
ഐഫോണ്‍ വിവാദത്തേത്തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഒരു കള്ളക്കടത്തുകാരന്റേയും കൂപ്പറില്‍ കയറിയിട്ടില്ലെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധോലോകവുമായോ മയക്കുമരുന്ന് കടത്തുമായോ എന്റെ കുടുംബത്തിലെ ആര്‍ക്കും ബന്ധമില്ല. തന്റെ കുടുംബാംഗങ്ങളില്‍ ആരുടേയും ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വന്നിട്ടില്ല. ആരെയാണ് നാളെ ചോദ്യം ചെയ്യുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ചെന്നിത്തല പ്രതികരിച്ചു.
കൂപ്പറില്‍ കയറിയ ആള് എന്നെ പഠിപ്പിക്കണ്ട. കൂപ്പറില്‍ കയറിയവരെ നാളെ ചോദ്യം ചെയ്യും. കൊടുത്താല്‍ കൊല്ലത്തല്ല തിരുവനന്തപുരത്തും ബാംഗ്ലൂരിലുമാണ് കിട്ടാന്‍ പോകുന്നത്.
രമേശ് ചെന്നിത്തല
കോടിയേരിക്ക് പ്രോട്ടോക്കോള്‍ എന്താണെന്ന് അറിയില്ല. തനിക്കാരും ഐ ഫോണ്‍ തന്നിട്ടില്ല. ആരുടെ കൈയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. അവരുടെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങേണ്ട ഗതികേട് തനിക്കില്ല. വാങ്ങാത്ത ഐ ഫോണില്‍ എന്ത് പ്രോട്ടോക്കോള്‍ ലംഘനം? അഴിമതിക്കാരന്റെ സത്യവാങ്മൂലത്തിന് എന്ത് പ്രസക്തിയാണുള്ളത്. ഐഎംഇഐ നമ്പര്‍ ട്രേസ് ചെയ്ത് ഐ ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നയാളെ കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട്് ഡിജിപിക്ക് വൈകുന്നേരം പരാതി നല്കി. ഇപ്പോള്‍ ആരുടെ കൈയ്യിലാണ് ഈ ഫോണുകളെന്ന് ഡിജിപി ട്രേസ് ചെയ്യട്ടെ. തനിക്ക് ഒന്നും മറയ്ക്കാനില്ല. കോടിയേരി പറഞ്ഞതോടുകൂടി നിങ്ങള്‍ക്ക് മനസിലായില്ലേ. ഇത്തരം സമ്മാനങ്ങള്‍ വാരിക്കൂട്ടിയവരാണ് ആരോപണം ഉന്നയിക്കുന്നത്. ആരോപണത്തിന്റെ സൂത്രധാരന്‍ ആരെന്ന് വ്യക്തമായി. സര്‍ക്കാരിനെതിരെ പോരാട്ടം നയിക്കുന്നത് രേഖകളുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാരിനെതിരെ അതിശക്തമായ പോരാട്ടവുമായി പ്രതിപക്ഷം മുന്നോട്ടുപോകും. സിപിഐഎമ്മിന് ഇങ്ങനൊരു പാര്‍ട്ടി സെക്രട്ടറി നില്‍ക്കുന്നതാണ് ഞങ്ങള്‍ക്ക് നല്ലതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പ്രതികരണം
യു.എ.ഇ. ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റിന്റെ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ച് അവിടെ ചെല്ലുകയും, അവിടെ നടന്ന ലക്കി ഡിപ്പിന്റെ ഭാഗമായി ചില വിജയികള്‍ക്ക് സമ്മാനം നല്കി എന്നതും മാത്രമാണ് ഐ ഫോണ്‍ വിഷയത്തിലെ വസ്തുത. അല്ലാതെ കോണ്‍സുലേറ്റില്‍ നിന്നും എനിക്ക് വ്യക്തിപരമായി ഐ-ഫോണ്‍ സമ്മാനിച്ചിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയതാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും, സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരെ വഷളാക്കുക എന്ന ഉദ്ദേശത്തോടും കൂടി പ്രചരിപ്പിക്കുന്നതുമാണ്.യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഐ ഫോണുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശം നടത്തിയിട്ടുണ്ട്. അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം എന്ന സാഹചര്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.യുഎഇ കോണ്‍സുലേറ്റ് ഔദ്യോഗികമായി ക്ഷണിച്ചത് മൂലമാണ് പരിപാടിയില്‍ പങ്കെടുത്തത്. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വിജയികള്‍ക്ക് സമ്മാനം നല്‍കിയത്. മുന്‍ നിയമസഭ സ്പീക്കറും സിപിഎം നേതാവുമായ എം. വിജയകുമാര്‍, ഒ. രാജഗോപാല്‍ എന്നിവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരും ലക്കി ഡിപ്പിന്റെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തിരുന്നു.നിജസ്ഥിതി തുറന്നു പറഞ്ഞിട്ടും സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ടൊന്നും എന്നെ പിന്തിരിപ്പിക്കാന് സാധിക്കില്ല. ഈ സര്‍ക്കാരിനെതിരെ അതിശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യും.