ലാതാക്കിയതും സാവന്തിന്റെ സഹപ്രവർത്തകരുടേത് കൂടിയായിരുന്നു. "ഞങ്ങളുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്ന്" ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകൻ ന്യൂസ് ലോൺഡ്രിയോട് പറഞ്ഞു.

രോഹിത് സർദാന

ഇന്ത്യ ടുഡേ നെറ്റ്‌വർക്കിന്റെ ഹിന്ദി ന്യൂസ് ചാനൽ ആജ് തകിലെ ന്യൂസ് ആങ്കറാണ് സർദാന.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ, ഗൽവാൻ അതിർത്തിയിൽ നടന്ന ഇന്ത്യ ചൈന സംഘർഷത്തിൽ 40 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് സർദാന കളവ് പറഞ്ഞു. ചൈനയിലെ ഒരു സെമിത്തേരിയുടെ വീഡിയോ കാണിച്ച് കൊല്ലപ്പെട്ട സൈനികരുടെ ഭൗതിക ശരീരങ്ങൾ അവിടെ അടക്കിയിരിക്കുന്നു എന്നുവരെ പറഞ്ഞു. അക്‌സായി ചിന്നിലെ കാങ്ക്‌സിവ പ്രദേശത്തുള്ള ഈ ശവകുടീരങ്ങൾ എന്നാൽ 1962ലെ ഇന്തോ-ചൈന യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടേതാണെന്ന് മാത്രം.

നവംബർ 2020ൽ ഇന്ത്യ "പാകിസ്ഥാൻ തീവ്രവാദികൾക് നേരെ മറ്റൊരു വ്യോമാക്രമണം" നടത്തിയിരിക്കുന്നു എന്ന് തന്റെ പ്രേക്ഷകരോട് സർദാന പറഞ്ഞു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിരുന്നില്ല. പ്രസ് ഇൻഫർമേഷൻ ബ്യൂറോതന്നെ ഇത് വ്യാജമാണെന്ന് വ്യക്ത്തമാക്കി.

ഉത്തർ പ്രദേശിലെ കാസ്ഗഞ്ചിൽ മുസ്‌ലിം-ഹിന്ദു വിഭാഗക്കാർക്കിടയിൽ 'തിരംഗ യാത്രയെ' തുടർന്ന് 2018ൽ നടന്ന അക്രമത്തിന്റെ വാർത്തക്കിടെ വർഗീയ വിഷം ചീറ്റുകയായിരുന്നു സർദാന. ആൾട്ട് ന്യൂസ് പറയുന്നത് പ്രകാരം മുസ്‌ലിം വിഭാഗക്കാർ കലിപൂണ്ടിരിക്കുകയാണെന്ന കെട്ടുകഥ ഇറക്കുകയായിരുന്നു സർദാന. "കാസ്ഗഞ്ചിലെ രാജ്യദ്രോഹികൾക്കെതിരെ സർക്കാർ നടപടിയെടുക്കുമോ?" എന്ന് സർദാന ഓൺ എയറിൽ ചോദിച്ചു. "ഹിന്ദുസ്ഥാനിൽ ത്രിവർണക്കൊടി ഉയർത്താനാകില്ലെങ്കിൽ പിന്നെ പാകിസ്ഥാനിലാണോ അത് പാറുക?" എന്നും അദ്ദേഹം ചോദിച്ചു.

ദിവസങ്ങൾക്കുള്ളിൽ കാസ്ഗഞ്ചിലെ മജിസ്‌ട്രേറ്റും ആജ് തകിന്റെ റിപോർട്ടർമാരും സർദാനയുടെ കഥകൾ തെറ്റെന്ന് തള്ളി.

രാഹുൽ കൻവൽ

ഇന്ത്യ ടുഡേയുടെ ന്യൂസ് ഡയറക്ടറാണ്, അന്വേഷണാത്മക മാധ്യമപ്രവർത്തകൾ ബോബ് വുഡ്‌വാർഡിന്റെ നേർ വിപരീതം, കൻവൽ. രാഹുൽ കൻവൽ അന്വേഷിച്ചു കണ്ടെത്തിയ "സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ" കഴിഞ്ഞ വർഷം ഏപ്രിൽ 10ന് ഇന്ത്യ ടുഡേ പുറത്തുവിട്ടു. "മദ്രസ ഹോട്ട്സ്പോട്ട്" എന്നായിരുന്നു തലക്കെട്ട്. രാജ്യ തലസ്ഥാനത്തെ മൂന്ന് മദ്രസകളിലെ മേൽനോട്ടക്കാരെ ഒളിക്യാമറയിൽ പകർത്തി രണ്ട് അവകാശവാദങ്ങളാണ് റിപ്പോർട്ട് മുന്നോട്ടുവെച്ചത്. മൂന്ന് മദ്രസകളിലും അങ്ങേയറ്റം ഇടുങ്ങിയ സ്ഥലങ്ങളിൽ, പൊലീസിൽ നിന്നും മറച്ച്, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുട്ടികളെ പാർപ്പിച്ചിരിക്കുന്നതെന്നും അവർക്ക് തബ്‌ലീഗ് ജമാഅത്തുമായി ബന്ധമുണ്ടെന്നും ആരോപിച്ചു.

ഇവ രണ്ടും കള്ളമായിരുന്നു. കുട്ടികളെ മദ്രസയിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നില്ല. കൊവിഡ് പശ്ചാത്തലത്തിൽ യാത്രകൾ നിരോധിച്ചുകൊണ്ട് സർക്കാർ നിർദേശം വന്നതിനാലും കാമ്പസുകളിൽ കുട്ടികളെ താങ്ങാൻ അനുവദിച്ചിരുന്നതിനാലുമാണ് അവർ മദ്രസകളിൽ ഉണ്ടായിരുന്നത്. ഈ മേൽനോട്ടക്കാർ തന്നെ തങ്ങൾക്ക് തബ്‌ലീഗ് ജമാഅത്തുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ദില്ലി പോലീസ് ഇത് സ്ഥിരീകരിക്കുകയും ചെയ്‌തു.

അതേ മാസം തന്നെ ഹൈഡ്രോക്ളോറോക്വിൻ നൽകുന്നതിന് പകരമായി അമേരിക്കയിൽ നിർമിക്കുന്ന കൊവിഡ് വാക്‌സിൻ ആദ്യം ഇന്ത്യക്ക് ലഭിക്കുമെന്ന വ്യാജവാർത്ത ട്വീറ്റ് ചെയ്‌തു.

അഞ്ജന ഓം കശ്യപ്

ഗ്രൗണ്ട് റിപ്പോർട്ടിങ് എത്രത്തോളം തരംതാഴാം എന്ന് 2019ലെ ബീഹാർ മുസാഫാർപൂർ ആശുപത്രിയിലെ മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്‌ത് കാണിച്ചുതന്നു. ഡസൻ കണക്കിന് കുട്ടികൾ മരിച്ചുകൊണ്ടിരിക്കുന്നു, അസുഖബാധിതനായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഡോക്റ്റർമാർ പരക്കം പായുന്നു, അതിനിടയിൽ ആശുപത്രി വാർഡിലേക്ക് ഇടിച്ചുകയറി ആക്രോശിക്കുകയാണ് അവർ. സ്വർണ നിറത്തിലുള്ള മൈക്ക് ഡോക്ടർമാർക്ക് നേരെ പിടിച്ചു.

"ഞാൻ എന്റെ മൈക്ക് ഓൺ ചെയ്തില്ലായിരുന്നുവെങ്കിൽ നിങ്ങളൊന്നും ഇപ്പോൾ ജോലിക്കെത്തിലായിരുന്നു," അവർ ആക്രോശിച്ചു.

ഈ സംഭവത്തിന് കൃത്യം ഒരു മാസം മുൻപ്, പശ്ചിമ ബംഗാൾ ചീഫ് മിനിസ്റ്റർ മമതാ ബാനർജിയുടെ ഒരു പ്രസ്താവന തെറ്റായി റിപ്പോർട് ചെയ്‌തു. പ്രധാനമന്ത്രിയുടെ മുഖത്തടിക്കുമെന്ന് മമതാ ബാനർജി പറഞ്ഞു എന്നാണ് അവർ വാർത്ത നൽകിയത്. ആൾട്ട് ന്യൂസ് വ്യക്തമാക്കുന്നത് പ്രകാരം "tight slap of democracy" എന്നാണ് മമത ബാനർജി പറഞ്ഞത്. അതായത് ജനാധിപത്യം കൊണ്ട് മോദിക്ക് തക്കതായ മറുപടി നൽകും എന്ന അർത്ഥത്തിൽ.

ഫെബ്രുവരി 2018ൽ മുസ്‌ലിം മതപണ്ഡിതൻ മൗലാനാ ആത്തിഫ് ഖാദിരി പറഞ്ഞു എന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് ഉദ്ധരിച്ച് വാർത്ത നൽകി. ഒരു മാസത്തിന് ശേഷം, 20 ആം ആദ്‌മി പാർട്ടി എം എൽ എ മാരെ അയോഗ്യരാക്കി എന്ന് ഡൽഹി ഹൈക്കോടതി വിധി തെറ്റായി വാർത്ത നൽകി.

ശ്വേത സിംഗ്

2000 നോട്ടിന്റെ ജിപിഎസ്-നാനോ ടെക്നോളജി സംവിധാനത്തിൻെറ ഉപജ്ഞാതാവായിരുന്നു ശ്വേത സിംഗ്. ന്യൂസ് ആങ്കറിങ്ങിന്റെ മറ്റൊരു ലോകം തന്നെ.

രാജ്‌ദീപ് ചെയ്തതെന്ത്?

ജനുവരി 26ന് രാത്രി പ്രക്ഷേപണം ചെയ്‌ത വാർത്താ ബുള്ളറ്റിനിൽ, കർഷകൻ നവനീത് സിംഗ് മരിച്ചത് പൊലീസ് വെടിവെച്ചതാണെന്ന് പറഞ്ഞത് എടുത്തുചാട്ടമായില്ലേ എന്ന് ആങ്കർ ശിവ് അരൂർ സർദേശായിയോട് ചോയ്ക്കുന്നുണ്ട്. "എടുത്തുചാട്ടത്തിനും അപ്പുറമായിപ്പോയി" എന്ന് സർദേശായി മറുപടി പറഞ്ഞു. മാത്രമല്ല, ട്രാക്ടർ മറിഞ്ഞാണ് കർഷകർ മരിച്ചതെന്ന പോലീസ് വാദമാണ് കർഷകർ അവകാശപ്പെടുന്നതിനേക്കാൾ വിശ്വസനീയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകന്റെ മരണവുമായി ബന്ധപ്പെട്ട വസ്‌തുതകൾ തെറ്റായി റിപ്പോർട് ചെയ്‌തതിന് സർദേശായിയെ തീർച്ചയായും നമുക്ക് പ്രതിസ്ഥാനത്ത് നിർത്താം. കർഷക രോഷം കൈവിട്ട് പോയേക്കാവുന്ന തരത്തിൽ സർദേശായി സാഹസം കാട്ടുകയുമായിരുന്നു. ഈ വിഷയത്തിലെ നിലവിലറിയുന്ന വസ്‌തുതകൾ പ്രകാരം സർദേശായിയും ചാനലും വിവിധ മാർഗങ്ങളിലൂടെ ഖേദം പ്രകടിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ആ അളവിലേക്ക് പോയില്ലെങ്കിലും, ചില വിശദീകരണങ്ങൾ നൽകി.

സാവന്തോ സർദാനയോ കൻവലോ കശ്യപോ ഇവിടെ പരാമർശിച്ചിട്ടുള്ള വ്യാജവാർത്തകളുടെ പേരിൽ ഒരിക്കലും വിശദീകരണങ്ങൾ നൽകിയിട്ടില്ല. ഒരു ഗൂഗിൾ സേർച്ച് കൊണ്ട് മാത്രം തിരുത്താവുന്ന കള്ളത്തരങ്ങൾ വാർത്തകളാക്കി വിളമ്പി എന്ന് മാത്രമല്ല, സത്യങ്ങളെ വളച്ചൊടിച്ചു, സമൂഹത്തിൽ ശക്തിയില്ലാത്തവരെ ലക്ഷ്യംവെച്ചു, കൂടാതെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വെറുപ്പ് പ്രസരിപ്പിച്ചു.

ന്യൂസ് ലോൺട്രിയിൽ ആയുഷ് തിവാരി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Next Story

Popular Stories