സ്പുട്നിക് v: 300ദശലക്ഷത്തോളം ഡോസുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ

അടുത്ത വർഷത്തോടെ റഷ്യൻ കൊറോണ വാക്സിനായ സ്പുട്നിക് vന്റെ 300ദശലക്ഷത്തോളം ഡോസുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്ന് റഷ്യൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഉണ്ടായിരുന്നതിലും മൂന്നിരട്ടി കൂടുതൽ നിർമ്മാതാക്കളുമായി ഇതിനായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അവർ അറിയിക്കുന്നു.

ഇന്ത്യയിൽ നിർമ്മിച്ച സ്പുട്നിക് vന്റെ ആദ്യ സാമ്പിളുകൾ റഷ്യ ഇതിനകം പരീക്ഷിച്ചിട്ടുണ്ടെന്നാണ് ന്യൂഡൽഹിയിലെ റഷ്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിൽ നാല് വൻകിട നിർമാതാക്കളുമായി തങ്ങൾ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും, അടുത്ത വർഷം ഇന്ത്യ 300 ദശലക്ഷമോ അതിൽ കൂടുതലോ വാക്സിനുകൾ ഉത്പാദിപ്പിക്കുമെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർ‌ഡി‌ഐഎഫ്) മേധാവി ദിമിത്രീവ് റോസിയ പറഞ്ഞു.

91 ശതമാനത്തിൽ കൂടുതൽ വിജയസാധ്യത തെളിയിച്ചിട്ടുള്ള സ്പുട്നിക് v ന്റെ100 ദശലക്ഷത്തിലധികം ഡോസ് നിർമ്മിക്കുന്നതിനുള്ള കരാർ ഹെറ്റെറോ ബയോഫാർമ ഇതിനകം ആർ‌ഡി‌ഐഎഫുമായി ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവായ ഇന്ത്യ കൊവിഡ് വാക്സിനുകൾക്കായുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായി രാജ്യം ഔഷധവ്യവസായത്തിന്റെ അടിത്തറയും ശേഷിയും നിക്ഷേപവും വർധിപ്പിക്കുകയാണ്.

ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും വേറെയേതെല്ലാം ഇന്ത്യൻ കമ്പനികളാണ് വാക്സിൻ നിർമ്മിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

Latest News