ISL 20-21

സമനിലക്കളി അവസാനിപ്പിക്കാന്‍ ഹൈദരബാദ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഐഎസ്എല്ലില്‍ ഇന്ന് ഹൈദരബാദ് എഫ്‌സി-ഈസ്റ്റ് ബംഗാള്‍ പോരാട്ടം. തുടര്‍ച്ചയായ മൂന്ന് സമനിലക്ക് ശേഷമാണ് ഹൈദരബാദ് അഞ്ചാം മത്സരത്തിന് ഇറങ്ങുന്നത്. ടൂര്‍ണമെന്റിലെ കന്നിക്കാരായ ഈസ്റ്റ് ബംഗാളിന് ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല. വൈകിട്ട് 7:30ന് തിലക് മൈതാനിലാണ് മത്സരം.

ഹൈദരബാദ് പരിശീലകന്‍ മാനുവല്‍ മാര്‍ക്യൂസ് മധ്യനിരയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ലിസ്റ്റന്‍ കൊളാക്കൊ, മൊഹമ്മദ് യാസിര്‍, ഹിതേഷ് ശര്‍മ, നിഖില്‍ പൂജാരി എന്നിവര്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മോഹന്‍ ബഗാനെതിരെ കളിക്കാതിരുന്ന അരിഡാനെ സന്റാനെ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. എന്നാല്‍ നിര്‍ണായകമാവുക മധ്യനിരയില്‍ ജാവൊ വെക്ടറുടെ പ്രകടനമാണ്. താരത്തിന് അവസരങ്ങള്‍ ഒരുക്കാനായാല്‍ സമനിലിയില്‍ നിന്ന് മുക്തി നേടാന്‍ ഹൈദരാബാദിനാകും

ജംഷദ്പൂരിനെതിരെ സമനില വഴങ്ങിയതോടെ ഈസ്റ്റ് ബംഗാള്‍ തുടര്‍ തോല്‍വി അവസാനിപ്പിച്ച് പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. എന്നാല്‍ മധ്യനിരയില്‍ യുഗന്‍സണ്‍ ലിംഗ്‌ദോയുടെ അഭാവം തിരിച്ചടിയാകും. മലയാളി താരം സികെ വിനീത് ആദ്യ ഇലവനില്‍ ഇടം പിടിക്കാനുള്ള സാധ്യതയുണ്ട്. ഗോള്‍ സ്‌കോറിംഗ് സാധ്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് വിനീതിലൂടെ റോബി ഫൗളര്‍ ലക്ഷ്യമിടുക.

വിദേശ താരങ്ങളായ ആന്തണി പില്‍കിംഗ്ടണും, മാറ്റി സ്റ്റെയിന്‍മാന്‍ മധ്യനിരയില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ഇരുവരും ഐഎസ്എല്‍ ചരിത്രത്തിലാധ്യമായാണ് ഏറ്റുമുട്ടുന്നത്. ഗോള്‍ നേടുന്നതില്‍ ഇരു ടീമുകളുടേയുംമുന്നേറ്റ നിര പരാജയപ്പെടുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്. എന്നാല്‍ പരാജയം ഇതുവരെ അറിയാത്ത ഹൈദരബാദിനാണ് മുന്‍തൂക്കം.

Latest News