ജിഡിപി കൂപ്പുകുത്തും; ഇന്ത്യ ബംഗ്ലാദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

ആളോഹരി ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴേക്കുപോകുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ(ഐഎംഎഫ്)വിലയിരുത്തല്‍. കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗണിന്റെ ഫലമായി പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം കൂപ്പുകുത്തുമെന്നാണ് വിലയിരുത്തല്‍. ആളോഹരി ജിഡിപി നിരക്കില്‍ 10.3 ശതമാനം ഇടിവുണ്ടാകുമെന്നും ഐഎംഎഫ് പ്രവചിച്ചു. ചൊവ്വാഴ്ച്ച പുറത്തിറങ്ങിയ വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്കിലാണ് രാജ്യത്തിന്റെ സാമ്പത്തികരംഗത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പ്രവചനമുള്ളത്.
നടപ്പ് സാമ്പത്തികവര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ഓടെ ഇന്ത്യയുടെ പ്രതിശീര്ഷഉത്പ്പാദനം 1877 ഡോളറായി കുറയുമെന്നാണ് നാണയനിധിയുടെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തിന് ഏറെ പ്രതീക്ഷ നല്കുന്ന ചില സൂചനകളും നാണയനിധിയുടെ റിപ്പോര്‍ട്ടിലുണ്ട്. 2021ല്‍ ഇന്ത്യ ജിഡിപി വളര്‍ച്ചാനിരക്കിന്റെ ഗതിവേഗം വീണ്ടെടുക്കുമെന്നും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയാകുന്ന തരത്തില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നും നാണയനിധി പ്രവചിക്കുന്നുണ്ട്. ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്കായ 8.2 ശതമാനത്തെ ഇന്ത്യ മറികടക്കാനിടയുണ്ടെന്നാണ് പ്രവചനം.
ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്കിലെ ഇടിവ് കണക്കിലെടുക്കുമ്പോള്‍ ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങള്‍ വലിയ തരത്തില്‍ കുതിപ്പ് നടത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ആഗോളതലത്തില്‍ സമ്പദ് വ്യവസ്ഥ നാലുശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും വാര്ഷികയോഗങ്ങള്ക്ക് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.