Top

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ അന്വേഷണം; യുഎന്നിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ, നിലപാട് മാറ്റത്തിന്റെ തുടരെയുള്ള സൂചനകള്‍

ഗാസയിലും ജറുസലേമിലുമുള്‍പ്പെടെ പാലസ്തീന്‍ ജനങ്ങള്‍ക്കെതിരെ നടന്ന മനുഷ്യാകാശ ലംഘനങ്ങളില്‍ അന്വേഷണം നടത്താന്‍ വേണ്ടിയുള്ള പ്രമേയത്തിനായി യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. ഇന്ത്യക്കൊപ്പം 13 രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. അതേസമയം 24 അംഗരാജ്യങ്ങളാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്. 9 രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഗാസയില്‍ നടന്ന ആക്രമങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ വെക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനാണ് വോട്ടെടുപ്പ് നടന്നത്. ഇന്ത്യയുടെ വിട്ടു നില്‍ക്കല്‍ […]

28 May 2021 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ അന്വേഷണം; യുഎന്നിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ, നിലപാട് മാറ്റത്തിന്റെ തുടരെയുള്ള സൂചനകള്‍
X

ഗാസയിലും ജറുസലേമിലുമുള്‍പ്പെടെ പാലസ്തീന്‍ ജനങ്ങള്‍ക്കെതിരെ നടന്ന മനുഷ്യാകാശ ലംഘനങ്ങളില്‍ അന്വേഷണം നടത്താന്‍ വേണ്ടിയുള്ള പ്രമേയത്തിനായി യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. ഇന്ത്യക്കൊപ്പം 13 രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. അതേസമയം 24 അംഗരാജ്യങ്ങളാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്. 9 രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു.

ഗാസയില്‍ നടന്ന ആക്രമങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ വെക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനാണ് വോട്ടെടുപ്പ് നടന്നത്. ഇന്ത്യയുടെ വിട്ടു നില്‍ക്കല്‍ പാലസ്തീന്‍ വിഷയത്തില്‍ രാജ്യത്തിന്റെ നയത്തില്‍ മാറ്റം വരുത്തുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. യുഎന്‍ മനുഷ്യാകാശ സമിതിയിലെ ഇന്ത്യയുടെ പ്രസ്താവനയില്‍ പാലസ്തീന്‍ പ്രശ്‌നങ്ങളില്‍ ശക്തമായ പിന്തുണയെന്ന വാക്കുകളും ഇല്ലായിരുന്നു.

മെയ് 16ന് യുഎന്‍ സുരക്ഷാ സമിതിയില്‍ ഇന്ത്യന്‍ പ്രതിനിധി നല്‍കിയ പ്രസ്താവനയില്‍ പാലസ്തീനെ ശക്തമായി പിന്തുണയ്ക്കുന്നെന്നും ഇസ്രായേല്‍-പാലസ്തീന്‍ തര്‍ക്കത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ അനുകൂലിക്കുന്നെന്നുമായിരുന്നു ഇന്ത്യയുടെ പ്രസ്താവന. എന്നാല്‍ പിന്നീട് നടത്തിയ പ്രസ്താവനകളില്‍ ഈ വാചകം നീക്കം ചെയ്യപ്പെടുകയാണുണ്ടായത്. മെയ് 20 ന് യുഎന്നിന്റെ ഇന്ത്യന്‍ പ്രതിനിധി യുഎന്‍ജിഎയില്‍ നടത്തിയ പ്രസ്താവനയിലും പാലസ്തീന് ശക്തമായ പിന്തുണ എന്ന വാചകം ഇല്ലായിരുന്നു.

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ പരസ്യമായി തങ്ങളെ പിന്തുണച്ചില്ലെങ്കിലും ഇന്ത്യ ഇസ്രായേലിനെ സൈനിക നടപടികളെ മനസ്സിലാക്കിയിരുന്നെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ പ്രതിനിധിയും അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ഡെപ്യൂട്ടി ചീഫ് ആയ റോണി യെദിദ ക്ലെയ്ന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രായേലിന് പരസ്യപിന്തുണ നല്‍കിയപ്പോള്‍ ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിയിലുള്‍പ്പെടെ പാലസ്തീന് അനുകൂലമായാണ് സംസാരിച്ചത്. എന്നാല്‍ പരസ്യമായി ഇസ്രായേലിനെ ഇന്ത്യ പിന്തുണച്ചില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കിയിരുന്നെന്നും പരസ്പരം ധാരണയുണ്ടായിരുന്നെന്നും ഇസ്രായേല്‍ പ്രതിനിധി പറയുന്നു.

‘ഇന്ത്യന്‍ പ്രതിനിധികളുമായി സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം ഒരു ധാരണയുണ്ടായിരുന്നു. മറ്റു രാജ്യങ്ങളെപ്പോലെ പരസ്യ പിന്തുണ നല്‍കിയില്ലെങ്കിലും,’ ഇസ്രായേല്‍ പ്രതിനിധി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ് ഇസ്രായേലിന് ലഭിച്ചതെന്നും ഇതില്‍ വളരെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ‘ ഇന്ത്യയുമായി ഞങ്ങള്‍ക്കെപ്പോഴും ചര്‍ച്ചയുണ്ട്. ഇന്ത്യയും ഇസ്രായേലും തമ്മില്‍ ദീര്‍ഘകാലമായുള്ള ബന്ധമാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് ശക്തമായിട്ടുണ്ട്,’ ഇസ്രായേല്‍ എംബസി ഡെപ്യൂട്ടി ചീഫ് പറഞ്ഞു.

Next Story