‘സിനിമ കണ്ട് പത്ത് വിവാഹ മോചനം നടന്നാൽ സന്തോഷം’; ജിയോ ബേബി

വിവാഹ ജീവിതത്തില്‍ ഫ്രസ്‌ട്രേറ്റഡായ ഒരു പത്ത് സ്ത്രീകളെങ്കിലും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹമെന്ന് സംവിധായകന്‍ ജിയോ ബേബി. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുകയെന്ന് മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നത്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും ജിയോ ബേബി റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

ഞാന്‍ വിവാഹം ചെയ്ത ആളാണ്. എന്നാല്‍ വിവാഹം തന്നെ വേണോ എന്ന ചിന്തയിലാണ് ഞാന്‍ ഇപ്പോള്‍. പക്ഷെ അതിനര്‍ത്ഥം ഭാര്യയെയും മക്കളെയും ഉപേക്ഷിക്കണമെന്നല്ല. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാത്ത ഒരു സമ്പ്രദായമാണ്. എന്നോ ആരോ ഉണ്ടാക്കിവെച്ച കാര്യം നമ്മള്‍ എല്ലാവരും പാലിച്ച് പോരുകയാണ്. ഇതിന്റെ മഹത്വത്തെത്തെക്കുറിച്ച് പറയുന്ന സിനിമകളാണ് എല്ലാം. വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്. ഒരു പരിധി വരെ പുരുഷനും ഒരുപാട് അളവില്‍ സ്ത്രീക്കും. വിവാഹം എന്ന് പറഞ്ഞാല്‍ എന്താണ്? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്‍മാറേണ്ടതാണ്. ഞാന്‍ കരുതുന്നത് ഈ സിനിമ കൊണ്ട് ഒരു പത്ത് ഡൈവേഴ്‌സെങ്കിലും കൂടുതല്‍ നടക്കണേ എന്നാണ്. എന്നാല്‍ എനിക്ക് അത്രയും സന്തോഷം ഉണ്ടാകും.

ജിയോ ബേബി

സിനിമയിലെ പ്രധാനപ്പെട്ട പല സീനുകളും തന്റെ സ്ത്രീ സുഹൃത്തുക്കളോട് ചര്‍ച്ച ചെയ്തതിന്റെ ഫലമായി ഉണ്ടായതാണ്. സിനിമയിലെ വിരസമായ സെക്‌സ് സീന്‍ ഉണ്ടായതും അതിന്റെ ഫലമായാണ്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ സഹിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അവരെ ചികിത്സിച്ച ഡോക്ടര്‍മാരോടും സിനിമയ്ക്കായി സംസാരിച്ചിരുന്നു. കുടുംബ ജീവിതം എന്ന് പറഞ്ഞ് പൊക്കി കൊണ്ട് വന്ന സിസ്റ്റത്തിന്റെ തന്നെ പ്രശ്‌നങ്ങളാണ് ഇതെല്ലാം. അതിനെയെല്ലാം പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുക്കാന്‍ ഈ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ടെന്നും ജിയോ ബേബി വ്യക്തമാക്കി.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അമേരിക്കന്‍ ആസ്ഥാനമായ ജെകെഎച്ച് ഹോള്‍ഡിങ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നീംസ്ട്രീമിലൂടെ 140 രൂപയ്ക്ക് സബ്സ്‌ക്രൈബ് ചെയ്താല്‍ അഞ്ച് ദിവസം ചിത്രം കാണാന്‍ സാധിക്കും.

ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു.

Latest News