Top

‘മോനോരു പോലീസാകണമെന്ന് തീരുമാനിച്ചാൽ അത് നടന്നിരിക്കും’; അഭിജിത്തിന് ആശംസകളുമായി ഡിജിപി

മീൻ വിൽപ്പനക്കാരിയായ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരൻ അഭിജിത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വളർന്നു വലുതാവുമ്പോൾ കുഞ്ഞ് അഭിക്ക് പൊലീസാവണമെന്നാണ് ആ​ഗ്രഹം. ഇക്കാര്യം കേരളാ പൊലീസിന്റെ ചെവിയിലുമെത്തി. പോലീസിൽ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന അഭിയെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിക്കുകയും ചെയ്തു. തിരുവല്ലം പുഞ്ചക്കരി തമ്പുരാൻമുക്ക് സ്വദേശി സുധാദേവിയുടെ ചെറുമകനാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്. ചെറുപ്പത്തിലെതന്നെ മാതാപിതാക്കൾ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് […]

14 July 2021 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മോനോരു പോലീസാകണമെന്ന് തീരുമാനിച്ചാൽ അത് നടന്നിരിക്കും’; അഭിജിത്തിന് ആശംസകളുമായി ഡിജിപി
X

മീൻ വിൽപ്പനക്കാരിയായ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരൻ അഭിജിത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വളർന്നു വലുതാവുമ്പോൾ കുഞ്ഞ് അഭിക്ക് പൊലീസാവണമെന്നാണ് ആ​ഗ്രഹം. ഇക്കാര്യം കേരളാ പൊലീസിന്റെ ചെവിയിലുമെത്തി. പോലീസിൽ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന അഭിയെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിക്കുകയും ചെയ്തു.

തിരുവല്ലം പുഞ്ചക്കരി തമ്പുരാൻമുക്ക് സ്വദേശി സുധാദേവിയുടെ ചെറുമകനാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്. ചെറുപ്പത്തിലെതന്നെ മാതാപിതാക്കൾ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ്. പുലർച്ചെ നാലുമണിക്ക് മീൻ കച്ചവടത്തിനിറങ്ങുന്ന അമ്മൂമ്മയെ തന്നാലാവും വിധം സഹായിക്കുകയാണ് അഭിജിത്.

വിഴിഞ്ഞത്ത് നിന്ന് മീൻ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാൽ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളിൽ വീട്ടിൽ നിന്ന് പുറപ്പെടും. വീടുകളിൽ മീൻ ആവശ്യമുണ്ടോ എന്ന് തിരക്കും. മീൻകുട്ട സൈക്കിളിന് പുറകിൽ വച്ച് അമ്മൂമ്മയോടൊപ്പം ആവശ്യക്കാരുടെ അടുത്തേയ്ക്ക്. കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ പഠനം. രാത്രിയിൽ ഓൺലൈൻ ക്ലാസ്. ഇതാണ് അഭിജിത്തിൻറെ ദിനചര്യ.

നന്നായി പഠിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനാകാൻ അഭിജിത്തിനെ ഉപദേശിച്ച സംസ്ഥാന പോലീസ് മേധാവി കുട്ടിക്ക് പോലീസിൻറെ വകയായി ഒരു ലാപ്ടോപ്പ് സമ്മാനിച്ചു. പോലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് പോലീസ് ആസ്ഥാനത്തെത്തിയത്. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

Next Story