ക്രിക്കറ്റില്‍ കോഹ്ലി തന്നെ കിംഗ്, പതിറ്റാണ്ടിന്റെ താരം; ടെസ്റ്റില്‍ സ്മിത്ത്, ട്വന്റി-20യില്‍ റഷീദ്

പോയപതിറ്റാണ്ടിലെ ഐസിസിയുടെ മികച്ച ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി തെരഞ്ഞടുക്കപ്പെട്ടു. 66 സെഞ്ച്വറികളുടേയും 94 അര്‍ദ്ധസെഞ്ച്വറികളുടേയും അകമ്പടിയോടെ കോഹ്ലി നേടിയത് 20,396 റണ്‍സാണ്. മികച്ച ഏകദിന താരവും ഇന്ത്യന്‍ നായകന് തന്നെ. 61.83 ശരാശരിയില്‍ കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പതിനായിരത്തില്‍ അധികം റണ്‍സാണ് പിറന്നത്.
ഓസ്ട്രേലിയയുടെ മുന്‍ നായകന് സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് താരം. 7040 റണ്‍സാണ് സ്മിത്ത് ഓസ്ട്രേലിയക്കായി നേടിയത്. 26 സെഞ്ച്വറിയും 28 അര്‍ദ്ധ സെഞ്ച്വറിയും കുറിച്ചു.
മികച്ച ട്വന്റി-20 താരമായി അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന് തെരഞ്ഞെടുക്കപ്പെട്ടു. 89 വിക്കറ്റാണ് താരം നേടിയത്. ഒരോ 12 റണ്സിനിടയിലും റഷീദ് ഒരു വിക്കെറ്റെടുക്കും എന്നാണ് കണക്ക്. മൂന്ന് തവണ നാല് വിക്കറ്റും, രണ്ട് തവണ അഞ്ച് വിക്കറ്റും നേടി.
ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിക്ക് ലഭിച്ചു. 2011 നോട്ടിങ്ഹാം ടെസ്റ്റില്‍ റണ്ണൗട്ടായ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്ലിനെ തിരിച്ച് വിളിച്ചതാണ് ധോണിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയ നിമിഷം. രണ്ടാം തവണയാണ് ധോണി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് നേടുന്നത്.
എന്നാല്‍ വനിതകളുടെ വിഭാഗത്തില്‍ ഓസ്ട്രേലിയയുടെ എലിസെ പെറിയുടെ അപ്രമാധിത്യം ആയിരുന്നു. മികച്ച ഏകദിന ട്വന്റി-20 താരമായി തിരഞ്ഞെടുക്കപ്പെട്ട പെറി തന്നെയാണ് പതിറ്റാണ്ടിന്റേയും വനിതാ ക്രിക്കറ്റര്‍. രണ്ട് ഫോര്‍മാറ്റിലുമായി 4349 റണ്‍സും 213 വിക്കറ്റും നേടി.