Top

ജയിലില്‍ നിന്ന് പുറത്തിറങ്ങി തൊട്ടുപിന്നാലെ ഇഡി നോട്ടീസ്; ശശികലയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ച

നിയമസഭ തെരഞ്ഞെടുപ്പടുത്തിരിക്കെ ജയില്‍ മോചിതയായി തിരിച്ചുവരുന്ന വി കെ ശശികലയുടെ രാഷ്ട്രീയ പ്രവേശമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

28 Jan 2021 2:37 AM GMT

ജയിലില്‍ നിന്ന് പുറത്തിറങ്ങി തൊട്ടുപിന്നാലെ ഇഡി നോട്ടീസ്; ശശികലയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടില്‍  വലിയ ചര്‍ച്ച
X

നിയമസഭ തെരഞ്ഞെടുപ്പടുത്തിരിക്കെ ജയില്‍ മോചിതയായി തിരിച്ചുവരുന്ന വി കെ ശശികലയുടെ രാഷ്ട്രീയ പ്രവേശമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജനറല്‍ സെക്രട്ടറിയും ജയലളിതയുടെ ഉറ്റ തോഴിയുമായിരുന്ന ശശികലയുടെ മടങ്ങിവരവോടെ തമിഴ്‌നാട്ടില്‍ എന്ത് മാറ്റമാകും സംഭവിക്കാന്‍ പോകുന്നതെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്‌.

തമിഴ് ജനതയുടെ മനസില്‍ മരണശേഷവും വേരോട്ടമുള്ള ജയലളിതയുടെ സന്തത സഹചാരിയായിരുന്ന ശശികല തിരിച്ചുവരുന്നതില്‍ എഐഡിഎംകെയുടെ ആശങ്ക സ്വാഭാവികമാണ്. ശശികല ജയില്‍ മോചിതയാകുന്നതിന് തൊട്ടുമുന്‍പ് ജയലളിതയ്ക്ക് 79 കോടിയുടെ സ്മാരകം നിര്‍മ്മിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ ലെഗസിയില്‍ അവകാശവാദം ഉന്നയിച്ച് ആരും വരേണ്ടതില്ലെന്ന സൂചനകൂടി ഈ പ്രഖ്യാപനത്തിനുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇ പളനിസ്വാമി അധികാരമേറ്റതിന് തൊട്ടുപിന്നാലെ തന്നെ ശശികലയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള വാതിലുകള്‍ക്കും അദ്ദേഹം പൂട്ടിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശശികലയെ പുറത്താക്കിയത്. അവരുടെ നേതൃത്വത്തെ എതിര്‍ത്തിരുന്ന ഒ പനീര്‍സെല്‍വം ഇന്ന് ഇപിഎസിനൊപ്പമാണെന്നതും ഇന്ന ഏറെ ശ്രദ്ധേയമാണ്.

ശശികലയുടെ അനന്തരവനായ ടിടിവി ദിനകരനെയും പാര്‍ട്ടി പുറത്താക്കിയിരുന്നു. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ സീറ്റില്‍ ദിനകരന് വിജയിക്കാന്‍ സാധിച്ചിരുന്നെങ്കിലും രണ്ടില ചിഹ്നമില്ലാതെ മത്സരിക്കുന്നത് ശശികല വിഭാഗത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് ശശികല തയ്യാറെടുക്കുന്നതെങ്കില്‍ എഐഎഡിഎംകെയിലെ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ ഒപ്പം നിര്‍ത്താനുനള്ള ശ്രമങ്ങള്‍ ശശികലയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എഐഎഡിഎംകെയില്‍ ബിജെപിയുടെ ആളായാണ് ഒപിഎസിനെ കണക്കാക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഇതിനോടകം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മാത്രമല്ല, ശശികലയ്ക്ക് തേവര്‍ വിഭാഗത്തെ നയിക്കാന്‍ സാധിക്കുമെന്ന വാര്‍ത്തകള്‍ ഉയരുമ്പോഴും തേവര്‍ വിഭാഗത്തില്‍പ്പെട്ട ഒപിഎസിന് അവരുടെ പിന്തുണ ഉറപ്പാക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല. അതുകൊണ്ടതന്നെ ഗൗണ്ടര്‍ വിഭാഗത്തിന്റെ പിന്തുണയുള്ള ഇപിഎസിന് തന്നെയാണ് എഐഎഡിഎംകെയില്‍ മേല്‍കൈയ്യുള്ളത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി അവസാനിച്ചതോടെ ബുധനാഴ്ച്ചയാണ് ശശികല ജയില്‍ മോചിതയായത്. പിന്നാലെ രണ്ടായിരം കോടിയുടെ ബിനാമി ഇടപാടില്‍ വിശദീകരണം തേടി ശശികലയ്ക്ക് ഇഡി നോട്ടീസയച്ചു. നിലവില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ബെംഗളുരു ആശുപത്രിയില്‍ ചികിത്സയിലാണ് ശശികല. ഒരാഴ്ച്ചത്തെ ചികിത്സ പൂര്‍ത്തിയാക്കി ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഇഡി നോട്ടീസ്. ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ ശശികലക്ക് വലിയ സ്വീകരണം നല്‍കാനാണ് അനുയായികള്‍ പദ്ധതിയിട്ടിരിക്കുന്നത്. 2017 ഫെബ്രുവരി 15 നായിരുന്നു ശശികല, ഇളവരസി, സുധാകരന്‍ എന്നിവരെ ബിനാമി കേസില്‍ റിമാന്‍ഡില്‍ വിടുന്നത്.

Next Story