അനുഭവം അവിശ്വസനീയം; ബഹിരാകാശ വിനോദ സഞ്ചാര യാത്രയില്‍ പ്രതികരിച്ച് ഇന്ത്യന്‍ വംശജ ശിരിഷ
ബഹിരാകാശയാത്രയുടെ അവിസ്മരണീയ നിമഷങ്ങള്‍ പങ്കുവെച്ച് ബഹിരാകാശ വിനോദ സഞ്ചാര ചരിത്രത്തിന്റെ ഭാഗമായ ഇന്ത്യന്‍ വംശജ ശിരിഷ ബാന്ദ്ല. വെര്‍ജിന്‍ ഗാലക്റ്റിക് എന്ന സ്പേസ് ഫ്ളൈറ്റ് കമ്പനിയുടമയായ റിച്ചാര്‍ഡ് ബ്രാന്സണ് ഉള്‍പ്പെട്ട ആറംഗ സംഘത്തിനൊപ്പമാണ് ശിരിഷ തന്റെ സ്വപ്നയാത്ര നടത്തിയത്. അവിശ്വസനീയമെന്നാല്ലാതെ തന്റെ യാത്രയെ വിശേഷിപ്പിക്കാനാകില്ലെന്ന് ശിരിഷ വ്യക്തമാക്കി. ‘ഇപ്പോഴും താന്‍ ബഹിരാകാശത്തുള്ളത് പോലെയാണ് തോന്നുന്നത്. അവിടെ നിന്നുള്ള ഭൂമിയുടെ ചിത്രം ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒന്നാണ്. ഇവിടെ നിന്നും ബഹിരാകാശത്തേക്കും അവിടെ നിന്ന് ഭൂമിയിലേക്കുമുള്ള യാത്ര […]
12 July 2021 5:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബഹിരാകാശയാത്രയുടെ അവിസ്മരണീയ നിമഷങ്ങള്‍ പങ്കുവെച്ച് ബഹിരാകാശ വിനോദ സഞ്ചാര ചരിത്രത്തിന്റെ ഭാഗമായ ഇന്ത്യന്‍ വംശജ ശിരിഷ ബാന്ദ്ല. വെര്‍ജിന്‍ ഗാലക്റ്റിക് എന്ന സ്പേസ് ഫ്ളൈറ്റ് കമ്പനിയുടമയായ റിച്ചാര്‍ഡ് ബ്രാന്സണ് ഉള്‍പ്പെട്ട ആറംഗ സംഘത്തിനൊപ്പമാണ് ശിരിഷ തന്റെ സ്വപ്നയാത്ര നടത്തിയത്. അവിശ്വസനീയമെന്നാല്ലാതെ തന്റെ യാത്രയെ വിശേഷിപ്പിക്കാനാകില്ലെന്ന് ശിരിഷ വ്യക്തമാക്കി.
‘ഇപ്പോഴും താന്‍ ബഹിരാകാശത്തുള്ളത് പോലെയാണ് തോന്നുന്നത്. അവിടെ നിന്നുള്ള ഭൂമിയുടെ ചിത്രം ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒന്നാണ്. ഇവിടെ നിന്നും ബഹിരാകാശത്തേക്കും അവിടെ നിന്ന് ഭൂമിയിലേക്കുമുള്ള യാത്ര വിസ്മയകരമായ ഒന്നാണെന്നും ശിരിഷ അഭിപ്രായപ്പെട്ടു.
ബഹിരാകാശയാത്ര നടത്തണം എന്നത് എന്നും ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം യാഥാര്ത്ഥ്യമായിപ്പുലര്ന്ന നിമിഷത്തിലൂടെയാണ് താന്‍ കടന്നുപോയതെന്ന് 34 കാരിയായ എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍ ശിരിഷ പറഞ്ഞു. നാസയിലെ പരമ്പരാഗത പദവിയില്‍ ആ യാത്രയ്ക്ക് സാധിച്ചിരുന്നില്ല.അതുകൊണ്ടാണ് ബഹിരാകാശത്തുപോകാന് ഈ മാര്‍ഗം തിരഞ്ഞെടുത്തത്. ഇനിയും ഒരുപാട് പേര് ഈ അനുഭവത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു’.
ഭൂമിയില്‍ നിന്നും 88 കിലോമീറ്റര്‍ ഉയരത്തില്‍ സ്പേസ്ഷിപ്പില്‍ സഞ്ചരിച്ച സംഘം മൂന്ന് മിനിറ്റോളം നീണ്ട ഭാരമില്ലായ്മയും ആസ്വദിച്ച് 11 മിനിറ്റ് നേരം ബഹിരാകാശ കാഴ്ച്ചകളും കണ്ട ശേഷമാണ് അവിടെ നിന്നും മടങ്ങിയത്. ബഹിരാകാശ വിനോദ സഞ്ചാര മേഖലയില്‍ പുതുചരിത്രം കുറിച്ചാണ് റിച്ചാര്‍ഡ് ബ്രാന്‍സന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം ബഹിരാകാശത്ത് നിന്നും ഭൂമിയിലെത്തിയത്.
2004 ല്‍ വെര്‍ജിന്‍ ഗാലക്റ്റിക് എന്ന സ്പേസ് ഫ്ളൈറ്റ് കമ്പനി ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന കമ്പനിയുടെ ലക്ഷ്യത്തെ കുറിച്ച് ആദ്യ സംഘാഗം കൂടിയായ ബ്രാന്സണ് വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം എന്നാണ് എഴുപതുകാരനായ ബ്രാന്സണ് ഇതിനെക്കുറിച്ച് നടത്തിയ പ്രതികരണം.’ഒരിക്കല്‍ നക്ഷത്രങ്ങളെ നോക്കിനിന്ന് സ്വപ്നം കണ്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. ഇന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്പേസ്ഷിപ്പിലിരുന്ന് ഭൂമിയെ നോക്കിക്കാണുകയാണ്. ഞങ്ങള്‍ക്കിതിന് സാധിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് കഴിയില്ല’, എന്നുമായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ബ്രാന്സണ് അഭിനന്ദനം അറിയിച്ച് നിരവധിപേരാണ് ഇതിനോടകം രംഗത്തെത്തിയത്. അറുപത് രാജ്യങ്ങളില്‍ നിന്നായി ലോകത്തിലെ സമ്പന്നരും സെലിബ്രിറ്റികളും അടക്കം അറുനൂറോളം പേര് ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. രണ്ട് ലക്ഷം മുതല്‍ രണ്ടര ലക്ഷം ഡോളര്‍ വരെയാണ് ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി 10,000 ഡോളര്‍ നല്‍കണം. ‘ബഹിരാകാശം എല്ലാവര്ക്കും സ്വന്തമാണ്, എന്നാല്‍ നിലവില്‍ സാമ്പത്തികശേഷിയുള്ളവര്‍ക്ക് മാത്രമേ അത് ആസ്വദിക്കാനായി സാധിക്കു’ എന്നും ബ്രാന്സണ് പ്രതികരിച്ചിരുന്നു. അതേസമയം തന്റെ സുഹൃത്തുകൂടിയായ എലോണ്‍ മസ്ക് വെര്‍ജിന്‍ ഗാലക്റ്റികില്‍ ടിക്കറ്റ് ബുക്ക് ചെയ്തതായും അദ്ദേഹം കഴിഞ്ഞ ദിവസം നല്കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ALSO READ: കര്‍ണാടകയുടെ ഡാം പദ്ധതിയ്ക്കെതിരെ തമിഴ്നാട്; പദ്ധതി പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് സ്റ്റാലിന്