Top

റോഡില്‍ രണ്ട് ഗ്യാങ്ങുകളായി കുരങ്ങന്‍മാരുടെ തല്ല്; തായ്‌ലന്റില്‍ അസാധാരണ കാഴ്ച

മനുഷ്യര്‍ ചേരി തിരിഞ്ഞ് തെരുവുകളില്‍ തമ്മില്‍ തല്ലുന്നത് നമ്മള്‍ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടാവും. എന്നാല്‍ മൃഗങ്ങള്‍ ഇത്തരത്തില്‍ തമ്മില്‍ തല്ലിയാലോ. തായ്‌ലന്റിലെ തെരുവിലാണ് നൂറു കണക്കിന് കുരങ്ങന്‍മാര്‍ തമ്മില്‍ അടിപിടിയുണ്ടായത്. റോഡില്‍ സംഘര്‍ഷം കനത്തതോടെ ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയും കുറച്ചു സമയത്തേക്ക് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടേണ്ടി വരികയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തായ്‌ലന്റെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് ഈ സംഭവം നടന്നത്. വിനോദ സഞ്ചാരികള്‍ നിരന്തരം വന്നിരുന്ന ഇവിടെ ഇപ്പോള്‍ കൊവിഡ് […]

29 July 2021 1:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡില്‍ രണ്ട് ഗ്യാങ്ങുകളായി കുരങ്ങന്‍മാരുടെ തല്ല്; തായ്‌ലന്റില്‍ അസാധാരണ  കാഴ്ച
X

മനുഷ്യര്‍ ചേരി തിരിഞ്ഞ് തെരുവുകളില്‍ തമ്മില്‍ തല്ലുന്നത് നമ്മള്‍ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടാവും. എന്നാല്‍ മൃഗങ്ങള്‍ ഇത്തരത്തില്‍ തമ്മില്‍ തല്ലിയാലോ. തായ്‌ലന്റിലെ തെരുവിലാണ് നൂറു കണക്കിന് കുരങ്ങന്‍മാര്‍ തമ്മില്‍ അടിപിടിയുണ്ടായത്. റോഡില്‍ സംഘര്‍ഷം കനത്തതോടെ ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയും കുറച്ചു സമയത്തേക്ക് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടേണ്ടി വരികയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തായ്‌ലന്റെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് ഈ സംഭവം നടന്നത്. വിനോദ സഞ്ചാരികള്‍ നിരന്തരം വന്നിരുന്ന ഇവിടെ ഇപ്പോള്‍ കൊവിഡ് കാരണം സന്ദര്‍ശകരില്ല. ഈ സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാതെയായതോടെയാണ് കുരങ്ങന്‍മാര്‍ രോഷാകുലരായതെന്നാണ് സൂചന.

ഇവയെ റോഡില്‍ നിന്നുമാറ്റാന്‍ ജനങ്ങള്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. വലിയ ശബ്ദങ്ങളുണ്ടാക്കി ഇവയെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ കുരങ്ങന്‍മാര്‍ കൂടുതല്‍ പ്രകോപിതരായി. ഒടുവില്‍ ഒരു ഗ്യാങ്ങിന്റെ നേതാവ് സ്വയം പിന്‍വാങ്ങിയ ശേഷം മാത്രമാണ് കുരങ്ങന്‍മാരുടെ തല്ല് അവസാനിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തമ്മില്‍ത്തല്ലില്‍ നിരവധി കുരങ്ങുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. റോഡിലുടനീളം ചോരപ്പാടുകളുണ്ട്.

ഇതാദ്യമായല്ല തായ്‌ലന്റില്‍ കുരങ്ങന്‍മാരുടെ തമ്മില്‍ തല്ലുണ്ടാവുന്നത്. 2020 ല്‍ ഇതേ നഗരത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് കുരങ്ങന്‍മാര്‍ തമ്മില്‍ തല്ലിയിരുന്നു. ടൂറിസം മേഖലയ്ക്കാണ് കുരങ്ങുകളുടെ ഈ സ്വഭാവത്തിന് ഉത്തരവാദിത്വമെന്നാണ് ഉയരുന്ന ആരോപണം. വിനോദ സഞ്ചാരികള്‍ കുരങ്ങന്‍മാര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നത് ഇവയുടെ സ്വാഭാവിക ജീവിതരീതിയില്‍ മാറ്റം വരുത്തുന്നു. പ്രകൃതിയില്‍ നിന്നും ഭക്ഷണം കണ്ടെത്താതെ ഇവ മനുഷ്യര്‍ തരുന്ന ഭക്ഷണത്തെ പൂര്‍ണമായും ആശ്രയിക്കുന്നു. കാട്ടില്‍ നിന്നും ഭക്ഷണം കണ്ടെത്തുന്ന ഇവയുടെ സ്വഭാവം ഇല്ലാതാവുകയും ചെയ്തു. എന്നാല്‍ കൊവിഡ് പ്രതിസന്ധി വന്നതോടെ വിനോദ സഞ്ചാരികളുടെ വരവ് നിലച്ചു. ഇതോടെ കുരങ്ങന്‍മാര്‍ക്ക് ഭക്ഷണവും ഇല്ലാതായി. ഇതാണ് കുരങ്ങന്‍മാരുടെ ജീവിതത്തെ താളം തെറ്റിച്ചിരിക്കുന്നത്.

Next Story