Top

‘എനിക്കിപ്പോഴും ഭരണഘടനയില്‍ വിശ്വാസമുണ്ട്, നീതി വേണം’; കുറ്റം ഒഴിവാക്കിയതിന് ശേഷം സിദ്ധിഖ് കാപ്പന്റെ പ്രതികരണം

കോടതിയില്‍ നിന്നും തിരിച്ച് ഇറങ്ങുന്ന വഴി താന്‍ കെട്ടിച്ചമയ്ക്കപ്പെട്ട ഒരു കേസിലാണ് അറസ്റ്റിലായിരിക്കുന്നതെന്ന് കാപ്പന്‍ മാധ്യമങ്ങളോട് വിളിച്ചുപറയുകയായിരുന്നു.

16 Jun 2021 6:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എനിക്കിപ്പോഴും ഭരണഘടനയില്‍ വിശ്വാസമുണ്ട്, നീതി വേണം’; കുറ്റം ഒഴിവാക്കിയതിന് ശേഷം സിദ്ധിഖ് കാപ്പന്റെ പ്രതികരണം
X

അറസ്റ്റിന് കാരണമായ സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തില്‍ നിന്നും ഒഴിവായ ശേഷം മാധ്യമങ്ങളോട് പ്രതികരണമറിയിച്ച് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍. തനിക്ക് നീതി വേണമെന്നും താന്‍ ഇപ്പോഴും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ടെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നീതി നിഷേധിക്കപ്പെടുകയായിരുന്നെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമക്കപ്പെട്ടതാമെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. ഇത് പൂര്‍ണ്ണമായും വ്യാജമായ ഒരു കേസാണെന്ന് കാപ്പന്‍ ഊന്നിപ്പറഞ്ഞു.

കാപ്പനൊപ്പം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റിന് കാരണമായ കുറ്റങ്ങളും ഒഴിവാക്കിയത് മഥുര കോടതിയാണ്. കോടതിയില്‍ നിന്നും തിരിച്ച് ഇറങ്ങുന്ന വഴി താന്‍ കെട്ടിച്ചമയ്ക്കപ്പെട്ട ഒരു കേസിലാണ് അറസ്റ്റിലായിരിക്കുന്നതെന്ന് കാപ്പന്‍ മാധ്യമങ്ങളോട് വിളിച്ചുപറയുകയായിരുന്നു. . കുറ്റം ചുമത്തിയതിന് തെളിവുകള്‍ ആറു മാസത്തിനുള്ളില്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞിരുന്നു.

ഹത്രാസില്‍ കൂട്ടമാനംഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിക്കാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ഒക്ടോബര്‍ 5നായിരുന്നു അറസ്റ്റ്. സിദ്ദീഖ് കാപ്പന് പുറെ അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. യുഎപിഎ നിയമപ്രകാരം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തി 7 മുതല്‍ ഇവര്‍ ജയിലില്‍ ആയിരുന്നു.

അതേസമയം, സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ 22ന് കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ണായക നടപടി. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് കാപ്പന്‍ വീണ്ടും ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. യാതൊരു തെളിവുകളും ഇല്ലാതെയാണ് തന്നെ കേസില്‍ പെടുത്തിയതെന്നും കാപ്പന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Next Story