Top

ഐ ഫോണ്‍ വിവാദം; യൂണിടാക് എംഡിക്ക് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്; ‘മാപ്പ്, അല്ലെങ്കില്‍ ഒരു കോടി’

മാപ്പ് പറയണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകും.

4 Oct 2020 10:35 PM GMT

ഐ ഫോണ്‍ വിവാദം; യൂണിടാക് എംഡിക്ക് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്; ‘മാപ്പ്, അല്ലെങ്കില്‍ ഒരു കോടി’
X

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷില്‍ നിന്നും താന്‍ ഫോണ്‍ വാങ്ങിയെന്ന് ആരോപിച്ച യൂണിടാക് എംഡി സന്തോഷ് ഈപ്പന് പ്രതിപക്ഷ നേതാവിന്റെ വക്കീല്‍ നോട്ടീസ്. തനിക്ക് ഐഫോണ്‍ നല്‍കിയെന്ന പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സന്തോഷ് ഈപ്പന്‍ ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകും. കോടതിയെ സമീപിക്കും. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന വക്കീല്‍ നോട്ടീസ് അഡ്വ. ടി അസഫലി മുഖേനയാണ് അയച്ചിരിക്കുന്നത്.

യൂണിടാക്കിന്റെ പേരില്‍ കൊച്ചിയിലെ ഷോപ്പില്‍ നിന്ന് വാങ്ങിയ ആറ് ഫോണുകളില്‍ ഒന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അഞ്ച് ഫോണുകള്‍ സ്വപ്‌ന സുരേഷിന് കൈമാറിയെന്നും അതില്‍ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്വപ്‌ന ചെന്നിത്തലയ്ക്ക് കൈമാറിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ആരോപിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക് എംഡി ഹര്‍ജി നല്‍കിയിരുന്നു.

ആരോപണം തള്ളിയ ചെന്നിത്തല ഐഎംഇഐ നമ്പര്‍ ട്രേസ് ചെയ്ത് ഉപയോഗിക്കുന്നയാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നതിനേ തുടര്‍ന്നാണ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചത്. ഐ ഫോണ്‍ ആരോപണത്തിന്റെ പേരില്‍ സിപിഐഎം സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ചു തന്നെ ആക്രമിക്കുകയാണെന്ന് ചെന്നിത്തല പരാതിപ്പെട്ടിരുന്നു. ആരോപണം ചര്‍ച്ചയായതിനേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ രൂക്ഷമായ വാക്‌പോരുണ്ടാകുകയും ചെയ്തു.

Next Story