‘പിതാവ് മരിച്ചിട്ട് ഒരു നോക്ക് കാണാനായില്ല’; മൈതാനത്ത് കണ്ണുനിറഞ്ഞ പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സിറാജ്

ഐപിഎല്ലിലേക്ക് അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ നമുക്ക് നഷ്ടപ്പെട്ടു പോയേക്കാമായിരുന്നു അപൂര്‍വ്വ പ്രതിഭയാണ് മുഹമ്മദ് സിറാജ്. പര്യടനത്തിനായി ആസ്ട്രേലിയയിലെത്തി ഒരാഴ്ച്ച പിന്നീടുമ്പോള്‍ സിറാജിന്റെ പിതാവ് മരണപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങളും മറ്റു നിയമപ്രശ്നങ്ങളും കാരണം പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും താരത്തിന് കഴിഞ്ഞില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിറാജിന് ലഭിച്ച സുവര്‍ണാവസരം കൂടിയായിയിരുന്നു ആസ്ട്രേലിയന്‍ പര്യടനം.
രഞ്ജി ട്രോഫിയിലെയും ഐപിഎല്ലിലെയും മിന്നും പ്രകടനത്തിനൊടുവില്‍ ലഭിച്ച അവസരത്തില്‍ താരം കഴിവ് തെളിയിക്കുകയും ചെയ്തു. ബ്രിസ്ബേനിലെ ചരിത്ര വിജയത്തില്‍ അഞ്ച് വിക്കറ്റ് നേടി നിര്‍ണായക സാന്നിദ്ധ്യമായി മാറാനും ഹൈദരബാദുകാരന്‍ കഴിഞ്ഞു. നാലാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലായി ആറ് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. രണ്ടാമത്തെ ഇന്നിംഗ്സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും.
സിറാജ് നേടിയ വിക്കറ്റുകളില്‍ ഏറ്റവും മികച്ചത് സ്റ്റീവ് സ്മിത്തിന്റതായിരുന്നു. നെഞ്ചിന് നേരെ കുത്തിയുയര്‍ന്ന പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്മിത്ത് സ്ലിപ്പില്‍ രഹാനെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. അതേ ഓവറില്‍ വെയ്ഡിനെയും സിറാജ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ബാറ്റ്സ്മാന്മാരുടെ ശരീരത്തെ ലക്ഷ്യമാക്കി യുവതാരം എറിഞ്ഞ മിക്ക പന്തുകളും കളിക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഓസീസ് നായകന് ടിം പെയ്നും സ്മിത്തിന് സമാനമായി ക്രീസില്‍ വിയര്‍ത്തു. പ്രതിഭ വെളിപ്പെടുത്തുന്ന പന്തുകളായിരുന്നു സിറാജ് എറിഞ്ഞവയെല്ലാം.
ഹൈദരാബാദിലെ ഒരു സാധാരണ കുടുംബത്തിലാണ് സിറാജ് ജനിക്കുന്നത്. പിതാവ് മുഹമ്മദ് ഗൗസ് ഓട്ടോറിക്ഷാ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ആദ്യകാലങ്ങളില്‍ പിതാവ് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നുവെന്ന് സിറാജ് പറയുന്നു. ഏകദേശം 2.3 കോടി രൂപയ്ക്ക് കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് സിറാജിനെ വാങ്ങുന്നത്.
എന്റെ മകന് രാജ്യത്തിന്റെ അഭിമാനമായി മാറുമെന്ന് എനിക്കുറപ്പാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. എന്റെ കഴിവിന്റെ പരമാവധി ആ വാക്കുകള്‍ സത്യമാക്കാന്‍ ഞാന്‍ ശ്രമിക്കും.
സിറാജ്.