
ന്യൂ ഡൽഹി: മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ പിതാവ് എസ് പി ദത്ത് കൊവിഡ് ബാധിച്ചു മരണപ്പെട്ടു. എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ വിയോഗം ബർഖ ദത്ത് തന്നെയാണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചത്. മെദാന്ത ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
‘ഈ ലോകത്തിൽ വെച്ച് എനിക്കറിയാവുന്ന ഏറ്റവും സ്നേഹനിധിയായ, ദയാലുവായ വ്യക്തി കൊവിഡുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട് മരണമടഞ്ഞു. അദ്ദേഹത്തിന്റെ താല്പര്യത്തിനെതിരായി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ രണ്ട് ദിവസത്തിനുള്ളിൽ ഉറപ്പായും അദ്ദേഹത്തെ തിരികെ വീട്ടിലെത്തിക്കാമെന്ന് ഞാൻ ഉറപ്പു നൽകിയിരുന്നു. എനിക്കാ വാക്ക് പാലിക്കാനായില്ല. ഞാൻ പരാജയപ്പെട്ടു. അദ്ദേഹം തന്ന വാഗ്ദാനങ്ങൾ ഒരിക്കലും നിറവേറപ്പെടാതിരുന്നിട്ടില്ല’. ബർഖ ട്വിറ്ററിൽ കുറിച്ചു.
എന്റെ അച്ഛൻ എന്നോട് അവസാനമായി പറഞ്ഞത് ‘എനിക്ക് തൊണ്ടയിൽ ബുദ്ധിമുട്ടുണ്ട്, എനിക്ക് മരുന്ന് തരൂ’, എന്നാണ്. കുടുംബത്തിന്റെ ഈ വിഷമഘട്ടത്തിലും കൂടെ നിന്ന ആശുപത്രിയിലെ മുൻനിര ആരോഗ്യപ്രവർത്തകരോട് ‘ഇത്രയും കഠിനമായി പരിശ്രമിച്ചതിനു നന്ദി’ എന്നാണ് ബർഖ ദത്ത് പറഞ്ഞത്.
പിതാവിനെ ‘സ്പീഡി’എന്ന് സ്നേഹപൂർവ്വം പരാമർശിച്ച ബർഖ, പിതാവിന് പുതിയ കാര്യങ്ങൾ സൃഷ്ടിക്കാനും ട്രെയിനുകളും വിമാനങ്ങളും നിർമ്മിക്കാനും കൊച്ചുമക്കളെയും ഇഷ്ടമായിരുന്നു എന്നോർമ്മിക്കുന്നു. ‘സ്പീഡി’യെ സുന്ദരനായ മനുഷ്യൻ, വിചിത്രനായ ശാസ്ത്രജ്ഞൻ, തനിക്കും സഹോദരിക്കും ചിറകുകൾ നൽകിയ സ്നേഹവാനായ പിതാവ് എന്നിങ്ങനെ ഓർമിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബർഖ ട്വിറ്ററിൽ സൂചിപ്പിച്ചു.
‘കൊവിഡിന്റെ കാഠിന്യം റിപ്പോർട്ടു ചെയ്യാനും ശബ്ദമില്ലാത്തവർക്കായി പ്രവർത്തിക്കാനുമുള്ള എന്റെ പ്രതിബദ്ധത ഇരട്ടിയാക്കുക എന്നതാണ് എനിക്ക് അദ്ദേഹത്തിന് നല്കാനാവുന്ന ഏറ്റവും മികച്ച ആദരാഞ്ജലി’, ബർഖ കുറിക്കുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, കോൺഗ്രസ്സ് നേതാവ് സച്ചിൻ പൈലറ്റ്, ഒമർ അബ്ദുള്ള തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളാണ് പിതാവിന്റെ വിയോഗത്തിൽ ബർഖക്ക് അനുശോചനം നേർന്നിട്ടുള്ളത്.