Top

ഓക്സ്ഫോർഡ് വാക്സിൻ ഏപ്രിലിൽ, ഇന്ത്യയിൽ 2 ഡോസ് 1,000 രൂപക്ക് : സെറം ഇൻസ്റ്റിറ്റ്യൂട്ട്

പൊതുജനങ്ങളിലേക്ക് വാക്സിൻ ഏപ്രിൽ മാസത്തോടെ എത്തിക്കുമെന്നും 2 ഡോസിന്റെ പരമാവധി വില 1,000 രൂപയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

20 Nov 2020 1:54 AM GMT

ഓക്സ്ഫോർഡ് വാക്സിൻ ഏപ്രിലിൽ, ഇന്ത്യയിൽ 2 ഡോസ് 1,000 രൂപക്ക് : സെറം ഇൻസ്റ്റിറ്റ്യൂട്ട്
X

ഓക്‌സ്‌ഫോർഡ് വാക്സിൻ ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും 2021 ഫെബ്രുവരിയോടെ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഡാർ പൂനാവാല. പൊതുജനങ്ങളിലേക്ക് വാക്സിൻ ഏപ്രിൽ മാസത്തോടെ എത്തിക്കുമെന്നും 2 ഡോസിന്റെ പരമാവധി വില 1,000 രൂപയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അന്തിമ പരീക്ഷണ ഫലങ്ങളെയും നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തെയും ആശ്രയിച്ചാകും മരുന്നിന്റെ വില നിശ്ചയിക്കുക. 2024ഓടെ എല്ലാ ഇന്ത്യക്കാരനും പ്രതിരോധ കുത്തിവയ്പ് നൽകനാകുമെന്നും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ് ഉന്നതതല സമ്മേളനത്തിൽ പറഞ്ഞു.

എല്ലാ ഇന്ത്യക്കാരനിലേക്കും പ്രതിരോധ കുത്തിവയ്പ് എത്താൻ രണ്ടോ മൂന്നോ വർഷമെടുത്തേക്കും. ഇതിന് കാരണം വിതരണത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മാത്രമാകില്ല. ബജറ്റ്, വാക്സിൻ ലഭ്യത, ചരക്കുനീക്കം , അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും, വാക്സിൻ എടുക്കാനുള്ള വ്യക്തികളുടെ സന്നദ്ധതയും പ്രധാന തടസ്സങ്ങളാകും, അഡാർ പൂനാവാല സൂചിപ്പിച്ചു.

‘കൂടുതൽ അളവിലുള്ള വ്യാപാരമാണ് നടക്കുന്നത് എന്നതിനാൽ 3-4 യുഎസ് ഡോളർ നിരക്കിലാണ് ഇന്ത്യക്ക് വാക്സിൻ ലഭിക്കുന്നത്. കൂടാതെ കോവാക്സിന്റെ സമാനനിരക്കിലാണ് ഇതിന്റെ വില നിശ്ചയിച്ചിരിക്കുന്നതും. അതുകൊണ്ട് തന്നെ ഇന്ന് വിപണിയിൽ ഉള്ള മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് ഇത് താങ്ങാനാവുന്നതാണ് ”, പൂനാവാല പറഞ്ഞു.

വാക്സിന്റെ സുരക്ഷാ വശങ്ങളെക്കുറിച്ചു സൂചിപ്പിക്കവേ പരീക്ഷണത്തിന്റെ ഭാഗമായി ഇതുവരെ പ്രതികൂലഫലങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും, പ്രായമായവരിൽ പോലും മികച്ച ഫലങ്ങളാണ് ഈ വാക്സിൻറെതെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി അറിയാനുള്ളത് ഒന്ന് -ഒന്നര മാസത്തിനുള്ളിൽ പുറത്തുവരുന്ന ഇന്ത്യൻ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലപ്രാപ്തിയും രോഗപ്രതിരോധ ഫലങ്ങളും ആണ്.

ഓക്സ്ഫോർഡ് വാക്സിൻ താങ്ങാവുന്നതും സുരക്ഷിതവും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കാവുന്നതും ആണെന്ന് അഭിപ്രായപ്പെട്ട പൂനാവാലാ ഫെബ്രുവരി മുതൽ പ്രതിമാസം 10 കോടി ഡോസുകൾ നിർമ്മിക്കാനാണ് സെറത്തിന്റെ പദ്ധതിയെന്നും കൂട്ടിച്ചേർത്തു.

എന്നാൽ സുരക്ഷാസംബന്ധിയായ പൂർണ്ണവിവരങ്ങളും പുറത്തുവരുന്നത് വരെ വാക്സിൻ കുട്ടികൾക്ക് അനുവദിക്കുന്നതല്ല.‌ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, കുട്ടികൾക്കും ഇത് ശുപാർശ ചെയ്യാനാകും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് പറഞ്ഞ പൂനാവാലാ ഇന്ത്യയ്ക്ക് എത്ര ഡോസുകൾ ലഭിക്കുമെന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുകയാണെന്നും ഇക്കാര്യത്തിൽ ഇതുവരെ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

Next Story