
ഐഫോണ്‍ വിവാദത്തില്‍ യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനെതിരെ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി ചെന്നിത്തല ഐ ഫോണ്‍ വാങ്ങിയെന്ന ഈപ്പന്റെ ആരോപണത്തിനെതിരെയാണ് ചെന്നിത്തല നിയമ നടപടിക്കൊരുങ്ങുന്നത്.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട സിബി ഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്കെതിരായ പരാമര്‍ശമുള്ളത്. ഇത് അടിയന്തിരമായി നീക്കണമെന്നാവശ്യപ്പട്ടുകൊണ്ടാണ് സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയക്കാന്‍ ചെന്നിത്തല തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ടി ആസിഫ് അലി മുഖേന നോട്ടീസ് അയക്കാനാണ് ചെന്നിത്തലയുടെ നീക്കം. ഉടനടി പിന്‍വലിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ നേരിട്ട് സമീപിക്കാനാണ് ചെന്നിത്തലയ്ക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
ഐ ഫോണ്‍ വിവാദത്തില്‍ തനിക്കെതിരെയുള്ള ആരോപണത്തെ ചെന്നിത്തല തെളിവുകള്‍ സഹിതം നിഷേധിച്ചിരുന്നു. മാത്രമല്ല ചടങ്ങുമായി ബന്ധപ്പെട്ട ഐ ഫോണുകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഡിജിപിയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ നടപടിക്രമങ്ങള്‍ തുടങ്ങാന്‍ സാധിക്കു എന്നാണ് പൊലീസിന്റെ നിലപാട്.
നടപടികള്‍ വൈകുന്ന സാഹചര്യത്തില്‍ ഐഎംഇഐ നമ്പറുകള്‍ ഉപയോഗിച്ച് ഐ ഫോണുകള്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കാനും രമേശ് ചെന്നിത്തല തീരുമാനിച്ചതായാണ് വിവരം. തിരുവനന്തപുരം സിജിഎം കോടതിയില്‍ ഹര്‍ജി നല്‍കാനാണ് അദ്ദേഹം ആലോചിക്കുന്നത്്. ഇതേ സമയം ഐ ഫോണ്‍ തര്‍ക്കത്തോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രോട്ടോക്കോള്‍ തര്‍ക്കത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റ് പരിപാടിയിലെ പ്രോട്ടോക്കോള്‍ ലംഘനമുയര്ത്തിക്കാട്ടി പ്രതിപക്ഷ നേതാവിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് സിപിഐഎം.
- TAGS:
- Ramesh chennithala