
ന്യൂ ഡൽഹി: ആഗോളതലത്തിൽ രേഖപ്പെടുത്തുന്ന പ്രതിദിന കൊവിഡ് കേസുകളുമായി ഇന്ത്യ മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കൊവിഡ് കേസുകള്‍ 1,61,736 ആണെന്ന് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
ദിവസങ്ങൾക്ക് മുൻപ് വരെ അമേരിക്കക്കും ബ്രസീലിനും പിന്നിലായി ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ രാജ്യമായിരുന്നു ഇന്ത്യ. എന്നാലിന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് രോഗികള്‍ സ്ഥിരീകരിക്കപ്പെടുന്നത് ഇന്ത്യയിലാണ്.
നിലവിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 12 ലക്ഷം കടന്നു. ഇന്നലെ മാത്രം 879 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മൂലം ആകെ മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 1,71,058 ആയി. തുടർച്ചയായി ആറാം ദിനമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് രോഗനിരക്ക് ഒരുലക്ഷത്തിന് മുകളിലേക്ക് ഉയരുന്നത്.
1.36 കോടിയോളം കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 10.85 കോടിയോളം ജനങ്ങൾ വാക്സിന്റെ ഒരു ഡോസെങ്കിലും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ പ്രതിരോധ നടപടികൾ വേഗത്തിലാക്കാനുള്ള മഹാ വാക്സിനേഷന് ക്യാമ്പുകളും പല സംസ്ഥാനങ്ങളിലുമുണ്ട്.