‘ദൃശ്യം 2 ത്രില്ലറാണെന്ന് ആദ്യമെ പറയാതിരുന്നത് ഭയം കൊണ്ട്’; പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷയുണ്ടായിരുന്നെന്ന് ജീത്തു ജോസഫ്

ദൃശ്യം 2 ത്രില്ലറാണെന്ന് സിനിമയുടെ റിലീസിന് മുന്നെ പറയാതിരുന്നത് ഭയം കൊണ്ടാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സിനിമയെ കുറിച്ച് പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. അതിനാലാണ് താന്‍ പ്രമോഷന്‍ സമയത്ത് കുടുംബ ചിത്രമാണെന്ന് മാത്രം പറഞ്ഞതെന്ന് ജീത്തു ജോസഫ് പറഞ്ഞു. ഫിലീം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.

‘ദൃശ്യം 2 ആദ്യം കാണുമ്പോള്‍ ഒരു കുടുംബ ചിത്രമായി തന്നെയാണ് തോന്നിയത്. എന്നാല്‍ അയല്‍വാസികളായ കുടുംബം പൊലീസുകാരാണെന്ന് അറിയുമ്പോഴാണ് ചിത്രത്തിന്റെ ഗതി മാറുന്നത്. പ്രമോഷന്റെ സമയത്ത് ചിത്രം ഒരു കുടുംബ ചിത്രത്തിലുപരി ത്രില്ലര്‍ കൂടിയാണെന്ന് മനപ്പൂര്‍വ്വം പറയാതിരുന്നതാണോ?’ എന്നാണ് ഭരദ്വാജ് രങ്കന്‍ ചോദിച്ചത്.

ജീത്തു ജോസഫിന്റെ ഉത്തരം:

‘തീര്‍ച്ചയായും ഞാന്‍ അത് മറച്ചുവെച്ചതാണ്. കാരണം സിനിമയെ കുറിച്ച് എല്ലാവര്‍ക്കും അമിത പ്രതീക്ഷയായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പേടിയായിരുന്നു. ഞാന്‍ ഒരു നല്ല സിനിമ ഉണ്ടാക്കാനാണ് ശ്രമിച്ചത്. പക്ഷെ ഈ അമിത പ്രതീക്ഷ കാരണം പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ഭയം എന്നിലുണ്ടായിരുന്നു. സിനിമ കണ്ടതിന് ശേഷം ഇതെല്ലാം മനസിലാകുന്നുണ്ട്, ഒന്നും പുതിയതില്ലെന്ന് പ്രേക്ഷകര്‍ പറഞ്ഞാലോ എന്ന് ഞാന്‍ പേടിച്ചു. അഥവാ പ്രേക്ഷകര്‍ക്ക് ഇതൊരു നല്ല സിനിമയായി തോന്നിയില്ലെങ്കിലോ. എനിക്ക് ആ റിസിക് എടുക്കാന്‍ കഴിയില്ലായിരുന്നു. ഇക്കാര്യം കാരണം ഞാന്‍ പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു. എനിക്ക് നിങ്ങള്‍ സിനിമ നന്നായി ആസ്വദിക്കണമെന്നായിരുന്നു. അതിനാലാണ് ഞാന്‍ അങ്ങനെ ചെയ്തത്.’

ജീത്തു ജോസഫ്

അതേസമയം ദൃശ്യം 2വിന്റെ വിജയത്തിന് പിന്നാലെ ദൃശ്യം 3 ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി ക്ലൈമാക്‌സ് മനസിലുണ്ടെന്നും അത് മോഹന്‍ലാലിന് ഇഷ്ടമായെന്നും ജീത്തു പറയുന്നു. കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന പ്രസ് മീറ്റിലായിരുന്നു അദ്ദേഹം ദൃശ്യം 3നെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

ദൃശ്യം 3 ചെയ്താല്‍ തന്നെ അത് ഉടന്‍ ഉണ്ടാകില്ലെന്നും അതിന് സമയം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ‘ദൃശ്യം 3 ഉണ്ടെങ്കില്‍ തന്നെ അതൊന്നും നടക്കില്ല. എങ്ങനെയും 2-3 വര്‍ഷം എങ്കിലും പിടിക്കും. ഞാന്‍ അത് ആന്റണിയോടും പറഞ്ഞു. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്’, ജീത്തു ജോസഫ് പറഞ്ഞു.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.

Latest News