
ഇമ്രാൻ ഖാന്റെ ഭരണകാലത്തു പാകിസ്ഥാൻ ജയിലുകളിൽ സ്ത്രീകൾ എങ്ങനെയാണു പരിഗണിക്കപ്പെടുന്നതെന്ന് വെളിപ്പെടുത്തി മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) വൈസ് പ്രസിഡന്റ് മറിയം നവാസ് ഷെരീഫ്. ജയിലറകളിൽ എല്ലായിടത്തും കാമറകൾ സ്ഥാപിച്ചിരുന്നു എന്നും ശുചിമുറിയിൽ പോലും ഒളിപ്പിച്ച നിലയിൽ കാമറകൾ ഉണ്ടായിരുന്നു എന്നും മറിയം നവാസ് പറഞ്ഞു. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പുത്രിയാണ് മറിയം നവാസ്.
രണ്ട് തവണ ജയിലിൽ പോയിട്ടുള്ള മറിയം നവാസ് , കസ്റ്റഡിയിലിരിക്കുമ്പോൾ താനും മറ്റ് വനിതാ തടവുകാരും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ പോയാൽ, മുഖം രക്ഷിക്കാൻ ഇമ്രാൻ ഖാൻ സർക്കാർ വല്ലാതെ ക്ലേശിക്കും എന്നാണ് അഭിമുഖത്തിൽ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ചൗധരി പഞ്ചസാര മിൽസ് കേസിൽ അറസ്റ്റിലായ ശേഷം ജയിലിൽ കിടന്നപ്പോൾ നേരിടേണ്ടി വന്ന അസൗകര്യങ്ങളെക്കുറിച്ച് സംസാരിക്കവെ ആണ് ഷെരീഫ് ഇങ്ങനെ അഭിപ്രായപ്പെട്ടതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
“ഈ സംഭവങ്ങൾക്ക് പിന്നിൽ ഒളിക്കാനോ, അപമാനിക്കപ്പെട്ടു എന്നോർത്തു കരയാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ജയിലുകളിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ലോകത്തിന് മുന്നിൽ എത്തിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു”, അവർ പറഞ്ഞു. “അവർക്ക് മറിയം നവാസിന്റെ കിടപ്പുമുറിയിൽ പ്രവേശിച്ച് അവളുടെ ശുചിമുറിയിൽ ക്യാമറകൾ ഘടിപ്പിക്കാൻ കഴിയുമെങ്കിൽ, ബാക്കി സ്ത്രീകളോട് അവർ എന്തെല്ലാം ചെയ്തുകാണുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം?” ഇമ്രാൻ സർക്കാരിനെ ലക്ഷ്യമാക്കി മറിയം പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പിഎംഎൽ-എന്നിന് വോട്ട് ചെയ്യണമെന്ന് മറിയം ജനങ്ങളോട് അഭ്യർത്ഥിച്ചു. പിഎംഎൽ-എന്നിനും ജനങ്ങൾക്കും ഇടയിൽ വരരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് പറയാൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. വോട്ടുകളിൽ കൃത്രിമം കാണിച്ചാൽ പൊതുജനം ക്ഷമിക്കില്ലെന്നും മറിയം മുന്നറിയിപ്പ് നൽകി..