
ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സുരക്ഷ നല്‍കിയില്ലെങ്കില്‍ മനീഷയുടെ കുടുംബത്തെ താന്‍ വീട്ടിലേക്ക് കൊണ്ടുപോകും. അവര്‍ ഇവിടെ സുരക്ഷിതരല്ല. വിരമിച്ച ഒരു സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ബൂല്‍ ഗര്‍ഹിയില്‍ യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് ഭീം ആര്‍മി നേതാവിന്റെ പ്രതികരണം.
സന്ദര്‍ശനത്തിനിടെ ആസാദിനെ യുപി പൊലീസ് തടഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വെച്ചാണ് തടഞ്ഞത്. തുടര്‍ന്ന് ആസാദും ഭീം ആര്‍മി പ്രവര്‍ത്തകരും ഹാത്രസിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ചിരുന്നു.
യുവതി കൊല്ലപ്പെട്ടതിന് ശേഷം കുടുംബത്തിന് നേരെ സവര്‍ണ ജാതിക്കാരുടെ ഭീഷണിയുണ്ടായിരുന്നു. തങ്ങളുടെ കുട്ടികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സവര്‍ണ നേതാക്കള്‍ മനീഷ വാത്മീകിയുടെ കുടുംബത്തോട് പറഞ്ഞു. മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദളിത് കുടുംബത്തെ ജില്ലാ മജിസ്ട്രേറ്റ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. പ്രതികള്‍ക്കൊപ്പം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തേയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആഴ്ച്ചകളോളം യുപി പൊലീസിന്റെ ബന്ദവസിലായിരുന്നു ഹാത്രസ് യുവതിയുടെ കുടുംബം. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും രാഷ്ട്രീയ നേതാക്കളെ കാണുന്നതില്‍ നിന്നും കുടുംബത്തെ വിലക്കിയിരുന്നു. പൊലീസ് തങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്ന് കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.