‘കോണ്‍ഗ്രസിലേക്ക് സുധാകരന്‍ അണികളെ സ്വീകരിക്കുന്നത് ബോംബുകള്‍ നല്‍കി’; സജിത്‌ലാലിന്റെ മരണം ഉദാഹരണമെന്ന് പ്രശാന്ത് ബാബു

കണ്ണൂരില്‍ കോണ്‍ഗ്രസിലേക്കെത്തുന്ന പ്രവര്‍ത്തകരെ ബോംബ് നല്‍കിയാണ് കെ സുധാകരന്‍ സ്വീകരിക്കുന്നതെന്ന് പ്രശാന്ത് ബാബു. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്ന് ഇപ്പുറത്തേക്ക് വരുമ്പോള്‍ സാമൂഹിക പ്രവര്‍ത്തനം നടത്തണമെന്ന നിര്‍ദേശം കൊടുത്തല്ല കെ സുധാകരന്‍ സ്വീകരിക്കുന്നത്. പകരം രണ്ട് കൈയ്യിലും ബോംബ് കൊടുത്താണ് ഇന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കുന്ന സുധാകരന്‍ അവരെ വിടുന്നതെന്നും പ്രശാന്ത് ബാബു ആരോപിച്ചു.

പയ്യന്നൂരിലെ കെഎസ്‌യു നേതാവ് സജിത് ലാലിന്റെ മരണമെങ്ങനെയായിരുന്നെന്ന് പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും അത്തരത്തിലുള്ള നിരവധി മരണങ്ങള്‍ക്ക് ഉത്തരവാദിയാണ് കെ സുധാകരനെന്നും പ്രശാന്ത് ലാല്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു പ്രതികരണം.

പ്രശാന്ത് ബാബു പറഞ്ഞത്:

സി ആര്‍ പി ബാലനാണ് അന്ന് പയ്യന്നൂരില്‍ സിപിഐഎമ്മിനെ നയിക്കുന്നത്. ആ സി ആര്‍ പി ബാലനെ വധിച്ചിട്ട് രാഷ്ട്രീയത്തില്‍ വന്നാല്‍ മതിയെന്ന് സജിത് ലാലിന് കെ സുധാകരന്‍ നിര്‍ദേശം നല്‍കിയത് എന്റെ മുന്നില്‍വെച്ചായിരുന്നു. അന്നൂരില്‍വെച്ച് സിആര്‍പി ബാലനെ ആക്രമിക്കാന്‍ ഒരു തവണ പോയ വാഹനമോടിച്ചത് ഞാനാണ്. അന്ന് തന്റെ ഉപദേശം കേട്ടാണ് സജിത്‌ലാല്‍ ആ കൊലപാതകം നടത്താതിരുന്നത്. എന്നാല്‍ സിആര്‍പി ബാലനെ എന്തെങ്കിലും ചെയ്ത് കഴിവ് തെളിയിക്കണമെന്നായിരുന്നു കെ സുധാകരന്റെ നിര്‍ദേശം.

പിന്നാലെ പയ്യന്നൂരിലെ ഒരു പ്രസംഗത്തില്‍ എന്റെ സജിത് ലാലിനെ തൊട്ടാല്‍ ആ കൈ വെട്ടുമെന്ന് സുധാകരന്‍ ഒരു പ്രഖ്യാപനം നടത്തി. അതിന് കൃത്യം ഒരാഴ്ചയ്ക്കുള്ളില്‍ സജിത് ലാല്‍ ബോംബേറില്‍ കൊല്ലപ്പെട്ടു. അതിന് കാരണം കെ സുധാകരനാണ്. ആ പ്രസംഗം വരെ സജിത് ലാല്‍ എന്നൊരു പ്രവര്‍ത്തകന്‍ കെ സുധാകരനുവേണ്ടിയോ കോണ്‍ഗ്രസിനുവേണ്ടിയോ പ്രവര്‍ത്തിക്കുന്നതായി പയ്യന്നൂരിലെ സിപിഐഎമ്മിനറിയില്ലായിരുന്നു. തന്റെ മകന്റെ പേര ഇതിലേക്ക് വലിച്ചിടരുതെന്ന സജിത് ലാലിന്റെ അച്ഛന്റെ അഭ്യര്‍ത്ഥന പോലും അവഗണിച്ചായിരുന്നു നികൃഷ്ടജീവിയായ കെ സുധാകരന്‍ സ്വന്തം താത്പര്യത്തിനുവേണ്ടി സജിത് ലാലിനെ മരണത്തിലേക്കെത്തിച്ചത്. അത്തരത്തില്‍ മാഹി പാലത്തിലേറ്റുവാങ്ങിയ 22 ശവശരീരങ്ങള്‍ക്കും ഉത്തരവാദി കെ സുധാകരനാണ്. എവിടെയും ഈ മൊഴി ആവര്‍ത്തിക്കാനും തെളിവുണ്ടെന്നും പ്രശാന്ത് ബാബു പറഞ്ഞു.

Also Read: ‘ഒന്നുകില്‍ പിണറായി അല്ലെങ്കില്‍ ഇപി, ആസൂത്രണം നടന്നത് സുധാകരനൊപ്പമിരിക്കുമ്പോള്‍’; ആദ്യ ബോംബ് എറിഞ്ഞത് താനാണെന്നും പ്രശാന്ത് ബാബു

Covid 19 updates

Latest News