Top

‘ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്’; ഐടി നിയമങ്ങള്‍ ചൂണ്ടിയുള്ള യുഎന്‍ വിമര്‍ശനത്തിന് മറുപടിയുമായി ഇന്ത്യ

ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന തന്നെ ഉറപ്പുവരുത്തുന്നുണ്ടെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.

20 Jun 2021 5:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്’; ഐടി നിയമങ്ങള്‍ ചൂണ്ടിയുള്ള യുഎന്‍ വിമര്‍ശനത്തിന് മറുപടിയുമായി ഇന്ത്യ
X

ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് വിമര്‍ശിച്ച ഐക്യരാഷ്ട്രസഭയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയിലെ ജനാധിപത്യമൂല്യങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയോട് പറഞ്ഞു. ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന തന്നെ ഉറപ്പുവരുത്തുന്നുണ്ടെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. യുഎന്നിലെ ഇന്ത്യന്‍ മിഷന്‍ വഴിയായിരുന്നു രാജ്യത്തിന്റെ മറുപടി.സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട ഉടമ്പടികളിലെ അനുച്ഛേദം 17,19 എന്നിവയ്ക്ക് വിരുദ്ധമാണ് ഇന്ത്യയിലെ പുതിയ ഐടി നിയമങ്ങള്‍ എന്ന് സൂചിപ്പിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ഇന്ത്യയുടെ പരാമര്‍ശങ്ങള്‍.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഐടി നിയമങ്ങള്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതി ഇന്ത്യന്‍ പ്രതിനിധിക്ക് കത്തയച്ചത്. സിവില്‍ പൊളിറ്റിക്കല്‍ ഉടമ്പടിയിലെ 17,19 എന്നീ അനുച്ഛേദങ്ങള്‍ ഇന്ത്യയും അംഗീകരിച്ചിട്ടുണ്ടെന്നാണ് കത്തിലൂടെ ഐക്യരാഷ്ട്രസഭ ഇന്ത്യന്‍ പ്രതിനിധിയെ ധരിപ്പിച്ചത്. 1973ലാണ് ഇന്ത്യ ഈ ഉടമ്പടി അംഗീകരിക്കുന്നത്. ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. പുതിയ ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മാത്രമല്ല വസ്തുതകള്‍ പറയുന്ന പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടെങ്കില്‍ നീക്കേണ്ടി വരും. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭ വിഷയത്തില്‍ ഇടപെടല്‍ നടത്തുകയായിരുന്നു.

പുതിയ ഐ ടി നിയമപ്രകാരമുള്ള സംരക്ഷണത്തില്‍ നിന്ന് ട്വിറ്ററിനെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ഗാസിയാബാദ് സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യാമേധാവി മനീഷ് മഹേശ്വരിയോട് നേരിട്ട് ഹാജരാകാന്‍ യുപി പോലീസ് നേരിട്ട് ഹാജരാകാന്‍ പറഞ്ഞത് വിവാദമായിരുന്നു.ഗാസിയാബാദില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട വൃദ്ധന്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇന്ത്യാ മേധാവി മനിഷ് മഹേശ്വരിയോട് നേരിട്ട് ഹാജരാകാന്‍ യുപി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത് സാമൂഹ്യവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടാന്‍ കാരണമായെന്ന് ചൂണ്ടിക്കാണിച്ചാണ് യു പി പോലീസ് ട്വിറ്റര്‍ ഇന്ത്യാ മേധാവിക്ക് നോട്ടീസ് അയച്ചത്. ഒരാഴ്ച്ചക്കകം ആക്രമണം റിപ്പോര്‍ട്ട് ചെയ്ത ലയോണി പോലീസ് സ്‌റ്റേഷനിലാണ് ട്വിറ്റര്‍ മേധാവി ഹാജരാകേണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ മേധാവിയുടെ മൊഴി എടുക്കേണ്ടതുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

Next Story