ഹൈദരാബാദ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം: ടിആര്‍എസ് ആധിപത്യം തകരുന്നു
ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് വന്‍മുന്നേറ്റം. 88 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ഭരണകക്ഷിയായ ടിആര്‍എസ് 36 സീറ്റുകളിലും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 17 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം. സംസ്ഥാനത്ത് മാറ്റം ആരംഭിച്ചിരിക്കുകയാണെന്നാണ് ബിജെപി എംപി ഡി അരവിന്ദ് തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ഉപതെരഞ്ഞെടുപ്പും കോര്‍പ്പറേഷനിലെ ലീഡ് നിലയും ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവിന്റെ വാക്കുകള്‍. വൈകുന്നേരം വരെ കാത്തിരിക്കാമെന്നും, പക്ഷേ ആളുകള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് […]

ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് വന്‍മുന്നേറ്റം. 88 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ഭരണകക്ഷിയായ ടിആര്‍എസ് 36 സീറ്റുകളിലും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 17 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം.
സംസ്ഥാനത്ത് മാറ്റം ആരംഭിച്ചിരിക്കുകയാണെന്നാണ് ബിജെപി എംപി ഡി അരവിന്ദ് തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ഉപതെരഞ്ഞെടുപ്പും കോര്‍പ്പറേഷനിലെ ലീഡ് നിലയും ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവിന്റെ വാക്കുകള്‍. വൈകുന്നേരം വരെ കാത്തിരിക്കാമെന്നും, പക്ഷേ ആളുകള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ടിആര്‍എസിന് വ്യക്തമായ സന്ദേശമാണിത് നല്‍കുന്നതെന്നും ഡി അരവിന്ദ് പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പില്‍ വെറും നാല് സീറ്റുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചിരുന്നത്. ഈ നിലയില്‍ നിന്നാണ് പാര്‍ട്ടി വന്‍ മുന്നേറ്റം ഉണ്ടാക്കുന്നതെന്നത് ശ്രദ്ധേയാണ്.
നഗരത്തിലെ 30 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ തുടരുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ വൈകും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര് (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്. 150 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2016ല്‍ ടി.ആര്.എസ്. 99 സീറ്റുകളിലും ഒവൈസിയുടെ എ.ഐ.എം.ഐ.എം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടി.ഡി.പി ഒരിടത്തും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ജയിച്ചിരുന്നു.
2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മത്സരമായതിനാല്‍ പ്രാധാന്യത്തോടെയാണ് പാര്‍ട്ടികള്‍ ഫലത്തെ നോക്കികാണുന്നത്. നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായ രീതിയിലുള്ള പ്രചരണമാണ് ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പിലുണ്ടായിരുന്നത്. ബിജെപിക്ക് വേണ്ടി ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി പ്രസിഡന്റ് ജെ.പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ പ്രചാരണത്തിന് എത്തിയിരുന്നു. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഹൈദരാബാദിന്റെ പേരുമാറ്റുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഹൈദരാബാദില്‍ ബിജെപി വിജയിച്ചാല്‍ നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റും എന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ മറുപടിയുമായി ഒവൈസിയും രംഗത്തെത്തിയിരുന്നു. പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നവരുടെ പരമ്പര തന്നെ അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് നിലനില്‍ക്കുമെന്ന് ഒവൈസി പറഞ്ഞു.