
അമിതഭാരം കയറ്റിയെന്ന പേരില്‍ വന്‍ തുക പിഴ ചുമത്തിയെന്നാരോപിച്ച് ടിപ്പര്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാ ശ്രമം. കോഴിക്കോട് നെല്ലിക്കാ പറമ്പ് സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവിലെത്തി വിജിലന്‍സിനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച ശേഷം ഇര്‍ഷാദ് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഫേസ്ബുക്ക് വീഡിയോ കണ്ട് ഓടിയെത്തിയ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചത് കൊണ്ടാണ് ജീവന് രക്ഷിക്കാനായത്.
ഇന്നലെയാണ് വിജിലന്‍സ് സംഘം വാഹനം പിടിച്ചത്. എട്ടര ടണ്‍ ലോഡ് വാഹനത്തിലുണ്ട് എന്ന് പറഞ്ഞാണ് പിഴയിട്ടത്. എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ ലോഡ് കയറ്റാനുള്ള അനുമതി എന്റെ ആര്‍സി ബുക്കിലുണ്ട്.
മുഹമ്മദ് ഇര്‍ഷാദ്
മുമ്പില്‍ മറ്റ് വഴികളില്ല. ആത്മഹത്യ ചെയ്യുകയാണ്. തനിക്കെന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്ക്കുമാണെന്ന പറഞ്ഞ ശേഷം ഇര്‍ഷാദ് എലിവിഷം കഴിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിനൊടുവില്‍ മുക്കം കാരശ്ശേരി റോഡ് വശത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ ഇര്‍ഷാദിനെ അവശനിലയില്‍ കണ്ടെത്തി. ഇര്‍ഷാദ് അപകട നില തരണം ചെയ്തെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 50,000 രൂപ പിഴ ചുമത്തിയെന്ന് ഇര്‍ഷാദിന്റെ സുഹൃത്ത് പ്രതികരിച്ചു.
ഓപ്പറേഷന് വാള് സ്റ്റോണ്‍ എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് ഇര്‍ഷാദിന്റെ വാഹനം പിടികൂടുന്നത്. വിജിലന്‍സിന്റെ ശുപാര്‍ശ പ്രകാരം ജിയോളജി വകുപ്പാണ് പിഴ ചുമത്തിയത്. ജിയോളജി അനുവദിച്ച 8.5 ടണ്ണിലധികം കല്ല് കയറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്രമക്കേട് ബോധ്യമായതിനാലാണ് പിഴയിട്ടതെന്നും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നുമാണ് വിജിലന്‍സിന്റെ പ്രതികരണം.