Top

‘ഇനിയും എത്രകാലം പാവങ്ങള്‍ കിറ്റിന് മുന്നില്‍ ആത്മാഭിമാനം പണയം വയ്ക്കണം?’; വിരട്ടല്‍ വേണ്ടെന്ന് എം കെ മുനീര്‍

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം ഇടയ്ക്കിടെ മറന്നുപോകുകയാണെന്ന് എം കെ മുനീര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷ സിനിമകളിലെ ചില കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുകയാണ്. ജീവിക്കാന്‍ മാര്‍ഗ്ഗം ഇല്ലാത്ത വ്യാപാരികളെ മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരങ്ങളോടാണ് ‘മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടും’ എന്ന ആക്രോശമെന്നും മുനീര്‍ കുറ്റപ്പെടുത്തി. ഇനിയും എത്ര കാലം ഈ പാവങ്ങള്‍ […]

14 July 2021 12:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇനിയും എത്രകാലം പാവങ്ങള്‍ കിറ്റിന് മുന്നില്‍ ആത്മാഭിമാനം പണയം വയ്ക്കണം?’; വിരട്ടല്‍ വേണ്ടെന്ന് എം കെ മുനീര്‍
X

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം ഇടയ്ക്കിടെ മറന്നുപോകുകയാണെന്ന് എം കെ മുനീര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷ സിനിമകളിലെ ചില കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുകയാണ്. ജീവിക്കാന്‍ മാര്‍ഗ്ഗം ഇല്ലാത്ത വ്യാപാരികളെ മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരങ്ങളോടാണ് ‘മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടും’ എന്ന ആക്രോശമെന്നും മുനീര്‍ കുറ്റപ്പെടുത്തി.

ഇനിയും എത്ര കാലം ഈ പാവങ്ങള്‍ കിറ്റിന്റെ മുന്നില്‍ ആത്മാഭിമാനം പണയം വയ്ക്കണമെന്നും എംകെ മുനീര്‍ ചോദിക്കുന്നു. പ്രളയകാലത്ത് അടക്കം മലയാളികള്‍ എല്ലാ ത്യാഗങ്ങളും സഹിച്ച് ഒരേ മനസ്സോടെ നിന്നപ്പോള്‍ അവിടെയും കയ്യയച്ച് വാരിത്തന്നവരാണ് നമ്മുടെ വ്യാപാരികള്‍. അവരോട് വിരട്ടല്‍ വേണ്ട. ഇത് കേരളമാണെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നതാണ് നല്ലതെന്നും എംകെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു. കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ല. ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കടകള്‍ തുറക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്ന സ്ഥിതിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ‘കോഴിക്കോട് കടകള്‍ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സാധിക്കും. അതിനൊപ്പം നില്‍ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അതു മനസ്സിലാക്കി കളിച്ചാല്‍ മതി. പക്ഷേ, ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ല. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തില്‍ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കടകളിലും മറ്റും ശാരീരിക അകലം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണം. ആളുകളുടെ കൂട്ടം കൂടല്‍ ഗൗരവമായി കാണണം. രണ്ടുമൂന്ന് ആഴ്ച കഴിയുന്നതോടെ ഓണത്തിരക്ക് ആരംഭിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.’ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read:‘ആത്മഹത്യയുടെ വക്കിലാണ്’; ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം മുഖ്യമന്ത്രിക്ക് യോജിക്കാത്തത്: ഉമ്മന്‍ചാണ്ടി

Next Story