Top

ഞാന്‍ മോഡിയുടെ ഹനുമാന്‍, വേണമെങ്കില്‍ നെഞ്ച് പിളര്‍ന്ന് കാണിക്കാമെന്ന് ചിരാഗ് പസ്വാന്‍

ഏതെങ്കിലും ബിജെപി നേതാവിന്റെ വാക്കുകള്‍ തനിക്ക് മോഡിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ നേതൃത്യത്തില്‍ നടക്കാനിരിക്കുന്ന പ്രചാരണ റാലികളില്‍ തനിക്കെതിരെ ബിജെപി നേതാക്കള്‍ നടത്താനുദ്ദേശിക്കുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു.

16 Oct 2020 11:55 AM GMT

ഞാന്‍ മോഡിയുടെ ഹനുമാന്‍, വേണമെങ്കില്‍ നെഞ്ച് പിളര്‍ന്ന് കാണിക്കാമെന്ന് ചിരാഗ് പസ്വാന്‍
X

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രങ്ങള്‍ പ്രചരണത്തിനുപയോഗിക്കുന്നെന്ന വാദം തള്ളി ചിരാഗ് പസ്വാന്‍. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വിട്ട ലോക് ജനശക്തി പാര്‍ട്ടി പ്രചരണത്തിനായി മോഡിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നെന്ന ആരോപണത്തെത്തള്ളിയാണ് ചിരാഗ് പസ്വാന്‍ വൈകാരികമായ മറുപടിയുമായി രംഗത്തെത്തിയത്. മോഡിയുമായി തനിക്ക് ഹൃദയം കൊണ്ടുള്ള ആത്മബന്ധമാണെന്നും താന്‍ അദ്ദേഹത്തിന്റെ ഹനുമാനാണെന്നുമായിരുന്നു ചിരാഗ് പസ്വാന്റെ പ്രസ്താവന. തന്റെ ഹൃദയത്തിലുള്ള മോഡിയെ വേണമെങ്കില്‍ ഹനുമാന്‍ ചെയ്തതുപോലെ നെഞ്ച് പിളര്‍ന്ന് കാണിക്കാമെന്ന് ചിരാഗ് പസ്വാന്‍ പറഞ്ഞു.

എനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രങ്ങള്‍ പ്രചരണത്തിനാവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിലാണ് താമസിക്കുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ഹനുമാനാണ്, വേണമെങ്കില്‍ ഞാനെന്റെ ഹൃദയം പിളര്‍ന്നത് കാണിച്ചുതരാം.

ചിരാഗ് പസ്വാന്‍

ഏതെങ്കിലും ബിജെപി നേതാവിന്റെ വാക്കുകള്‍ തനിക്ക് മോഡിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ നേതൃത്യത്തില്‍ നടക്കാനിരിക്കുന്ന പ്രചാരണ റാലികളില്‍ തനിക്കെതിരെ ബിജെപി നേതാക്കള്‍ നടത്താനുദ്ദേശിക്കുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരെ എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. എന്നാല്‍ എല്‍ജെപി ജയിച്ചുവരുന്ന ബിജെപി ഗവണ്‍മെന്റിന്റെ ഭാഗമായിരിക്കുമെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പ്രധാനമന്തിയുടെ പേരും ചിത്രങ്ങളുമുപയോഗിച്ച് വോട്ടുപിടിക്കാനുള്ള ശ്രമമാണ് എല്‍ജെപി നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുശീല്‍ മോഡി ആരോപിച്ചിരുന്നു. എന്‍ഡിഎ വിട്ടതിന് ശേഷമുള്ള ഈ നടപടികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും സുശീല്‍ മോഡി പറഞ്ഞു.

എന്‍ഡിഎയുടെ മറ്റൊരു സഖ്യകക്ഷിയായ ജെഡിയുവിന്റെ അദ്ധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള രാഷ്ട്രീയ തര്‍ക്കങ്ങളെ തുടര്‍ന്നാണ് എല്‍ജെപി എന്‍ഡിഎ വിട്ട് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

Next Story