'ആരാധകരാണ് ഞങ്ങളുടെ ഊര്‍ജം, അവര്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കണമെന്നാണ് ആഗ്രഹം'; വിരാട് കോഹ്‌ലി

'ആരാധകരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്'
'ആരാധകരാണ് ഞങ്ങളുടെ ഊര്‍ജം, അവര്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കണമെന്നാണ് ആഗ്രഹം'; വിരാട് കോഹ്‌ലി

ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രമാണുള്ളത്. ഏഷ്യയിലെ രാജാക്കന്മാരായതിന്റെ ആവേശത്തിലാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിനായി ഇറങ്ങുന്നത്. 1983ലെയും 2011ലെയും ചരിത്രം ആവര്‍ത്തിക്കുന്നത് കാണാന്‍ ഇന്ത്യയിലെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് കാത്തിരിക്കുന്നത്.

ലോക കിരീടത്തിനായുള്ള 12 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിടാനാണ് ടീം ഇന്ത്യ സ്വന്തം മണ്ണില്‍ ഇറങ്ങുന്നത്. 2011ല്‍ സ്വന്തമാക്കിയ കിരീടം 2015ലും 2019ലും തിരിച്ചുപിടിക്കാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ 2023ലെ ലോകകിരീടം സ്വന്തമാക്കുന്നതിന് വേണ്ടി ടീം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പറയുകയാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി. താരങ്ങള്‍ക്ക് ഊര്‍ജം പകരുന്നത് ആരാധകരാണെന്നും അവര്‍ക്ക് ഏറ്റവും മികച്ച ലോകകപ്പ് നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ശ്രമിക്കുമെന്നും കോഹ്‌ലി പറഞ്ഞു.

'ആരാധകര്‍ക്ക് ക്രിക്കറ്റിനോടുള്ള പാഷനും അചഞ്ചലമായ പിന്തുണയുമാണ് ലോകകപ്പ് സ്വന്തമാക്കാന്‍ ഞങ്ങള്‍ക്ക് ഊര്‍ജം പകരുന്നത്. കഴിഞ്ഞ ലോകകപ്പ് കാലത്തെ ഓര്‍മ്മകള്‍, പ്രത്യേകിച്ച് 2011ലെ ഐതിഹാസിക വിജയം നമ്മുടെ ഹൃദയങ്ങളില്‍ പതിഞ്ഞിരിക്കുകയാണ്. ആരാധകര്‍ക്ക് അത്തരത്തിലുള്ള പുതിയ ഓര്‍മ്മകള്‍ സമ്മാനിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം', കോഹ്‌ലി പറഞ്ഞു.

'ആരാധകരുടെ വൈകാരിക നിമിഷങ്ങള്‍ പകര്‍ത്തുന്ന ലോകകപ്പ് പോലുള്ള അവിശ്വസനീയമായ ക്യാംപെയ്‌നിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ആരാധകരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്', താരം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍.

ഒക്ടോബര്‍ അഞ്ചിനാണ് ക്രിക്കറ്റ് മാമാങ്കത്തിന് തിരിതെളിയുന്നത്. നവംബര്‍ 19 വരെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം ഇന്ത്യയിലെ പത്ത് വേദികളിലായാണ് അരങ്ങേറുന്നത്. 1983, 2011 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com