Top

‘സുരേഷ് എങ്ങനെ ഡ്രാക്കുളയായി?, അയാളെ കള്ളനാക്കുന്നതില്‍ പൊലീസിനും കോടതിക്കും ജയിലിനും പങ്കുണ്ട്’; കുറിപ്പ്

‘വക്കീലേ എനിക്ക് സമാധാനമായി ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ പോലീസുകാര്‍ സമ്മതിക്കുന്നില്ല’

6 Oct 2020 4:42 AM GMT

‘സുരേഷ് എങ്ങനെ ഡ്രാക്കുളയായി?, അയാളെ കള്ളനാക്കുന്നതില്‍ പൊലീസിനും കോടതിക്കും ജയിലിനും പങ്കുണ്ട്’; കുറിപ്പ്
X

കൊവിഡ് കാലത്ത് പൊലീസിനെ വെട്ടിച്ച് നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് പല തവണ കടന്നതോടെയാണ് ‘ഡ്രാക്കുള സുരേഷ്’ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് തവണ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വടയമ്പാടി ചെമ്മല കോളനി സ്വദേശിയായ കണ്ടോളിക്കുടി സുരേഷ് (38) സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി. പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രകഥാ രൂപത്തിലും മറ്റുമാണ് ‘കുപ്രസിദ്ധ മോഷ്ടാവി’നേക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്തിയത്. സ്ഥിരം പ്രതികളായ മറ്റ് സുരേഷുമാരില്‍ നിന്നും തിരിച്ചറിയാന്‍ വേണ്ടി ജയില്‍ അധികൃതര്‍ തന്നെയാണ് ഡ്രാക്കുള എന്ന പേര് നല്‍കിയതെന്ന് വാര്‍ത്തകളിലൊന്നില്‍ തന്നെയുണ്ട്.

വാര്‍ത്തകള്‍ക്കിടെ സുരേഷിന്റെ ജീവിതത്തിന്റെ മറ്റൊരു വശത്തേക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം അഭിഭാഷകനുമായ തുഷാര്‍ നിര്‍മ്മല്‍ സാരഥി. കാക്കനാട് ജില്ലാ ജയിലില്‍ വിചാരണത്തടവുകാരനായിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുരേഷിനേക്കുറിച്ചാണ് അഭിഭാഷകന്റെ കുറിപ്പ്. ‘വക്കീലേ എനിക്ക് സമാധാനമായി ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ പോലീസുകാര്‍ സമ്മതിക്കുന്നില്ല’ എന്ന് സുരേഷ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് തുഷാര്‍ ചൂണ്ടിക്കാണിക്കുന്നു. ദാരിദ്ര്യം മൂലം തേങ്ങ മോഷ്ടിക്കേണ്ടി വന്ന താന്‍ എങ്ങനെയാണ് ‘കുപ്രസിദ്ധ കുറ്റവാളി’ ആയി മാറിയതെന്ന് സുരേഷ് തുഷാറിനോട് പറയുന്നത് കുറിപ്പിലുണ്ട്.

പോലീസ് വാര്‍ത്തകള്‍ ഇങ്ങനെ എഴുതി നിറക്കുമ്പോള്‍ ഒരു കാര്യം ഓര്‍ത്താല്‍ കൊള്ളാം നിങ്ങള്‍ സൈക്കോ എന്നും അക്രമാസക്തനായ കള്ളനെന്നും മറ്റും എഴുതി പിടിപ്പിക്കുന്നത് ഒരു മനുഷ്യനെ കുറിച്ചാണ്, അയാളുടെ ഭാഗം എന്താണെന്ന് ഒരിയ്ക്കലും നിങ്ങള്‍ അന്വേഷിക്കാത്ത ഒരു മനുഷ്യനെ കുറിച്ച്.

തുഷാര്‍ നിര്‍മ്മല്‍ സാരഥി

അഭിഭാഷകന്റെ കുറിപ്പ്

‘ഡ്രക്കുള ചാട്ടം തന്നെ ചാട്ടം’

ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ എറണാകുളം എഡിഷനില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണ് ഇത്. സുരേഷ് എന്ന കള്ളനെ കുറിച്ചാണ് വാര്‍ത്ത. സുരേഷിന്റെ വട്ടപ്പേരാണ് ഡ്രാക്കുള സുരേഷ്. പത്തു ദിവസത്തിനിടെ മൂന്നാം തവണയും പോലീസിന്റെ കണ്ണ് വെട്ടിച്ചു കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നതാണ് സുരേഷിനെ മാതൃഭൂമി പാത്രത്തില്‍ വാര്‍ത്താ പ്രാധാന്യമുള്ള ഒരാളാക്കിയത് . ആള്‍ ഒരു സൈക്കോ ആണെന്നും വാര്‍ത്തയില്‍ വളരെ ആധികാരികമായി തന്നെ പറയുന്നുണ്ട്. പോലീസ് ജീപ്പിന്റെ ചില്ലു തകര്‍ത്ത് കുപ്പിച്ചില്ലു വിഴുങ്ങി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. മൂവാറ്റുപുഴയില്‍ കഴിഞ്ഞ ജൂണില്‍ മോഷണത്തിന് ശേഷം നാട്ടുകാരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പെരുവംമൂഴി പാലത്തില്‍ നിന്നും ചാടി. വീണത് വെള്ളമില്ലാത്ത സ്ഥലത്തായിരുന്നു. അസ്ഥികള്‍ ഒടിഞ്ഞെന്നും കോവിഡാണെന്നും പറഞ്ഞു തലയൂരാന്‍ ശ്രമിച്ചു. പരിശോധനയില്‍ കാര്യമായ പരിക്കില്ലെന്നു ബോധ്യപ്പെട്ടു എന്നുമാണ് ‘ആളൊരു സൈക്കോ’ എന്ന തലക്കെട്ടിനു കീഴില്‍ നല്‍കിയ വാര്‍ത്ത. ഇത് കൊണ്ടൊക്കെ ഒരാളെ സൈക്കോ എന്ന് വിളിക്കാമെന്നു ആധികാരികമായി പറയാന്‍ പറ്റുന്ന ആളാണോ ലേഖകന്‍ മുതല്‍ മാതൃഭൂമി പത്രാധിപര്‍ വരെയുള്ള ആളുകള്‍ എന്നെനിക്കു സംശയമുണ്ട്. പക്ഷെ സുരേഷിന് വേണ്ടി ആരും ചോദിയ്ക്കാന്‍ ഇല്ല എന്നത് കൊണ്ട് ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ല. അയാളെ കുറിച്ച് എന്തും പറയാമല്ലോ.

ജയില്‍ വാസ കാലത്ത് കുറച്ചു കാലം ഈ പറയുന്ന ഡ്രാക്കുള സുരേഷും ഞാനും ഒരേ സെല്ലില്‍ ഉണ്ടായിരുന്നു. ഞാന്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി എത്തിയ സമയത്ത് ഡ്രാക്കുള സുരേഷും അവിടെ തടവുകാരനായി ഉണ്ടായിരുന്നു. അന്ന് അയാള്‍ മറ്റൊരു സെല്ലില്‍ ആയിരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു നാള്‍ ഉച്ച ഭക്ഷണത്തിനുള്ള സമയമാവുന്നതിനു കുറച്ചു മുന്‍പ് ഡ്രാക്കുള ജീന്‍സ് പാന്റും ഷര്‍ട്ടും ഒക്കെ ധരിച്ചു ഞങ്ങളുടെ ഒന്‍പതാം നമ്പര്‍ സെല്ലിന് മുന്നില്‍ എത്തി. പുള്ളിയുടെ ഒരു കൂട്ടുകാരന്‍ ഞങ്ങളുടെ സെല്ലില്‍ ഉണ്ടായിരുന്നു. ‘അളിയാ ജാമ്യം കിട്ടി..ഞാന്‍ പോകുവാ..’ എന്ന് യാത്ര പറഞ്ഞു നടന്നു നീങ്ങുകയും ചെയ്തു. അതിനു ശേഷം ഒരാഴ്ച്ച കഴിയുന്നതിനു മുന്‍പ് തന്നെ ഡ്രാക്കുള തിരിച്ചെത്തി. വരവ് അത്ര പന്തിയല്ലായിരുന്നു. മുന്‍വശം മുകള്‍ നിരയിലെ രണ്ടു പല്ലുകള്‍ ഇല്ലാതെയാണ് ഡ്രാക്കുള തിരിച്ചെത്തിയത്. മോഷണ ശ്രമം ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് അറിവ്. ഏതായാലും ഡ്രാക്കുള വന്ന സമയം മുതല്‍ അസ്വസ്ഥനായിരുന്നു. വേറൊരു സെല്ലിലാണ് അടച്ചത്. പക്ഷെ സഹതടവുകാരുടെ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആ സെല്ലില്‍ നിന്നും മാറ്റി. ശിക്ഷയായി രണ്ടു ദിവസത്തെ ഏകാന്ത തടവ് കഴിഞ്ഞപ്പോള്‍ ഡ്രാക്കുളയെ ഞങ്ങളുടെ സെല്ലില്‍ അടച്ചു. അങ്ങനെയാണ് ഡ്രാക്കുള സുരേഷ് ഞങ്ങളുടെ സെല്ലില്‍ എത്തുന്നത്.

വക്കീലേ എനിക്ക് സമാധാനമായി ജീവിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ പോലീസുകാര്‍ സമ്മതിക്കുന്നില്ല എന്ന് സുരേഷ് എന്നോട് പറഞ്ഞിട്ടുണ്ട്. ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത് തേങ്ങാ മോഷണത്തിനായിരുന്നു എന്നാണ് സുരേഷ് പറയുന്നത്. സുരേഷിനു അച്ഛന്‍ മാത്രമാണ് ഉണ്ടായിരുന്നത്. വളരെ ദരിദ്രമായ സാഹചര്യങ്ങളിലാണ് വളര്‍ന്നത്. അതിനിടയിലായിരുന്നു തേങ്ങാ മോഷണത്തിന് അറസ്റ്റ് ചെയ്യപ്പെടുന്നത്. അറസ്റ്റ് ചെയ്തത് അച്ഛന്‍ അറിഞ്ഞത് ഒരുപാട് സമയം കഴിഞ്ഞിട്ടാണ്. സ്വന്തമായി വക്കീലിനെ വെക്കാന്‍ കഴിയാത്തതു കൊണ്ട് സര്‍ക്കാര്‍ വക്കീലാണ് സുരേഷിന് വേണ്ടി ഹാജരായത്. അങ്ങനെ 3-4 മാസം കഴിഞ്ഞ് ഒരു ദിവസം കോടതിയില്‍ ചെന്നപ്പോള്‍ കുറ്റം സമ്മതിച്ചാല്‍ ജയിലില്‍ കിടന്നകാലം ശിക്ഷയായി കണക്കാക്കി വിട്ടയക്കും എന്ന് സര്‍ക്കാര്‍ വച്ച് കൊടുത്ത വക്കീല്‍ ഉപദേശിച്ചു. അങ്ങനെ സുരേഷ് കുറ്റം സമ്മതിച്ചു. പറഞ്ഞത് പോലെ തന്നെ ജയിലില്‍ കിടന്ന കാലം ശിക്ഷാ കാലാവധിയായി പരിഗണിച്ച് കോടതി വിധി വന്നു. അങ്ങനെ സുരേഷ് ആദ്യ കേസില്‍ ജയില്‍ മോചിതനായി. പക്ഷെ പിന്നീട് അയാള്‍ താമസിക്കുന്ന പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കളവു നടന്നാല്‍ സുരേഷിനെ പോലീസ് പിടിച്ചു കൊണ്ട് പോകാന്‍ തുടങ്ങി. അങ്ങനെ ദാരിദ്ര്യാവസ്ഥയില്‍ കളവു തുടങ്ങിയ സുരേഷ് ഒരു സ്ഥിരം കള്ളനായി മാറി എന്നാണ് സുരേഷ് പറയുന്നത്. കളവു നിറുത്തി ഒരു സമയം പണിക്കൊക്കെ പോയി ജീവിക്കാന്‍ സുരേഷ് തീരുമാനിച്ചിരുന്നു. പക്ഷെ ഒരു ദിവസം പണി കഴിഞ്ഞു തൃപ്പൂണിത്തുറയില്‍ ഒരു ബാറില്‍ കേറി മദ്യപിച്ച് ഒരു പൈന്റും വാങ്ങി. അവിടെ നിന്നിറങ്ങി കുറച്ചു മീനും വാങ്ങിച്ചു ബസ്സു കയറാന്‍ നില്‍ക്കുമ്പോഴായിരുന്നു ഒരു പോലീസ് ജീപ്പ് അതിലെ വന്നത്.സുരേഷിനെ കണ്ടു ജീപ്പ് നിറുത്തി ഇറങ്ങി വന്ന പോലീസുകാരന്‍ എന്തൊക്കെയുണ്ട് സുരേഷേ എന്ന് ചോദിച്ച് അടുത്തു വന്നു. ഇതെന്താ കയ്യില്‍ വാ ചോദിക്കട്ടെ എന്ന് പറഞ്ഞു ജീപ്പില്‍ കയറ്റി കൊണ്ട് പോയി. മോഷണോദ്യേശത്തോടെ കടയുടെ മുന്നില്‍ നില്‍ക്കുന്നതായി കാണപ്പെട്ടു എന്ന് ആരോപിച്ചു റിമാന്‍ഡ് ചെയ്തു എന്നും പുറത്തിറങ്ങിയാല്‍ ഉടനെ തന്നെ അടുത്ത കേസില്‍ ജയിലില്‍ അടക്കും എന്നും സുരേഷ് പറയുന്നു. സുരേഷ് കളവു നടത്തിയിട്ടില്ല എന്നു ആയാളും പറയുന്നില്ല. കളവു അല്ലാതെ മറ്റെന്തു ചെയ്യാന്‍ ? പക്ഷെ അയാളെ ഒരു കള്ളനാക്കി മാറ്റുന്നതില്‍ പോലീസിനും കോടതിക്കും ജയിലിനും ഒക്കെ ഉത്തരവാദിത്തമുണ്ട്. സമൂഹത്തില്‍ നിന്നും മാറ്റി നിറുത്തപ്പെടേണ്ട ഒരു സാമൂഹ്യ വിരുദ്ധനായിട്ടാണ് ഈ വ്യവസ്ഥിതി അയാളെ കാണുന്നത്. അത് കൊണ്ട് അയാള്‍ കളവു നടത്തിയാലും ഇല്ലെങ്കിലും അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ തള്ളപ്പെടുകയും ചെയ്യും.

പക്ഷെ പോലീസ് വാര്‍ത്തകള്‍ ഇങ്ങനെ എഴുതി നിറക്കുമ്പോള്‍ ഒരു കാര്യം ഓര്‍ത്താല്‍ കൊള്ളാം നിങ്ങള്‍ സൈക്കോ എന്നും അക്രമാസക്തനായ കള്ളനെന്നും മറ്റും എഴുതി പിടിപ്പിക്കുന്നത് ഒരു മനുഷ്യനെ കുറിച്ചാണ്., അയാളുടെ ഭാഗം എന്താണെന്ന് ഒരിയ്ക്കലും നിങ്ങള്‍ അന്വേഷിക്കാത്ത ഒരു മനുഷ്യനെ കുറിച്ച്.

Next Story