ഇന്ത്യ ഇനിമേല്‍ ഒരു സ്വതന്ത്രരാജ്യമല്ലന്ന് ഫ്രീഡം ഹൗസ് 2021 റിപ്പോര്‍ട്ട്; ‘മോദി സര്‍ക്കാരിന്റേത് മുസ്ലീങ്ങളെ ബലിയാടുകളാക്കുന്ന ഏകാധിപത്യഭരണം’
വിയോജിക്കാനും സമരം ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും മോദി ഭരണത്തിന് കീഴില്‍ വന്‍തോതില്‍ ഹനിക്കപ്പെട്ടു. ജനാധിപത്യ സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. ആള്‍ക്കൂട്ട അക്രമങ്ങള്‍ ഇക്കാലളവില്‍ രാജ്യത്ത് നടമാടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നരേന്ദ്രമോദി ഭരണത്തിന് കീഴില്‍ ഒരു സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്നും ഭാഗികമായി സ്വതന്ത്രമായ രാജ്യം എന്നതിലേക്ക് ഇന്ത്യ കൂപ്പുകുത്തിയതായി ഫ്രീഡം ഹൗസ് 2021 റിപ്പോര്‍ട്ട്. നരേന്ദ്രമോദി 2014ല്‍ പ്രധാനമന്ത്രിയായതുമുതല്‍ ഇന്ത്യയിലെ പൗരാവകാശങ്ങളും ജനാധിപത്യവും അപകടത്തിലായെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുസ്ലീങ്ങളെ ബലിയാടുകളാക്കിയുള്ള മോദി ഭരണം ഏകാധിപത്യപ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഫ്രീഡം ഹൗസ്.
ഫ്രീഡം ഹൗസ് 2020 റിപ്പോര്‍ട്ടില്‍ ഇന്ത്യയെ സ്വതന്ത്രരാജ്യം എന്ന് തന്നെയായിരുന്നു പട്ടികപ്പെടുത്തിയിരുന്നത്. എന്നാല്‍ 2021 ആകുമ്പോള്‍ പൗരസ്വാതന്ത്ര്യം വലിയ അളവോളം നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തതായി പഠനം വിലയിരുത്തി. തീവ്ര ഹിന്ദു താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുന്ന കാഴ്ച്ചയാണ് ഇന്ത്യയില്‍ കാണാന്‍ സാധിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ സ്വതന്ത്രരാജ്യമായി മാറുന്നഘട്ടത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും രാജ്യം പിന്നോട്ട് പോയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സ്വതന്ത്ര്യ റിപ്പബ്ലിക്ക് രാജ്യമാകുന്നതിനുള്ള ചില പ്രധാനഘടകങ്ങള്‍ വിലയിരുത്തിയ പ്രകാരം ഇന്ത്യയ്ക്ക് 67 മാര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ നാല് മാര്‍ക്ക് കുറവായതിനാല്‍ ഇന്ത്യ ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യങ്ങളുടെ പട്ടികയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
കൊവിഡ് കാലത്ത് രാജ്യത്തെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ദുരിതമനുഭവിച്ചതായും വൈറസ് വ്യാപനത്തിന്റെ പേരില്‍ മുസ്ലീങ്ങളെ കുറ്റക്കാരാക്കാന്‍ മനപൂര്‍വ്വമായി ശ്രമം നടന്നതായും സംഘടന കണ്ടെത്തുന്നു. വിയോജിക്കാനും സമരം ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും മോദി ഭരണത്തിന് കീഴില്‍ വന്‍തോതില്‍ ഹനിക്കപ്പെട്ടു. ജനാധിപത്യ സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. ആള്‍ക്കൂട്ട അക്രമങ്ങള്‍ ഇക്കാലളവില്‍ രാജ്യത്ത് നടമാടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.