'16.02.1992' എറണാകുളം ഏലൂർ നോർത്തിന് 'പുലിനഗർ' എന്ന പേര് കിട്ടിയ ആ ഒരു ദിവസം. ഇത് കേൾക്കുമ്പോൾ പലരും ചിന്തിക്കുന്നുണ്ടാവും എന്തുകൊണ്ടാണ് ഈ പ്രദേശത്തെ പുലിനഗർ എന്ന് അറിയപ്പെടുന്നത്, ഇവിടെ പുലി ഇറങ്ങിയിട്ടുണ്ടോ എന്നൊക്കെ. കൃത്യം 32 വർഷം മുമ്പ് ഇവിടെയൊരു പുലി ഇറങ്ങിയിരുന്നു.
1992 ഫെബ്രുവരി 16നാണ് ഇവിടെ പുലി ഇറങ്ങിയത്. രണ്ട് പേരെ അന്ന് പുലി ആക്രമിക്കുകയും ചെയ്തു. എന്നാൽ അതിനേക്കാൾ സാഹസികമായ ഒരു കഥയുണ്ട്. ഈ പുലിയെ ഇവിടുത്തെ നാട്ടുകാർ അതിവിദഗ്ധമായി വീട്ടിൽ പൂട്ടിയിട്ടാണ് പിടികൂടിയത്. നാട്ടിൽ ഇറങ്ങിയ പുലിയെ നാട്ടുകാരും പോലീസും ചേർന്ന് ഒച്ച വെച്ച് നേരെ അടുത്തുള്ള കമ്മൂക്കയുടെ വീട്ടിലേക്ക് ഓടിച്ചു കയറ്റി. പിന്നീട് വനംവകുപ്പിനെ വിവരം അറിയിച്ചു. അവർ തൃശ്ശൂരിൽ നിന്നെത്തി പുലിയെ കാഴ്ചബംഗ്ലാവിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെ അവിടെയുള്ള നാട്ടുകാർ തന്നെയാണ് ഈ പ്രദേശത്തെ പുലി നഗർ എന്ന് വിളിക്കാൻ തുടങ്ങിയത്. അവർ അവിടെ ഒരു ബോർഡും സ്ഥാപിച്ചു "പുലിനഗർ 16.02.1992". പുലി ഇറങ്ങിയ വർഷവും മാസവും തീയതിയും ഈ ബോർഡിൽ കാണാം.
പതിയെ ഔദ്യോഗിക രേഖകളിലും മേൽവിലാസങ്ങളിലുമെല്ലാം 'പുലിനഗർ' സ്ഥാനം പിടിച്ചു. 32 വർഷം മുൻപ് ഈ പ്രദേശത്ത് പുലി ഇറങ്ങിയത് ഇവിടുത്തെ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്നു. പിന്നീട് ഭയപ്പെടുത്തുന്നതെങ്കിലും അപൂർവ്വമായ അനുഭവത്തിൻ്റെ ഓർമ്മയ്ക്കായി ഇവർ തന്നെയാണ് ഈ നാടിൻ്റെ പേര് പുലിനഗർ എന്ന് മാറ്റിയത്.