ധര്മ്മജന് ബോള്‍ഗാട്ടി അഭിമുഖം: ‘സിനിമയിലെ കോണ്‍ഗ്രസുകാര്‍ മിണ്ടാറില്ല’

തദ്ദേശതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സിനിമാപ്രവര്‍ത്തകരുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ അഭിമുഖ പരമ്പര ‘വോട്ടുപട’ത്തില്‍ ധര്മ്മജന് ബോള്‍ഗാട്ടി വി എസ് ഹൈദരലിയുമായി സംസാരിക്കുന്നു.
കുട്ടിക്കാലം മുതലേ കോണ്‍ഗ്രസ്
ഞാന്‍ ചെറുപ്പത്തിലേ മുതല്‍ പാര്‍ട്ടിക്കാരനാണ്. അച്ഛന് കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹിയായി നടക്കുന്ന സമയത്താണ് മുന്‍ മന്ത്രി എ എല്‍ ജേക്കബിന്റെ അവസാനത്തെ തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വണ്ടിയുടെ പുറകെ പോകുന്നത് ഓര്‍മ്മയിലുണ്ട്. ആരെങ്കിലുമൊക്കെ സംസാരിച്ച് വെച്ച മൈക്കിലൂടെ ‘ശ്രീ എ എല്‍ ജേക്കബ്ബിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുക’ എന്ന് പറഞ്ഞതോര്‍മ്മയുണ്ട്. അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ്. അതാണ് ആദ്യത്തെ ഇലക്ഷന് അനുഭവം. അതിന് ശേഷം അദ്ദേഹത്തിന്റെ മകന് ലിനോ ജേക്കബിന് വേണ്ടി ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെറുമകന് മനു ജേക്കബ്ബ് ഇപ്പോള്‍ നില്‍ക്കുന്നുണ്ട്. മൂന്ന് തലമുറയായി. സ്കൂളില്‍ കെഎസ്യുവിന്റെ ലീഡറായിരുന്നു. സൈമണ്‍ ബ്രിട്ടോയുടെ അനിയന് ക്രിസ്റ്റിയായിരുന്നു എതിര് സ്ഥാനാര്‍ത്ഥി. ക്രിസ്റ്റിയുടെ അച്ഛന് ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എയായിരുന്നു. ഞാനാണ് ജയിച്ചത്. അന്ന് കെഎസ്യു വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ പോലും വലിയ ആളുകള്‍ക്കൊപ്പമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാറ്. ചേട്ടന്റെയൊക്കെ ഒപ്പം. പോസ്റ്റര്‍ ഒട്ടിക്കലൊക്കെയാണ് പണി. അനൗണ്സ്മെന്റില് നല്ല താല്പര്യമുണ്ടായിരുന്നു. വലുതായപ്പോഴും അനൗണ്‍സ്മെന്റ് എന്റെ കൈയില്‍ തന്നെയായിരുന്നു. നാട്ടില്‍ എ കെ ആന്റണി വന്നാലും കെ കരുണാകരന് വന്നാലും മുന്പിലെ പൈലറ്റ് വണ്ടിയില്‍ ഞാനായിരിക്കും. കെ വി തോമസിന്റെ വണ്ടിയായാലും ആന്റണി ഐസക്കിന്റെ വണ്ടിയായാലും ജോര്‍ജ് ഈഡന് വേണ്ടിയാണെങ്കിലും എം ഒ ജോണിന് വേണ്ടിയാണെങ്കിലും എറണാകുളത്ത് മാറി മാറി വന്നിട്ടുള്ള എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടിയും അനൗണ്‍സ് ചെയ്തിട്ടുണ്ട്. കുറേ ഓര്‍മ്മകളുണ്ട്.
തോമസ് മാഷിനും ജോര്‍ജ് ഈഡനും വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പോയിട്ടുള്ളത്. ഹൈബി ഈഡനായതിന് ശേഷമാണ് ഞാന്‍ അനൗണ്‍സ്മെന്റ് രംഗത്ത് നിന്ന് മാറിയത്. ഹൈബി ഈഡന്റെ പ്രചരണ കലാശക്കൊട്ടിന് വണ്ടിയുടെ ബോണറ്റിന് മുകളില്‍ കയറിയത് ഒരു സ്പിരിറ്റിലാണ്. അത് തല്ലുപിടിത്ത സ്പിരിറ്റ് അല്ല. ഇവിടെ സിപിഐഎമ്മുകാരും ഡിവൈഎഫ്ഐകാരും കോണ്‍ഗ്രസുകാരുമുണ്ട്. പക്ഷെ, തല്ലുപിടിത്തമില്ല. ആവേശമായിരുന്നു. പ്രത്യേകിച്ചും തലേ ദിവസമൊക്കെ ഉറക്കമൊഴിച്ച് പോസ്റ്റര്‍ ഒട്ടിക്കലും തോരണം തൂക്കലുമാണ്. ഉറക്കമില്ല. എങ്ങനെയെങ്കിലും നേരം വെളുപ്പിച്ച് കുളിച്ച് ഡ്രസ് എടുത്തിട്ട് അപ്പോത്തന്നെ ബൂത്തിലേക്ക് ഇറങ്ങുവാണ്.
ലീഡറുടെ അഭിനന്ദനം മറക്കില്ല
അന്നൊക്കെ കാണാതെ അറിയാമായിരുന്നു. ഒരിക്കല്‍ നാട്ടില്‍ ലീഡര്‍ വന്നപ്പോള്‍ പെട്ടെന്നൊരു മീറ്റിങ്ങ് വിളിച്ചുകൂട്ടി. ലീഡര്‍ വലിയൊരു കസേരയില്‍ ഇരിക്കുന്നു. ഞാന്‍ അടുത്ത് നിലത്തിരിക്കുന്നു. ‘ആ എത്ര വോട്ടര്‍മാരുണ്ട്?’ എന്ന് ചോദിച്ചു. ഞാന്‍ കൃത്യമായുള്ള കണക്ക് പറഞ്ഞു. നമ്മളുടേതായി എത്രപേരുണ്ടാകുമെന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. ചോദിച്ച രണ്ട് മൂന്ന് ചോദ്യങ്ങള്‍ക്കും ഞാന്‍ ചാടി വീണ് കൃത്യമായുള്ള മറുപടി കൊടുത്തു. എന്നെ നോക്കിയിട്ട് ‘മിടുക്കന്’ എന്ന് പറഞ്ഞു. അത് അന്നത്തെ വലിയൊരു അവാര്‍ഡായിരുന്നു. ബൂത്തില്‍ എത്ര പേരുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മുടെ ഉറച്ച വോട്ടുകള്‍ എത്രയുണ്ടെന്ന് പറയാനായിട്ടും നമുക്ക് സാധിക്കണം. ഞങ്ങളുടെ നാടിന്റെ വടക്കേ അറ്റത്ത് വെച്ച് ഒരു മണി ടീച്ചറിന്റെ വീട്ടില്‍ വെച്ചായിരുന്നു ആ മീറ്റിങ്ങ്.
രാജീവ് ഗാന്ധിയെ സ്വീകരിക്കാന്‍ പോയത് എന്റെ നേതൃത്വത്തില്‍
ഞാന്‍ അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സേവാദളിന്റെ സംസ്ഥാന ബെസ്റ്റ് കേഡറ്റ് ആയിരുന്നു. ബ്ലോക്ക് ക്യാംപുകളിലും ജില്ലാ ക്യാംപുകളിലും പങ്കെടുത്ത ശേഷമാണ് സംസ്ഥാന ക്യാംപില്‍ ബെസ്റ്റ് കേഡറ്റാകുന്നത്. നാഷണല്‍ ക്യാംപിലും പങ്കെടുത്ത സേവാദള്‍ ഭടനാണ്. അങ്ങനെയാണ് രാജീവ് ഗാന്ധിയെ തൊട്ടടുത്ത് കാണാനും തലയില്‍ തൊടാനും സാധിച്ചത്. 1991ല്‍ രാജീവ് ഗാന്ധി കൊച്ചിയില്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ പോകുന്നത് ഞങ്ങള്‍ സേവാദള്‍ ഭടന്മാരാണ്. അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി നടക്കുന്ന സമയമായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ പോയി അദ്ദേഹത്തെ സ്വീകരിക്കാന്‍ പോയ 20 പേരില്‍ നേതൃത്വം എനിക്കായിരുന്നു. വലിയ സ്റ്റേജില്‍ നേതാക്കന്മാരൊക്കെ നില്ക്കുമ്പോള് ജനങ്ങള്‍ക്കും സ്റ്റേജിനും ഇടയില്‍ ഒഴിച്ചിടുന്ന സ്ഥലം ഞങ്ങള്‍ക്കാണ്. അതിനപ്പുറത്ത് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നില്ക്കാന് പറ്റുക. വലിയ സ്പിരിറ്റായിരുന്നു. സംസ്ഥാന സമ്മേളനങ്ങള്‍ വരുമ്പോഴൊക്കെ. രാജീവ് ഗാന്ധി കോഴിക്കോട് പ്രസംഗിക്കാന്‍ വരുന്നു എന്നറിഞ്ഞാല്‍ ഒരു ബസ് പിടിച്ച് അവിടെ ചെല്ലുക. തിരുവനന്തപുരത്താണെന്നറിഞ്ഞാല് അങ്ങോട്ട് പോകുക. ആ ഡ്രസ് കിട്ടാന്‍ വേണ്ടി ഡിസിസി ഓഫീസില്‍ പോയി വഴക്കുണ്ടാക്കുക.
തല്ലുപിടിക്കലല്ല, ആശയ പ്രകടനമാണ് എന്റെ രാഷ്ട്രീയം

കടുത്ത രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയം പറഞ്ഞ് തല്ലുപിടിച്ചിട്ടില്ല. സ്കൂളിലാണെങ്കിലും ഇതുവരെയാണെങ്കിലും ആരോടും വഴക്കിട്ടിട്ടില്ല. ആശയപരമായ രാഷ്ട്രീയം മാത്രമേ എനിക്കുണ്ടായിട്ടൂള്ളൂ. നാട്ടില്‍ എല്ലാവരും തമ്മില്‍ തമ്മില്‍ കാണുന്നതാണല്ലോ. അവിടേയും ഉണ്ടായിട്ടില്ല. സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ പഠിക്കുന്ന സമയത്ത് കെഎസ്യുവിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. കെ സി രമേശായിരുന്നു ജില്ലാ പ്രസിഡന്റ്. കോളേജില്‍ യൂണിറ്റ് പ്രസിഡന്റായി ചേര്‍ന്നു. അന്ന് സീനിയറായിരുന്നു മുന്‍ മേയര്‍ ടോണി ചമ്മിണി. പിന്നെ ഫ്രാന്‍സിസ് വലിയ പറമ്പനും. കെഎസ്യുവിന്റെ ആധിപത്യമുള്ള കോളേജായിരുന്നു സെന്റ് ആല്‍ബര്‍ട്സ്. മഹാരാജാസ് എസ്എഫ്ഐയുടേതും. എനിക്ക് ആഗ്രഹം കെഎസ്യു ശക്തമായുള്ള കോളേജില്‍ പഠിക്കുക എന്നത് എന്റെയൊരു ആഗ്രഹമായിരുന്നു. എല്ലാവരും മഹാരാജാസില്‍ അപേക്ഷ കൊടുത്തപ്പോള്‍ ഞാന്‍ കൊടുത്തില്ല. ഞാന്‍ ആല്ബര്ട്സിലാണ് കൊടുത്തത്. അതിന്റെ പിന്നില്‍ എന്റെ രാഷ്ട്രീയമുണ്ടായിരുന്നു.
നാട്ടില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസിലെ ഏറ്റവും നല്ല സംഘടന സേവാ ദള്ളാണ്. അച്ചടക്കമുള്ള, പാര്‍ട്ടിയേപ്പറ്റി അറിയാവുന്ന സംഘടന. കെ മുരളീധരന് സേവദളിലൂടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. നമ്മള് പിളേളരാണെങ്കിലും സേവാദള്‍ പ്രവര്ത്തനവുമായുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താന് സേവാദളിന്റെ സംസ്ഥാന ചെയര്മാന് ആയിരിക്കുമ്പോഴാണ് ഞാന്‍ കേരളത്തിലെ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുക്കപ്പെടുന്നത്. എ കെ ആന്റണിയാണ് എനിക്ക് പുരസ്കാരം തന്നത്.
തെരഞ്ഞെടുപ്പ് ഇപ്പോഴും വീറും വാശിയുമുള്ള ഓര്‍മ്മകളായാണ് നില്‍ക്കുന്നത്. മത്സരിക്കാന്‍ സാധ്യതകളൊക്കെ വന്നപ്പോഴേക്കും ഞാന്‍ സിനിമയും സീരിയലുകളുമായി മറ്റ് തിരക്കുകളിലേക്ക് ആയിപ്പോയി. ഇപ്പോഴും ആലോചനകളൊക്കെ മുറുകുന്നുണ്ടെങ്കിലും എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കണമെന്നാവശ്യപ്പെട്ട് കുറേ പേര് വന്നിരുന്നു. രാഷ്ട്രീയത്തേക്കുറിച്ച് ഒന്നും അറിയാത്ത എന്റെ ഭാര്യയ്ക്ക് വരെ സാധ്യതകള്‍ വന്നു. ഞാനിപ്പോ നാട്ടില്‍ നിന്ന് വിട്ട് വരാപ്പുഴയിലാണ് താമസമെങ്കിലും ഈ രാഷ്ട്രീയത്തില്‍ തന്നെ ഉണ്ടെന്നറിയാം.
സിനിമയിലെ കോണ്‍ഗ്രസുകാര്‍ മിണ്ടാറില്ല
സിനിമയില്‍ കോണ്‍ഗ്രസ് എന്ന് പറയുന്ന ആളുകള്‍ വളരെ വളരെ കുറവാണ്. കോണ്‍ഗ്രസുകാരുണ്ട് പക്ഷെ, ആരും പറയാറില്ല. വെട്ടിത്തുറന്ന് പറയുന്നത് ഞാന്‍ മാത്രമേയുള്ളൂ. അത്തരത്തില്‍ സൗഹൃദങ്ങളും പിന്തുണയുമുണ്ട്. ഹൈബി ഈഡന്, ശശി തരൂര്‍ ഉള്‍പ്പെടെ അങ്ങേയറ്റത്തുള്ള നേതാക്കള്‍ക്ക് വരെ ഞാന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്നും സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളയാളാണെന്നും അറിയാം. നല്ലൊരു കോണ്‍ഗ്രസുകാരനാണെന്ന് അറിയാവുന്നതുകൊണ്ട് ഞാനും വെട്ടിത്തുറന്ന് പറയാറും വിമര്‍ശിക്കാറുമുണ്ട്. നമ്മുടെ ആശയം പറയുന്നതിന് ആരേയും പേടിക്കേണ്ട ആവശ്യമില്ലല്ലോ. അതിന്റെ പേരില്‍ ഭയങ്കര സൈബര്‍ ആക്രമണമൊക്കെയുണ്ട്. ചിലപ്പോള്‍ നമ്മള് പറയുന്ന ആശയം ചില ആളുകള്‍ക്ക് എതിരായിട്ട് തോന്നും. വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു. നമ്മള് അഭിപ്രായ സ്വാതന്ത്ര്യമുള്ളവരല്ലേ. നമ്മള് അഭിപ്രായം പറയാന്‍ പാടില്ലേ? മുന്‍പ് എനിക്ക് ഇത്രയധികം ശത്രുക്കള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാല്‍ എതിര് ഭാഗത്ത് നിന്ന് ഭയങ്കരമായ സൈബര്‍ ആക്രമണമുണ്ട്.
എന്റെ നിലപാടുകള്‍ മാറ്റിപ്പറയുന്നോ? തിരുത്തിപ്പറയുന്നോ എന്നെല്ലാം ചോദിച്ച് ചിലര്‍ വന്നിരുന്നു. ഞാന്‍ പറഞ്ഞ നിലപാടുകളില്‍ ഇന്നേ വരെ മാറ്റം വരുത്തിയിട്ടില്ല. മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുമില്ല.
ലീഡര്‍ പാര്‍ട്ടി വിട്ടത് വേദനിപ്പിക്കുന്ന ഓര്‍മ്മ

എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കിയ സമയമാണ് ലീഡര്‍ പാര്‍ട്ടി മാറി ഒന്ന് മാറ്റിച്ചവിട്ടിയത്. ടിവിയ്ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് പറഞ്ഞ കാലഘട്ടം. ഡിഐസി വന്ന സമയം. എന്റെ നാട്ടിലുള്ള ഒട്ടുമിക്ക ആളുകളും ഒരു പ്രാദേശിക നേതാവിന്റെയൊപ്പം ലീഡര്‍ക്ക് പിന്തുണയുമായി പോയി. ഞാന്‍ പോയില്ല. ആ വര്‍ഷം തെരഞ്ഞെടുപ്പിന് ഇറങ്ങണ്ട എന്ന നിലപാടെടുത്തു. കാരണം, എന്നും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന എല്ലാവരും കൂടി ടിവിയ്ക്ക് വോട്ടു ചെയ്യാന്‍ വേണ്ടി പോയി. ഞാന്‍ അങ്ങനെ പോകാന്‍ തീരുമാനമെടുത്തില്ല. ഞാന്‍ അപ്പോഴും കോണ്‍ഗ്രസുകാരനാണ്. ലീഡര്‍ പോയിട്ട് തിരിച്ചുവരട്ടെ. ലീഡര്‍ പോയിട്ടുണ്ടെങ്കില്‍ എന്നെങ്കിലും തോന്നുമ്പോള്‍ തിരിച്ചുവരും എന്നായിരുന്നു എന്റെ ധാരണ. ഞാന്‍ അനങ്ങാതെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇറങ്ങാതെ വീട്ടിലിരുന്നു. അന്ന് അവിടുത്തെ ചാര്‍ജ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സാറിനായിരുന്നു. ഒരു അനക്കവുമില്ലാത്ത അവസ്ഥ. കാരണം വലിയ ആളുകളൊക്കെ ഡിഐസിയിലേക്ക് ചാഞ്ഞ് ടിവിയ്ക്ക് വോട്ട് ചെയ്യാനുള്ള ശ്രമങ്ങളിലാണ്. കോണ്‍ഗ്രസിന് പൊതുവേ പ്രവര്‍ത്തകര്‍ കുറഞ്ഞു. ആരൊക്കെയാണ് പ്രവര്‍ത്തകര്‍ എന്ന് അന്വേഷിച്ചുവരുമ്പോള്‍ ഞാനൊക്കെ ആ കൂട്ടത്തിലുണ്ട്. അങ്ങനെ തിരുവഞ്ചൂര്‍, കെപിസിസി ജനറല്‍ സെക്രട്ടറി കുന്നത്തൂര്‍ ബാലന് എന്നിവരൊക്കെ ചേര്‍ന്ന് രാത്രി വീട്ടില്‍ വന്നു. ഇറങ്ങണമെന്ന് നിര്‍ബന്ധിച്ചു. എം ഒ ജോണ്‍ ആണ് അന്ന് സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് നിന്നത്. അവരുടെ നിര്‍ബന്ധം മൂലം ഞാന്‍ ഇറങ്ങി. കൂട്ടത്തിലുള്ളവരോട് ഒരു വഴക്കായി. എല്ലാരും പോയി ഞാന്‍ ഒറ്റയ്ക്കായി എന്ന രീതിയില്‍. ഞാന്‍ ആ വഴക്ക് കണക്ക് കൂട്ടിയില്ല. ഞാന്‍ കോണ്‍ഗ്രസുകാരനാണല്ലോ അപ്പോഴും. അങ്ങോട്ട് പോയില്ലല്ലോ. വേറെ സ്ഥലത്തോട്ട് പോയിട്ട് അല്ലല്ലോ വഴക്കുണ്ടായത്. നിന്നിടത്ത് തന്നെ തന്നോ. അതിന്റെ പേരില്‍ രണ്ട് മൂന്ന് നല്ല സുഹൃത്തുക്കള്‍ വഴക്കിട്ടു. വര്‍ഷങ്ങളെടുത്തു അത് മാറാന്‍.
നിയമസഭയിലേക്ക് മത്സരിച്ചേക്കില്ല
നിയമസഭാ സീറ്റ് തന്നാല്‍ മത്സരിക്കുമോയെന്ന് ചോദിച്ചാല്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇരിക്കും. അത് നമ്മളേക്കൊണ്ട് പറ്റുന്ന പണിയാണോ എന്നതാണ് നമ്മുടെ പ്രശ്നം. ഞാന്‍ അതിനോട് പൊരുത്തപ്പെട്ടിട്ടില്ല. രാഷ്ട്രീയത്തിലെ കളികള്‍ എനിക്ക് പിടുത്തമില്ലാത്ത പരിപാടിയാണ്. ഞാന്‍ കോണ്‍ഗ്രസിനുള്ളിലെ കമ്മ്യൂണിസ്റ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് സ്ഥാനങ്ങള്‍ തരാന്‍ മടിക്കും. ഞാന്‍ ഉള്ള കാര്യം പറയുന്നതുകൊണ്ട്. രാഷ്ട്രീയത്തില്‍ നില്ക്കുമ്പോള് അങ്ങനെ പാടില്ലല്ലോ. ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കണം, കണ്ണടയ്ക്കണം. ഇതൊക്കെ എനിക്ക് പറ്റാത്തതായിരുന്നു. അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ വരെ ഞാന്‍ എത്താതെ ഇരുന്നിട്ടുണ്ട്. ആരു മുഖത്ത് നോക്കിയാണെങ്കിലും കാര്യം പറയും. ഏത് വലിയ നേതാവിന്റെ മുഖത്ത് നോക്കിയാണെങ്കിലും പറഞ്ഞിട്ടുണ്ട്. പറഞ്ഞിട്ട് ഇറങ്ങിപ്പോന്നിട്ടുമുണ്ട്. നമുക്ക് അതേ പറ്റൂ. അതാണ് പ്രശ്നവും. അങ്ങനെയുള്ളയൊരാളെ പരിഗണിക്കാന്‍ ഒരു പാര്‍ട്ടി താല്പര്യപ്പെടില്ല.
കോണ്‍ഗ്രസ് ഇങ്ങനായാല്‍ പോരാ
ഇപ്പോഴത്തെ കോണ്‍ഗ്രസ് സമരപരിപാടികളില്‍ ശക്തമല്ല. വ്യക്തമായിട്ട് ഒരു ആധിപത്യം കിട്ടേണ്ട സമയമാണ്. കാരണം ഇങ്ങനെയൊരു ഭരണത്തിന്റെ മുകളില്‍ ഒരുപാട് കാര്യങ്ങള്‍ കോണ്‍ഗ്രസിന് ചെയ്യാനുണ്ട്. പക്ഷെ, എവിടെയൊക്കെയോ എന്തൊക്കെയോ നേതാക്കള്‍ മിണ്ടാതെയിരിക്കുന്നു. അതൊക്കെ കാണുമ്പോള്‍ നമുക്ക് ദു:ഖം തോന്നാറുണ്ട്. സമരം ശക്തമാക്കാത്തത് എന്താണെന്ന് ഞാന്‍ പല നേതാക്കളോടും ചോദിക്കാറുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള സമരങ്ങള്‍ ഒക്കെയുണ്ട്. പക്ഷെ, ഇത് തന്നെ വേറൊരു പാര്‍ട്ടിയായിരുന്നെങ്കില്‍ കേരളം മറിച്ചുവെച്ചേനെ. പക്ഷെ, കോണ്‍ഗ്രസിന്റെ സമര രാഷ്ട്രീയം അത്രയ്ക്ക് ശക്തമല്ല. ചൂടുപോരാ. സമരം ശക്തമല്ലെന്ന് പറയുമ്പോള്‍ കേരളം കത്തിക്കണമെന്നോ ബസിന് കല്ലെറിയണമെന്നോ പൊതുമുതല്‍ നശിപ്പിക്കണമെന്നോ അല്ല ഉദ്ദേശിക്കുന്നത്. സമരം സമരത്തിന്റെ വഴിക്ക് പോകുന്നില്ലാ എന്നതാണ് സത്യം. കുറേ ജലപീരങ്കിയും അടിയും കൊണ്ടിട്ട് കാര്യമില്ല. സമരം അതിന്റെ പോയിന്റിലേക്ക് എത്തിയില്ല.
സമരം നയിച്ചിട്ടുണ്ട്, ജയിലില്‍ കിടന്നിട്ടുണ്ട്, സമരം ജയിപ്പിച്ചിട്ടുമുണ്ട്

ഞാന്‍ സമരം നയിച്ചിട്ടുണ്ട്. നാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് കുടിവെള്ള സമരം നടത്തിയത്. നാട്ടിലെ കുട്ടികളും അമ്മമാരും പങ്കെടുത്തു. സമരത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ ഏഴ് ദിവസം ജയിലിലും കിടന്നിട്ടുണ്ട്. പക്ഷെ കുടിവെള്ളം കൊണ്ടുവന്നു. സമരം വിജയമാക്കി.
മുഖ്യമന്ത്രിയായി കാണാന്‍ കൂടുതലിഷ്ടം മുരളീധരനെ
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ ആരാണെന്ന് ഞാന്‍ പറയാന്‍ പാടില്ല. പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. കേരളം കണ്ട മുഖ്യമന്ത്രിമാരില്‍ ഏറ്റവും ഇഷ്ടം കെ കരുണാകരനെയാണ്. അതുപോലെ ഇഷ്ടമുള്ള പല നേതാക്കളുമുണ്ട്. മുഖ്യമന്ത്രിക്കസേരയിലേക്ക് വരാന്‍ പോകുന്ന പേരുകാരില്‍ ഇപ്പോള്‍ അവരൊന്നും ഇല്ല. എനിക്കിഷ്ടപ്പെട്ട, നല്ലൊരു നേതാവാണ് കെ മുരളീധരന്. കേരളം കണ്ട ഒരു നല്ല കെപിസിസി പ്രസിഡന്റായിരുന്നു. രമേശ് ചെന്നിത്തല നമുക്ക് അടുപ്പം തോന്നുന്ന ഒരു നേതാവാണ്. വിവാദങ്ങളിലേക്ക് പോകാതെ നിന്നാല്‍ അതാണ്. അപ്പോഴും ഉമ്മന്‍ ചാണ്ടി എന്നൊരു മനുഷ്യന് നില്‍ക്കുന്നുണ്ട്. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ കഠിന പ്രയത്നം, വിശ്രമിക്കുക പോലും ചെയ്യാതെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്ന മനുഷ്യനെന്ന നിലയിലൊക്കെ. കോണ്‍ഗ്രസിനുള്ള ഗുണം എന്താണെന്ന് വെച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് പഞ്ഞമില്ല. സ്ഥാനാര്‍ത്ഥികള്‍ക്കും പഞ്ഞമില്ല. ആര് വരണമെന്നുള്ളത് ഹൈക്കമാന്‍ഡ് എടുക്കേണ്ട തീരുമാനത്തില്‍ പെട്ടതാണ്.
ജനപ്രതിനിധി സ്ഥാനമുപേക്ഷിച്ച് മത്സരിക്കാന്‍ പോകുന്നത് തടയാന്‍ നിയമം വേണം
വെച്ചുമാറലിന്റെ ഭാഗമായാണ് കെ വി തോമസ് മാഷിന് സീറ്റ് കിട്ടാതെ പോയത്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും എനിക്ക് വിയോജിപ്പുണ്ട്. ഒരു സ്ഥാനത്തിരിക്കുന്ന ഒരാളെ, അദ്ദേഹം ജനപ്രതിനിധിയായി ഇരിക്കുമ്പോള്‍ തന്നെ ആ സ്ഥാനത്ത് നിന്ന് വേറൊരു സ്ഥാനത്തേക്ക് മത്സരിപ്പിക്കുക എന്നത് ശരിയല്ല. ഏത് പാര്‍ട്ടിയിലായാലും അത് ജനങ്ങളുടെ പണം ധൂര്‍ത്തടിക്കലാണ്. അവര്‍ ഒരു സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തെ അവിടെ നിന്ന് മാറ്റി വേറൊരു സ്ഥലത്തേക്ക് പ്രതിഷ്ഠിക്കുക. പിന്നെ ആ സ്ഥലത്തേക്ക് വേറൊരു ഇലക്ഷന് വരുക. അതൊരു ധൂര്‍ത്താണ്. സ്ഥാനാര്‍ത്ഥി വേണ്ടയിടത്തേക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ സ്ഥാനത്ത് നിന്ന് മാറ്റി അവിടേക്ക് വേറെയാളെ വെക്കുന്നതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് മാത്രമല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് കാണിക്കാറുണ്ട്. തെരഞ്ഞെടുപ്പാണ് ജനങ്ങളുടെ പണമാണ്. ഇത്രയധികം പണം വീണ്ടും ചെലവഴിക്കപ്പെടേണ്ട സമയമല്ല ഇത്. ജനങ്ങള്‍ക്ക് അത് ബുദ്ധിമുട്ടാണ്. അതൊരു നല്ല കീഴ് വഴക്കമല്ല. ഇതിനെതിരായി നിയമസംവിധാനം കൊണ്ടുവന്ന് ഈ പരിപാടി നിര്‍ത്തലാക്കണം.
ജോസ് കെ മാണി ചെയ്തത് വഞ്ചന

ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പോയത് ഒരു നല്ല തീരുമാനമായല്ല എനിക്ക് തോന്നുന്നത്. അത് കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചനയാണ്. മാണി സാര്‍ കോണ്‍ഗ്രസിനോട് അത്രയും ഇഴുകിച്ചേര്‍ന്ന നേതാവാണ്. മാണിസാറിനെ ഏറ്റവും കുരിശില്‍ തറച്ച, ബാര്‍ കോഴ കേസില്‍ മാണി സാറിന് മണിയോര്‍ഡര്‍ അയച്ചുകൊടുത്ത പാര്‍ട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേര്‍ന്നിരിക്കുന്നത്. മാണിസാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും എന്ന് തന്നെയാണ് എന്റെ വിചാരം.
കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും ഇഷ്ടം ഇ കെ നയനാരെ ആയിരുന്നു. ധാരാളം നേതാക്കള്‍ വേറെയുണ്ട്. തോമസ് ഐസക്, എം എ ബേബി, പി രാജീവ്, ശ്രീമതി ടീച്ചര്‍. ഷൈലജ ടീച്ചറെ വലിയ ബഹുമാനമാണ്.
പ്രവര്‍ത്തനം കോണ്‍ഗ്രസിന് വേണ്ടി മാത്രം
ഏത് പാര്‍ട്ടി വിളിച്ചാലും ഇലക്ഷന് പ്രചരണത്തിന് പോകുന്നയാളല്ല. അങ്ങനെ കുറേ പേര് സമീപിച്ചു. പ്രചരണത്തിന് വരണമെന്നില്ല, ബൈറ്റ് എങ്കിലും തന്നാല്‍ മതിയെന്ന് പറഞ്ഞു. എന്റെ വളരെയടുത്ത സുഹൃത്ത് രണ്ട് പാര്‍ട്ടിയില്‍ നിന്നും മാറി സ്വതന്ത്ര്യനായി നില്ക്കാന് തീരുമാനിച്ചിട്ട് എന്നോട് ബൈറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ തരില്ലാ എന്ന് പറഞ്ഞു. വ്യക്തമായ രാഷ്ട്രീയമുള്ളയാളാണ് ഞാന്‍. അപ്പോളെനിക്ക് സ്വതന്ത്രന് വേണ്ടി അത് കൊടുക്കാന്‍ കഴിയില്ല. വളരെ വേണ്ടപ്പെട്ട സുഹൃത്തായിരുന്നിട്ട് പോലും. എന്ത് സുഹൃത്താണെങ്കിലും ഞാന്‍ എന്റേതായ നിലപാട് മാറ്റില്ല. മുന്‍പും പറഞ്ഞിട്ടുണ്ട്. ഞാന്‍ അന്നും ഇന്നും എന്നും ഒരു കോണ്‍ഗ്രസുകാരനാണ് എന്നുള്ളത്.