
എല്‍ഗാര്‍ പരിഷദ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തലോജ ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖയ്ക്ക് കണ്ണട നിഷേധിച്ച ജയില്‍ അധികൃതര്‍ക്കുനേരെ രൂക്ഷവിമര്‍ശനവുമായി ബോംബെ ഹൈക്കോടതി. കാണാതായ കണ്ണടയ്ക്ക് പകരമായി ഗൗതം നവ്ലാഖയുടെ വീട്ടുകാര്‍ പുതിയ കണ്ണട ജയിലേക്ക് അയച്ചിട്ടും അത് ജയിലധികൃതര്‍ കുറ്റാരോപിതന് നല്കാന് വിസമ്മതിച്ചിരുന്നു. ജയില്‍ അധികൃതര്‍ മനുഷ്യത്വം പഠിക്കേണ്ടതുണ്ടെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
കണ്ണടയില്ലാതെ ഗൗതം നവ്ലാഖയ്ക്ക് തീരെ കാണാനാകില്ലെന്നും അദ്ദേഹത്തിന് കണ്ണട നല്‍കാത്തത് മനുഷ്യാവകാശലംഘനമാണെന്നും കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി മനുഷ്യത്വത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ക്ക് പരിശീലനക്ലാസെടുക്കേണ്ട സമയം അതിക്രമിച്ചെന്ന് കോടതി പറഞ്ഞു. ഇത്തരം ചെറിയ സാധനങ്ങള്‍ പോലും നിഷേധിക്കുന്നതിന് പിന്നിലുള്ള ഉദ്ദേശ്യമെന്താണെന്നും കോടതി ആരാഞ്ഞു.
ജസ്റ്റിസ് എസ്എസ് ഷിന്‍ഡെ, ജസ്റ്റിസ് എംഎസ് കാര്‍നിക് മുതലായവര്‍ അടങ്ങിയ ബെഞ്ചാണ് ജയിലധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. കാഴ്ച്ച കുറവുള്ളയാള്‍ക്ക് കണ്ണട നല്‍കുക മുതലായ കാര്യങ്ങളെല്ലാം മനുഷ്യത്വപൂര്‍ണ്ണമായ പരിഗണനകളാണെന്നും കോടതി നിരീക്ഷിച്ചു.