സൗദി ഖത്തര്‍ സൗഹൃദം ഇസ്രായേലിന് ഗുണമോ ദോഷമോ?

മൂന്നര വര്‍ഷത്തിനു ശേഷം ഖത്തറിന് മേല്‍ പ്രഖ്യാപിച്ചിരുന്ന അതിര്‍ത്തി ഉപരോധം സൗദി അറേബ്യ പിന്‍വലിച്ചിരിക്കുകയാണ്. സൗദിയില്‍ വെച്ച് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പിടുമെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സുപ്രധാന രാഷ്ട്രീയ, നയ മാറ്റം ഉണ്ടായതിനിടയിലാണ് ഖത്തറും സൗദിയും തമ്മില്‍ വീണ്ടും അടുക്കുന്നത്.
ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു അറബ്-ഇസ്രായേല്‍ സൗഹൃദ ശ്രമങ്ങള്‍. യുഎഇ, ബഹ്റിന്, മൊറോക്കോ, സുഡാന് എന്നീ നാല് അറബ് രാജ്യങ്ങള്‍ ഇതിനകം ഇസ്രായേലുമായി നയതന്ത്ര ബന്ധത്തില്‍ ഒപ്പു വെച്ചു. ഉടന്‍ തന്നെ സൗദി അറേബ്യയും ഇസ്രായേലുമായി അനുനയത്തിലെത്തുമെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ടുകള്‍.
അറബ് ലോകത്തെ തങ്കളുടെ സ്വീകാര്യത ഉറപ്പിക്കാന്‍ ഇസ്രായേലിന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള രാജ്യമെന്ന് കരുതപ്പെടുന്നതും സൗദി അറേബ്യയാണ്. നേരത്തെ പലതവണ യുഎസ് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജാരേദ് കുഷ്നറുടെ നേതൃത്വത്തില്‍ ഇതിനു ശ്രമം നടന്നിരുന്നെങ്കിലും സൗദി ഇതിന് സമ്മതം മൂളിയിരുന്നില്ല. സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനുമായി ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ രഹസ്യ കൂടിക്കാഴ്ച നടത്താന്‍ പോവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇവയൊന്നും സ്ഥിരീകരിക്കപ്പെട്ടില്ല.
ഇതിനിടയിലാണ് ഖത്തറും സൗദിയും തമ്മില്‍ അനുനയത്തിലെത്തിയിരിക്കുന്നത്. ഇസ്രായേല്‍-ഫലസ്തീന് വിഷയത്തില്‍ സൗദിക്ക് നിലവില്‍ മൃദു സ്വരമാണെങ്കില്‍ ഖത്തറിന് ഇക്കാര്യത്തില്‍ കാര്‍ക്കശ്യമുണ്ട്. പാലസ്തീന് വിഷയത്തില്‍ പരിഹാരമാവാതെ ഇസ്രായേലുമായി ഖത്തറിന് ബന്ധം ഉണ്ടാവില്ല എന്ന് ഖത്തര്‍ നേരത്തെ പല തവണ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പല അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സൗദി ഇക്കാര്യത്തില്‍ നിലപാട് വ്യത്മാക്കിയത്. സൗദി-ഇസ്രായേല്‍ അനുനയത്തിന് അമേരിക്കന്‍ ശ്രമം തകൃതിയാപ്പോള് സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് ഒടുവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിട്ട് ഫോണ്‍ വിളിക്കുകയും ചെയ്തിരുന്നു. പാലസ്തീന് വിഷയത്തില്‍ ന്യായമായ പരിഹാരം വേണമെന്നായിരുന്നു അന്ന് സല്മാന് രാജാവ് ട്രംപിനോട് പറഞ്ഞത്. സൗദി രാജാവിന്റെ ഈ നയത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അഭിപ്രായ വ്യത്യാസമുണ്ടെന്നും അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുഎഇ- ഇസ്രായേല്‍ സൗഹൃദകരാര്‍ സ്ഥാപിതമായതിനു പിന്നാലെയായിരുന്നു സൗദി- ഇസ്രായല്‍ സഹകരണം ഉടനെന്ന അഭ്യൂഹങ്ങള്‍ പരന്നത്.
ഇപ്പോള്‍ സൗദി-ഖത്തര്‍ അനുനയം സാധ്യമായ ശേഷം ഇസ്രായേലിന് സൗദിയുമായി ഔദ്യോഗിക ബന്ധത്തിനുള്ള സാധ്യതയാണ് ചര്‍ച്ചയാവുന്നത്. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായ പ്രകാരം ഇപ്പോഴത്തെ പുരോഗതി ഇസ്രായേല്‍-സൗദി ബന്ധത്തിന് പ്രത്യേകിച്ച് പുരോഗതി ഉണ്ടാക്കാന്‍ സാധ്യതയില്ല.
സൗദി രാജാവിന് ഇപ്പോഴും പാലസ്തീന് വിഷയത്തിലെ നയത്തില്‍ മാറ്റം വരുത്താന്‍ താല്പര്യമില്ലെന്നതാണ് ഇതില്‍ ഒന്നാമത്തെ കാരണം. മാത്രവുമല്ല ഖത്തറുമായി അടുക്കുന്നതോടെ സൗദിക്കും അമേരിക്കക്കും ഇറാനെ ഒറ്റപ്പെടുത്താനും സാധിക്കും. ഇറാനിയന്‍ ഭീഷണിയില്‍ ഇപ്പോള്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ തീരുമാനമെടുത്താല്‍ സൗദിയെ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ വലിയ രീതിയില്‍ ഇസ്രായേല്‍ പിന്തുണ ആവശ്യവുമില്ല.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന് എത്തുന്നതും കൂടി മുന്നില്‍ കണ്ടാണ് സൗദി ഖത്തറുമായി അടുക്കുന്നത്. ഇസ്രായേല്‍ വിഷയം ഇപ്പോഴത്തെ വിഷയത്തില്‍ പ്രസക്തമല്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഇസ്രായേലിനും നിലവില്‍ പെട്ടന്ന് തന്നെ സൗദിയുമായി നേരിട്ടടുക്കേണ്ട ആവശ്യം വരുന്നില്ല. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം യുഎഇയുമായി സ്ഥാപിച്ച ഔദ്യോഗിക ബന്ധം തന്ത്രപ്രധാനമാണ്. ഗള്‍ഫിലെ സെനിക, സാങ്കേതിക സഹകരണത്തിന് യുഎഇയയാണ് ഇസ്രായേലിന് ആവശ്യം. ദുബായില്‍ ഇടം കിട്ടിയാല്‍ ഗള്‍ഫ് മേഖലയില്‍ ഒരു പ്രധാന ഇടം ലഭിച്ചതു പോലെയാണെന്നാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.