
എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് ഒരാളുടെ അവകാശമാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. തനിക്ക് കന്നുകാലി മാംസം കഴിക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ താന്‍ കഴിക്കുമെന്നും അത് തടയാന്‍ ആര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം ആരാഞ്ഞു.
‘ഞാന്‍ കന്നുകാലി മാംസം കഴിക്കുമെന്ന് അസംബ്ലിയിലും പറഞ്ഞിട്ടുള്ള കാര്യമാണ്. അത് ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്?. എന്റെ ഭക്ഷണ രീതി എന്റെ അവകാശമാണ്. നിങ്ങള്‍ എന്തിനാണ് അതിനെ ചോദ്യം ചെയ്യുന്നത്. നിങ്ങളാരും കഴിക്കണം എന്ന് ഞാന്‍ ശാഠ്യംപിടിക്കുന്നില്ല’, സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാപിത ദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരുവില്‍ ഗോവധ നിരോധന നിയമം പാസാക്കിയതിന് പിന്നാലെ തന്റെ പാര്‍ട്ടിയിലുള്ളവര്‍ പോലും അതിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തെ ഭയന്നാണ് അതിന് തയ്യാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് കേട്ട് നിശബ്ദരായി ഇരിക്കുന്നവരാണ് തങ്ങളുടെ ഒപ്പം ഉള്ളവരെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ യാതൊരുവിധ ആശയക്കുഴപ്പങ്ങളിലേക്കും പോകാതെ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രായമായ കന്നുകാലികളെ കര്‍ഷകര്‍ എന്ത് ചെയ്യണം എന്ന് കൂടി പറഞ്ഞുതരണം. കന്നുകാലുകളെ നോക്കുവാന്‍ പ്രതിദിനം കുറഞ്ഞത് 100 രൂപയെങ്കിലും ആവശ്യമായിവരും ഇതവര്‍ക്ക് ആര് നല്‍കുമെന്ന് ഇതിനെ ആരാധിക്കുന്നവര്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.
2012ലെ ഗോവധ നിരോധന നിയമപ്രകാരമാണ് ഗോവധവും ബീഫ് വില്‍പ്പനയും നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 2018ലെ കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയില്‍ ബിജെപി ഉയര്‍ത്തി കാണിച്ചപ്രധാന പ്രഖ്യാപനമായിരുന്നു ഗോവധ നിരോധനം.