തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഗോകുലം; മിനര്‍വയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം

ഐ ലീഗില്‍ മിനര്‍വയ്‌ക്കെതിരെ ഗോകുലം എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മലബാറിയന്‍സിന്റെ മിന്നും ജയം. 18-ാം മിനിറ്റില്‍ ചെന്‍ച്ചോ ജെല്‍റ്റ്‌ഷെനിലൂടെ മിനര്‍വ്വയാണ് ആദ്യ ഗോള്‍ നേടുന്നത്. മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു ഗോള്‍ കൂടി ചെന്‌ച്ചോയുടെ ബൂട്ടില്‍ നിന്ന് പിറന്നതോടെ ഗോകുലം സമ്മര്‍ദ്ദത്തിലായി. എന്നാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് ഗോകുലം തിരിച്ചടിച്ചു. ഫിലിപ്പ് അജ്ഹാണ് ഗോകുലത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിക്ക് തൊട്ട് മുന്‍പ് മിനര്‍വയ്ക്ക് വേണ്ടി രൂപര്‍ട്ട് മറ്റൊരു ഗോള്‍ കണ്ടെത്തിയതോടെ ഗോകുലം പ്രതിരോധത്തിലേക്ക് മാറി. രണ്ടാം പകുതിയിലെ ചിത്രങ്ങള്‍ പക്ഷേ മറ്റൊന്നായിരുന്നു. കളിയിലേക്ക് തിരികെയെത്തിയ ഗോകുലം മിനര്‍വ്വയുടെ പോസ്റ്റിലേക്ക് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. 69-ാമത്തെ മിനിറ്റില്‍ ഡാനി അന്റവി ഗോകുലത്തിന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. സ്‌കോര്‍ 2-3.

വിംഗ് കേന്ദ്രീകരിച്ചുള്ള ആക്രമണത്തിന് കൂടുതല്‍ ശക്തി നല്‍കിയ മലബാറിയന്‍സ് 73 മിനിറ്റില്‍ വീണ്ടും മിനര്‍വയുടെ ഗോള്‍ വല കുലുക്കി. അന്റവി തന്നെയായിരുന്നു സൂപ്പര്‍ ഫിനിഷറായത്. മത്സരം സമനിലയിലായതോടെ ഗോകുലത്തിന് കൂടുതല്‍ മുന്‍തുക്കം ലഭിച്ചു.75-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ കൂടി പിറന്നതോടെ മലബാറിയന്‍സ് ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.

ലീഗിലെ ആദ്യ മത്സരത്തില്‍ ചെന്നൈയോട് 2-1ന് ഗോകുലം തോല്‍വി വഴങ്ങിയിരുന്നു. പൊയിന്റ് പട്ടികയില്‍ രണ്ടാമതാണ് നിലവില്‍ ഗോകുലം.

Latest News