Top

‘വ്യക്തിപരമായി ഒരുപാട് നേട്ടങ്ങളുണ്ടാകുമെന്ന് എനിക്ക് വാഗ്ദാനമുണ്ടായി’; ‘ഓപ്പറേഷന്‍ പുതുച്ചേരി’യില്‍ മറിയാതിരുന്ന എംഎല്‍എ; ‘എന്റെ ഇടത് രാഷ്ട്രീയ ആദര്‍ശത്തെ വിലയ്ക്ക് വാങ്ങാന്‍ ബിജെപിക്കായില്ല’

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരേയും ഒരു ഡിഎംകെ നിയമസഭാംഗത്തേയും മറുകണ്ടം ചാടിച്ച ‘ഓപ്പറേഷന്‍ പുതുച്ചേരി’ ഇപ്പോഴും തുടരുകയാണെന്ന് ഇടത് എംഎല്‍എ ഡോ. വി രാമചന്ദ്രന്‍. വി ഇ നാരായണ സ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം തന്നേയും സമീപിച്ചിരുന്നെന്ന് മാഹി എംഎല്‍എ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തിലുള്ള ചരടുവലികള്‍ ഊര്‍ജിതമായിരുന്നു. ദുര്‍ബലമായിരുന്ന പ്രതിപക്ഷത്തിന് ബിജെപിയുടെ വരവ് പുത്തന്‍ ഉണര്‍വ് കൊടുത്തു. തന്റെ മുന്‍പില്‍ വന്‍ ഓഫറുമായാണ് പ്രതിപക്ഷം എത്തിയതെന്നും ഡോ. വി രാമചന്ദ്രന്‍ വെളിപ്പെടുത്തി. മനോരമ ന്യൂസിന് നല്‍കിയ […]

26 Feb 2021 7:33 AM GMT

‘വ്യക്തിപരമായി ഒരുപാട് നേട്ടങ്ങളുണ്ടാകുമെന്ന് എനിക്ക് വാഗ്ദാനമുണ്ടായി’; ‘ഓപ്പറേഷന്‍ പുതുച്ചേരി’യില്‍ മറിയാതിരുന്ന എംഎല്‍എ; ‘എന്റെ ഇടത് രാഷ്ട്രീയ ആദര്‍ശത്തെ വിലയ്ക്ക് വാങ്ങാന്‍ ബിജെപിക്കായില്ല’
X

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരേയും ഒരു ഡിഎംകെ നിയമസഭാംഗത്തേയും മറുകണ്ടം ചാടിച്ച ‘ഓപ്പറേഷന്‍ പുതുച്ചേരി’ ഇപ്പോഴും തുടരുകയാണെന്ന് ഇടത് എംഎല്‍എ ഡോ. വി രാമചന്ദ്രന്‍. വി ഇ നാരായണ സ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം തന്നേയും സമീപിച്ചിരുന്നെന്ന് മാഹി എംഎല്‍എ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തിലുള്ള ചരടുവലികള്‍ ഊര്‍ജിതമായിരുന്നു. ദുര്‍ബലമായിരുന്ന പ്രതിപക്ഷത്തിന് ബിജെപിയുടെ വരവ് പുത്തന്‍ ഉണര്‍വ് കൊടുത്തു. തന്റെ മുന്‍പില്‍ വന്‍ ഓഫറുമായാണ് പ്രതിപക്ഷം എത്തിയതെന്നും ഡോ. വി രാമചന്ദ്രന്‍ വെളിപ്പെടുത്തി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എംഎല്‍എയുടെ പ്രതികരണം.

കൂറുമാറുകയാണെങ്കില്‍ വ്യക്തിപരമായി ഒരുപാട് നേട്ടങ്ങളുണ്ടാകുമെന്നും മാഹിയുടെ വികസനത്തില്‍ നല്ലൊരു ഫണ്ട് തരാമെന്നും എനിക്ക് വാഗ്ദാനമുണ്ടായിരുന്നു.

ഡോ. വി രാമചന്ദ്രന്‍

എന്നാല്‍ ബിജെപി നേതാക്കള്‍ നേരിട്ടായിരുന്നില്ല പലപ്പോഴായി സമീപിച്ചിരുന്നത്. എന്‍ ആര്‍ കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ പ്രതിനിധികള്‍ ഉള്‍പ്പെടെയാണ് പലപ്പോഴായി കാണാന്‍ വന്നത്. ബിജെപി നേരിട്ട് അല്ല ബന്ധപ്പെട്ടതെങ്കിലും ഇത്തരം നീക്കങ്ങള്‍ക്ക് കേന്ദ്രത്തിന്റെയടക്കം പിന്തുണയുണ്ട്. സ്വന്തമായി എംഎല്‍എമാര്‍ ഇല്ലാതെ, നോമിനേറ്റഡ് എംഎല്‍എമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരത്തിലുള്ള അട്ടിമറി അസാധ്യമാണ്. ബിജെപിക്ക് യാതൊരു ശക്തിയും ഇല്ലാത്ത ഇടമാണ് പുതുച്ചേരി. പക്ഷെ, അധികാരവും പണവും കൈയിലുള്ളത് നേട്ടമായി. ഭരണപക്ഷത്ത് അതൃപ്തരായിരുന്നവരെ ‘വേണ്ട വിധം ആകര്‍ഷിക്കാന്‍’ ബിജെപിയുടെ നോമിനേറ്റഡ് എംഎല്‍എയുടെ വരവ് കാരണമായെന്നും വി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഡോ. വി രാമചന്ദ്രന്‍

ഇടതുപക്ഷം എന്ന എന്റെ രാഷ്ട്രീയ ആദര്‍ശത്തിലാണ് ഇത്തരത്തിലുള്ള പ്രലോഭനങ്ങളില്‍ ഒന്നും വീഴാതിരുന്നത്. ഞാനൊരു സ്വതന്ത്ര എംഎല്‍എ ആയതുകൊണ്ട് എനിക്ക് രാജിവെയ്ക്കാതെ മറുപക്ഷത്ത് ചേരാമായിരുന്നു.

ഡോ. വി രാമചന്ദ്രന്‍

അങ്ങനെ അധികാരത്തിലേക്ക് എനിക്ക് അവസരങ്ങള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ എന്റെ രാഷ്ട്രീയം അതല്ല എന്ന പൂര്‍ണ ബോധ്യം എനിക്കുണ്ടായിരുന്നു. കൂറുമാറി വ്യക്തിപരമായി നേട്ടങ്ങള്‍ ഉണ്ടാക്കില്ലെന്നും സര്‍ക്കാരിനെ താഴെയിടാന്‍ പ്രവര്‍ത്തിക്കില്ലെന്നും തുടക്കത്തില്‍ തന്നെ വ്യക്തമാക്കി. മുഖ്യമന്ത്രി വി ഇ നാരായണ സ്വാമി രാജി സമര്‍പ്പിക്കും വരെ ഒപ്പം നിന്നു. അടിയുറച്ച എന്റെ ആദര്‍ശത്തെ വിലയ്ക്ക് വാങ്ങാന്‍ ബിജെപിയ്ക്ക് ആയില്ല. അവരുടെ പ്രതീക്ഷ ഞാന്‍ ആദ്യമായി എംഎല്‍എ ആകുന്ന ആളായതുകൊണ്ട് പ്രലോഭനങ്ങളില്‍ വീഴുമെന്നായിരുന്നെന്നും വി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും രാജിവെച്ചതോടെയാണ് പുതുച്ചേരിയിലെ യുപിഎ ഭരണം അട്ടിമറിക്കപ്പെട്ടത്. വിശ്വാസവോട്ടില്‍ സര്‍ക്കാരിനെ മറിച്ചിട്ട് രാജിവെച്ചവരില്‍ മിക്കവരും ഇതിനോടകം ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ നിയമസഭയില്‍ 33 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ബിജെപി നേതാക്കളാണ്.

Next Story