ബാബറി വിധികേട്ട കഴുതകളും കൊവിഡ് പാക്കേജിലെ പൂജ്യങ്ങളും; 2020-ലെ 15 ടെലഗ്രാഫ് തലക്കെട്ടുകള്‍

വാര്‍ത്തകള്‍ മരംപെയ്ത വര്‍ഷമാണ് 2020. എന്നാല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം മുതല്‍ കര്‍ഷകസമരം വരെയും, കൊവിഡ് മുതല്‍ വാക്സിന് വരെയും, ബാബറി മസ്ജിദ് വിധിയും രാമക്ഷേത്രത്തിന്റെ തറക്കല്ലിടലും ചൈനീസ് അധിനിവേശവും സാമ്പത്തിക രംഗത്തിന്റെ വീഴ്ചയും ഇക്കാലയളവില്‍ മാധ്യമങ്ങള്‍ കടന്നുപോയ വാര്‍ത്തായാത്രകള്‍ അത് ചൂണ്ടിക്കാട്ടുന്നതാണ്. എന്നാല്‍ ആ വാര്‍ത്തകള്‍ കൊവിഡ് ലോക്കാക്കിയ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഓരോ മാധ്യമങ്ങളും സ്വീകരിച്ച വഴികള്‍ വ്യത്യസ്തമാണ്. എന്നത്തേതിലും അധികം ശക്തമായി ജനങ്ങള്‍ വാര്‍ത്തകളിലേക്ക് കടന്ന ഈ വര്‍ഷത്തെ ടെലഗ്രാഫ് നോക്കികണ്ടതെങ്ങനെയെന്ന് അറിയാന്‍ ഈ വര്‍ഷത്തെ 15 തലക്കെട്ടുകളിലൂടെ കടന്നുപോകാം.
- ഇന്ത്യയില്‍ ജനിച്ചവര്‍ ഇന്ത്യയില്‍ തന്നെ മരിക്കും
- ഹേ റാം ഭക്ത്
പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലുടനീളം പ്രതിഷേധം കത്തിനില്‍ക്കവെയാണ് കൊവിഡ് എന്ന മഹാമാരി ഇന്ത്യന്‍ ജനതയുടെ തലയില്‍ ഇടിവെട്ടിയവനെ കടിക്കാനുള്ള പാമ്പായി എത്തിയത്. 2020 നെ തന്നെ അപ്പാടെ വിഴുങ്ങിയ ആ പാമ്പിനെ നേരിടുന്നതിനിടെയും ചരിത്രത്തില്‍ ചില കറുത്ത ഏടുകള്‍ കുറിച്ചാണ് വര്‍ഷം കടന്നുപോകുന്നത്.

വര്‍ഷത്തിന്റെ ആദ്യം തന്നെ ഇന്ത്യയുടെ തെക്കേയറ്റത്തെ നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ആ സമയങ്ങളില്‍ തെരുവുകളിലായിരുന്നു. മതത്തിന്റെ പേരില്‍ അന്നുവരെ ഇന്ത്യക്കാരായിരുന്ന ഒരാളും ഇന്നാട്ടില് നിന്ന് ബഹിഷ്കൃതരാകാതിരിക്കാന്‍ പൗരത്വനിയമവിരുദ്ധ പ്രതിഷേധങ്ങളാണ് അന്ന് നാട്ടില്‍ ദിനംപ്രതി വ്യാപിച്ചിരുന്നത്. ജനുവരിയിലെ ഈ പ്രക്ഷുബ്ദസമയങ്ങളിലെ രണ്ട് തലക്കെട്ടുകളാണിവ. കൊച്ചിയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ചേര്‍ന്ന ജനക്കൂട്ടമാണ് ആദ്യ വാര്‍ത്ത. രണ്ടാമത്തെ തലക്കെട്ട് ദില്ലിയിലെ സമരക്കാരുടെ നേര്‍ക്ക് തോക്കു ചൂണ്ടുന്ന അക്രമിയുടെ ചിത്രത്തിനൊപ്പം ബാപ്പുവിന്റെ മരണമില്ലാത്ത ‘ഹേ റാമി’നെ ‘ഹേ രാമഭക്താ’ എന്നതിലേക്ക് മാറ്റിയില്ലേ എന്ന ചോദ്യമാണ് നല്‍കിയിരിക്കുന്നത്.
3. ഗുജറാത്ത് മോഡല്‍ ദില്ലിയിലെത്തിയിരിക്കുന്നു
4. നെഹ്റു വലിയവനാണ് , അര്‍ദ്ധസത്യം പറയുന്നവര്‍ അതുമായി പൊരുത്തപ്പെടൂ

തൊട്ടടുത്ത മാസം ഫെബ്രുവരിയില്‍ ഇന്ത്യ ആഗ്രഹിക്കാത്തതും ചരിത്രപരമായി ആവര്‍ത്തിച്ചതുമായ ഒരു കലാപം ഇന്ത്യന്‍ ജനതയെ ഞെട്ടിച്ചു. ഫെബ്രുവരിയിലെ ദില്ലി കലാപം തെരുവുകളില്‍ തീ പടര്‍ന്നപ്പോഴും ജാമിയയിലും ജെഎന്‍യുവിലും വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടപ്പോഴും കാഴ്ചക്കാരായി നിന്ന നിയമപാലകരായിരുന്നു വാര്‍ത്താചര്‍ച്ചകളില്‍ വിഷയമായത്. ഫെബ്രുവരിയിലെ ദില്ലിയെ ഗുജറാത്ത് മോഡല്‍ എന്നാണ് കലാപത്തിന്റെ വാര്‍ത്തക്ക് ടെലഗ്രാഫ് നല്കിയ തലക്കെട്ട്. മതേതര ഇന്ത്യയില്‍ നെഹ്റു തന്നയാണ് വലിയവനെന്നും അടുത്ത തലക്കെട്ടില്‍ പറയുന്നു.
5. നോട്ട് നിരോധനത്തിന്റെ അതേ വികാരം
6. കൊവിഡ് അല്ല കൊവിന്ദാണത് ചെയ്തത്

മാര്‍ച്ച് 24 രാത്രി ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. അടച്ചിടലിനൊരുങ്ങാന് നാല് മണിക്കൂറുകള്‍ മാത്രം നല്കിയ ലോക്ഡൗണ്‍ വലിയ തിരിച്ചടി നല്‍കിയത് രാജ്യത്തിനകത്ത് തങ്ങളുടെ കുടുംബങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്ന അതിഥി തൊഴിലാളികള്‍ക്കായിരുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചപ്പോള്‍ മൈലുകളോളം നടന്ന് വീട്ടിലേക്ക് എത്തുക മാത്രമായിരുന്നു അവര്‍ക്കുമുന്നില്‍ അവശേഷിച്ചത്. തെരുവില്‍ തളര്‍ന്നുവീണും റെയില്‍വേ പാളങ്ങളില്‍ ഉറങ്ങിപോയും ആ യാത്ര കൊണ്ടുപോയ ജീവനുകള്‍ എണ്ണത്തിലൊതുക്കാവുന്നതല്ല. നോട്ടുനിരോധനമെന്ന അപ്രതീക്ഷിത പ്രഖ്യാപനത്തിന് സമാനമായി തെരുവുകളിലായ ജനത്തെ ആ സാമ്യപ്പെടുത്തലോടെയാണ് ആദ്യ തലക്കെട്ടില്‍ ടെലഗ്രാഫ് അവതരിപ്പിക്കുന്നത്. മറുവശത്ത് രഞ്ജന്‍ ഗൊഗ്ഗോയുടെ രാജ്യസഭാ നോമിനേഷനെയും ടെലഗ്രാഫ് അടയാളപ്പെടുത്തുന്നു.
7. 20000000000000 രൂപ; നിങ്ങള്‍ പൂജ്യം എണ്ണുമ്പോഴേക്കും നിര്‍മ്മല സീതാരാമന് വിശദീകരണം നല്‍കുമായിരിക്കും

ആടിയുലഞ്ഞുനിന്ന ഇന്ത്യയുടെ സാമ്പത്തിക രംഗം കുത്തനെ താഴേക്ക് പതിക്കുന്നതാണ് സാമ്പത്തിക വര്‍ഷാവസാനമായ ഏപ്രിലില്‍ നാം കണ്ടത്. മെയ്യില്‍ കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ കൊവിഡ് റിലീഫ് ഫണ്ട് പ്രഖ്യാപനം നടത്തിയെങ്കിലും എങ്ങനെ അത് തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമേഖലയെ ഉയര്‍ത്താന്‍ വിന്യസിക്കപ്പെടുമെന്ന് വ്യക്തമാക്കാന്‍ പരാജയപ്പെട്ടതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു. ഈ വിഷയത്തെ ഉന്നയിച്ചായിരുന്നു ടെലഗ്രാഫിന്റെ തലക്കെട്ട്
8. നിഷേധത്തിന്റെ മാരകമായ വില
9. നമോയുടെ നിമ്പു

ജൂണില്‍ ചൈനയുടെ അതിര്‍ത്തി ലംഘനമായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. അന്ന് കൊവിഡും സാമ്പത്തികപ്രതിസന്ധികളും എല്ലാം നിലച്ചുനിന്നു. ചൈന അതിര്‍ത്തി കടന്നോ ഇല്ലയോ എന്ന സംശയം തര്‍ക്കങ്ങളായി രാത്രി ചര്‍ച്ചകളെ പ്രക്ഷുബ്ദമാക്കവെ 20 ഇന്ത്യന്‍ സൈനികരുടെ ജീവന് ചൈനീസ് ആക്രമണത്തില്‍ നഷ്ടമായി. പ്രതിപക്ഷം രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിരോധത്തിലേക്ക് നീങ്ങവെ സൈനികരെ നേരിട്ട് കണ്ട് അഭിസംബോധന ചെയ്യാന്‍ ലഡാക്കിലെ നിമുവില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ വിഷയങ്ങളിലെ രണ്ടു വാര്ത്തകളിലൊന്നിനെ കണിയമായി വിമര്‍ശിച്ചും മറ്റൊന്നിനെ ആക്ഷേപഹാസ്യപരമായി വീക്ഷിച്ചുമാണ് ടെലഗ്രാഫ് തലക്കെട്ട് നല്‍കിയത്.
10. പുതിയ ഇന്ത്യയിലെ ഏറ്റവും വലിയ അശ്ലീല പദം; നിങ്ങള്‍ മതേതരവാദിയായോ?
11. നമ്മള് വാസ്തവത്തില്‍ ഞെട്ടിയിട്ടുണ്ടെങ്കില്‍ ഇതാണ് നമ്മള്

കാലാകാലങ്ങളായി രണ്ടുസമുദായങ്ങളില് തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കഭൂമി രാമക്ഷേത്രനിര്‍മ്മാണത്തിന് വിട്ടുകൊടുത്തു. ഓഗസ്റ്റില്‍ ആ രാമക്ഷേത്രത്തിന് തറക്കല്ലിട്ടു നമ്മുടെ അതേ പ്രധാനമന്ത്രി. സെപ്റ്റംബര്‍ 31 ന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി വന്നു. അധ്വാനിയടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു. പുതിയ ഇന്ത്യയിലെ ഏറ്റവും വലിയ അശ്ലീല പദമായി മതേതരത്വം മാറിയെന്നത് മഹാരാഷ്ട്ര ഗവര്‍ണര്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ചോദിച്ച ഒരു ചോദ്യത്തെ മുന്നില്വെക്കുന്നതാണ് ആദ്യ തലക്കെട്ട്. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയില്‍ മറ്റെന്തെങ്കിലും പ്രതീക്ഷിച്ചിരുന്നവര്‍ കഴുതകളാണെന്നും അടുത്ത തലക്കെട്ടില്‍ ടെലഗ്രാഫ് പറയുന്നു.
12. നമ്മള്, ഇന്ത്യയിലെ ജനങ്ങള്‍ എന്നാരംഭിക്കുന്ന പുസ്തകമാണ് നമ്മള് പരാജയപ്പെടുത്തിയ ദൈവം

അതേ ഭൂമിയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ട പ്രധാനമന്ത്രിയും അതു കണ്ടിരുന്ന ജനങ്ങള്‍ ഭരണഘടനയെന്ന ദൈവത്തെ തോല്‍പ്പിച്ചു എന്നും ഈ തലക്കെട്ട് പറയുന്നു.
13. അമേരിക്ക ഇന്ത്യയെപ്പോലെയല്ല, അവര്‍ വീണ്ടും അമേരിക്കയെ മഹത്തരമാക്കിയിരിക്കുന്നു

നവംബറില്‍ ലോകം ഒന്നാകെ ഉറ്റുനോക്കിയത് അമേരിക്കയിലേക്കാണ്. ഇന്ത്യയില്‍ മോഡി സര്‍ക്കാര്‍ നേടിയ രണ്ടാം വിജയമുറപ്പിച്ച് മുന്നേറിയ ട്രംപിനെ പക്ഷേ അമേരിക്ക തള്ളി. അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കാന്‍ ജോ ബൈഡന് എന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലോകശക്തികളിലൊന്നിന്റെ തലപ്പത്തേക്ക്. ഒപ്പം വൈസ് പ്രസിഡന്റായി ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജ കമല ഹാരിസ് ചരിത്രം കുറിച്ചു.
14. കര്‍ഷകനും അഭ്യാസിയും
15. അവനോട് ക്ഷമിക്കൂ ദൈവമേ, അവന് എന്താണ് ചെയ്യുന്നതെന്ന് അവന് നന്നായി അറിയാം

ഇതിനിടെ ഇന്ത്യന്‍ പാര്‍ലമെന്റ് വിചിത്രമായ നടപടികളിലൂടെ കടന്നുപോവുകയായിരുന്നു. വിവാദമായ കര്‍ഷക വിരുദ്ധനിയമങ്ങള്‍ പ്രതിപക്ഷമില്ലാത്ത സഭയില്‍ വെച്ച് കേന്ദ്രസര്‍ക്കാര്‍ പാസാക്കി. പിന്നാലെ ഭാരതീയ കിസാന്‍ യൂണിയന്റെ അടക്കം നേതൃത്വത്തില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചു. ദില്ലി ചലോ എന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്ന് രാജ്യതലസ്ഥാനത്തെത്തി പ്രതിഷേധം ആരംഭിച്ചു. വര്‍ഷം അവസാനിക്കുമ്പോള്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും കര്‍ഷകര്‍ കൊടുംതണുപ്പത്ത് സമരത്തിലിരിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഭൂമി പൂജ ചെയ്യുമ്പോള്‍ തെരുവില്‍ കര്ഷകന് തീ കൂട്ടുകയാണ്. അടുത്തവര്‍ഷം നമുക്ക് ഉണ്ണാനുള്ള അന്നത്തിനായി.