സംഘ്പരിവാറിന്റെ കരാര്‍ പണി ഏറ്റെടുക്കുന്ന ദളിത് സ്വത്വവാദി-രാഷ്ട്രീയ ഇസ്ലാം കൂട്ടുകെട്ടും ഹലാല്‍ തെറികളും

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായതോടെ തെളിഞ്ഞുവരുന്ന ഒരു പഴയ വസ്തുത, സംഘപരിവാറിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ് കേരളത്തിലെ മിക്ക സ്വത്വവാദരാഷ്ട്രീയ ഇസ്ലാം സംഘങ്ങളും എന്നാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ അട്ടിമറിയും ആക്രമണവും നടത്താന്‍ ആഗോള തലത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍ നിന്നും അച്ചാരം വാങ്ങിയ ചരിത്രമുള്ള രാഷ്ട്രീയ ഇസ്ലാം ബ്രദര്‍ഹുഡ് മാതൃക കക്ഷികള്‍ക്ക് അതൊന്നും പുത്തരിയല്ല. മുസോളനിയെ മാതൃകയാക്കിയ, തന്റെ ഇസ്ലാമിക രാജ്യത്തില്‍ അമുസ്ലീങ്ങള്‍ രണ്ടാം തരം പൗരന്മാരായിരിക്കുമെന്ന് (സിമ്മീസ്)എഴുതിവെച്ച, ജനാധിപത്യത്തെത്തന്നെ വെറുത്ത, മൗലാനാ മൗദൂദിയുടെ അനുയായികള്‍ക്കും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയില്‍ ഇടതുപക്ഷവിരോധം പൂത്തുലയുന്നതും സ്വാഭാവികം. ഏതാണ്ടിതേ പണിയിലാണ് ദളിത് സ്വത്വവാദ രാഷ്ട്രീയവും അകപ്പെട്ട കളി. ഇന്ത്യയില്‍ ഏതാണ്ടെല്ലായിടത്തും സംഘപരിവാറിന്റെ പാളയത്തിലാണ് ദളിത് സ്വത്വവാദി മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍. സംഘപരിവാറിനെയോ ഹിന്ദുത്വ ഭീകരതയേയോ വിമര്‍ശിക്കുന്ന ഒരു കുറിപ്പ് പോലും അവരില്‍ നിന്നും കാണില്ല. പഴയ ബോംബെ ബ്രാഹ്മിന്‍ ബോയ്സ് കടലാസും പൊക്കിപ്പിടിച്ചുള്ള അകാലികമായ ചില ജല്പനങ്ങളല്ലാതെ. കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് രാജവീഥിയൊരുക്കിയ ശബരിമല സവര്‍ണ ലഹളയുടെ സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും കൊണ്ടാടിയ കോണ്‍ഗ്രസിനോട് അവര്‍ക്കൊരു വിരോധവുമില്ല.
സകലമാന രാഷ്ട്രീയ ഇസ്ലാം പോരാളികളും യു ഡി എഫ് സ്വതന്ത്രരാണ്. കോണ്‍ഗ്രസ് പണ്ടും ബ്രാഹ്മിണിക് മൂല്യങ്ങള്ക്കെതിരായതുകൊണ്ട് കുഴപ്പമില്ല. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയില്‍ മത്സരിക്കുന്ന ഒരു ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ, അച്ഛന് നമ്പൂരിയുടെ വേദമന്ത്രവും വിപ്ലവവും ഒരു പോലെ പഠിച്ചു എന്നൊക്കെ വിശേഷിപ്പിച്ചിട്ട ഒരു ഓണ്‍ലൈന്‍ പോസ്റ്ററാണിപ്പോള്‍ താരം. ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ ജാതിയും മതവും കൊണ്ടുനടക്കുന്ന ജാതിവ്യവസ്ഥ ഒരു രാഷ്ട്രീയ ധര്‍മ്മമാക്കിയ സംഘപരിവാറിനെതിരെ ഒരക്ഷരം മിണ്ടാത്ത സ്വത്വരാഷ്ട്രീയ ഇസ്ലാം വാദികളുടെ സൂക്ഷ്മദര്‍ശിനികള്‍ കേരളത്തിലെ ഓരോ ഓണ്‍ലൈന്‍ കുറിപ്പും നോക്കി ഇടതുകക്ഷികളിലെ അംഗങ്ങളിലെ ജാതിബോധം കണ്ടെത്തുന്നതില്‍ ഒരു കരാര്‍പ്പണി കാണരുത് എന്ന് മാത്രം പറയരുത്. അതായത് കേരളത്തില്‍ അഞ്ച് ലക്ഷത്തിലേറെ സിപിഐ (എം) അംഗങ്ങളുണ്ട്. സിപിഐക്കുമുണ്ട് ലക്ഷത്തിനു മേല്‍. ഇവരെല്ലാം ഹെഗല്‍ മുതല്‍ മാര്ക്സിലെത്തി, ഇന്ത്യന്‍ ജാതി വ്യവസ്ഥ പഠിച്ച്, ഗ്രാംഷിയും ലുകാച്ചും അല്ത്തൂസറുമൊക്കെ അടിത്തറയും ഉപരിഘടനയും സംബന്ധിച്ച് പറഞ്ഞതിനെ ഇന്ത്യന്‍ സാഹചര്യത്തോട് ചേര്‍ത്ത് വെച്ച്, മജൂംദാറും ആര്. എസ്. ശര്‍മയും ഡി ഡി കൊസാംബിയും റൊമീല ഥാപ്പറും സുവീര ജൈസ്വാളും അടക്കമുള്ളവരെ വായിച്ച് ജാതിവിരുദ്ധതയുടെ പുതിയ പരിപ്രേക്ഷ്യം നേടിയവരാകണം എന്ന വാശി സ്വത്വവാദികള്‍ക്ക് ഉണ്ടാകുന്നതില്‍ തെറ്റില്ല. പക്ഷെ എന്തുചെയ്യാം നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല വസ്തുത.
അതുകൊണ്ടാണ് ഇടതുപക്ഷം നിരന്തരമായ ആന്തരിക സംഘര്‍ഷങ്ങളിലൂടെ പുതിയ നിലപാടുകളിലേക്കെത്തേണ്ടതുണ്ട് എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്. എന്നാലത് ഒരുളുപ്പുമില്ലാതെ സംഘപരിവാറിന്റെ കരാര്‍പ്പണി ഏറ്റെടുത്ത സ്വത്വവാദിരാഷ്ട്രീയ ഇസ്ലാം ഇടതുപക്ഷ വിരുദ്ധതയുടെ മാനദണ്ഡങ്ങള്‍ വെച്ചല്ല. ബിഹാറില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുകക്ഷികള്‍ ഒരു മുന്നണിയുണ്ടാക്കി മത്സരിച്ചപ്പോള്‍ തകര്‍ത്തില്ലേ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി എന്ന് നാഴികയ്ക്ക് നാല്പതുവട്ടം തെറിവിളിച്ച ജമാ അത് കുഴലൂത്തുകാരിപ്പോള് ഒവൈസിയുടെ മുസ്ലിം സ്വത്വ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് വാചാലരാകുന്നത്. ഇനി ബംഗാളിലേക്കാണ് ഒവൈസി. ഇവിടെ കുഞ്ഞാലിക്കുട്ടിയും കൂട്ടരുമാണ് അമിത്ഷായുടെ ഒളിസൈന്യമെങ്കില് ഒവൈസിക്ക് ഇന്ത്യന്‍ മുസ്ലീമിനെ ഇസ്ലാമോഫാസിസ്റ്റ് എന്ന ആഗോള ഇസ്ലാമിക് രാഷ്ട്രീയ സ്വപനത്തിലേക്ക് അണിചേര്‍ക്കലാണ് സ്വപ്നം.
നേരത്തെ സൂചിപ്പിച്ച കൊല്ലത്തെ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള സ്വത്വവാദരാഷ്ട്രീയ ഇസ്ലാം അധിക്ഷേപത്തിന്റെ അടിയില്‍ വന്ന ഒരു പരാമര്‍ശം, ‘ഇതെന്താ, മാട്രിമോണിയല്‍ പരസ്യമോ എന്നാണ്.’ ഇത്രയും സ്ത്രീവിരുദ്ധമായ ബോധത്തില്‍ നിന്നുകൊണ്ടാണ് വിമോചനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യാജ വാചകമടി. സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പോസ്റ്ററുകള്‍ക്ക് കീഴില്‍ ലൈംഗികച്ചുവയുള്ള പരാമര്ശങ്ങളിടുന്ന ‘പൊതു’ വില്‍ നിന്നും വ്യത്യസ്തമായ ഹലാല്‍ തെറികളാണ് ജമാ അത് സ്വത്വ പരിശുദ്ധര്‍ ഇടുന്നത് എന്ന് സമാധാനിക്കുകയേ വഴിയുള്ളു. സംഘപരിവാറിന് അനുകൂലമായി ഇടതുപക്ഷത്തെ ഇല്ലാതാക്കാനും സാമൂഹ്യവൈരുദ്ധ്യങ്ങളേയും സംഘര്‍ഷങ്ങളേയും ഇല്ലാതാക്കി കേവലമായ സ്വത്വബോധത്തിലേക്ക് മനുഷ്യരെ ചുരുക്കിയെടുത്ത് ‘പൊതു’വിനേയും ‘മനുഷ്യന്’ എന്ന പൊതുവിനെപ്പോലും ഇല്ലാതാക്കിക്കൊണ്ട് ഭരണകൂടങ്ങള്‍ക്കും മുതലാളിത്ത ചൂഷണത്തിനും എതിരായ എല്ലാവിധ സമരങ്ങളെയും ദുര്‍ബലമാക്കാനുള്ള രാഷ്ട്രീയമാണ് പൊളിറ്റിക്കല്‍ ഇസ്ലാമും സ്വത്വവാദികളും ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് സിപിഐ (എം) പീഡനത്തില്‍ നിന്നും രക്ഷനേടാന്‍ ദളിതര്‍ക്ക് കേരളത്തില്‍ 2020ലുള്ള വഴി ഇസ്ലാം മതം സ്വീകരിക്കുകയാണെന്നും അതിനു എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് വക സത്യസരണിയുണ്ടെന്നും കാണുന്നത്. ദളിത് സ്വത്വവാദത്തില്‍ നിന്നും കൂടുതല്‍ സത്യസ്വത്വം കിട്ടണമെങ്കില്‍ വഴി വേറെയാണെന്ന്. രാഷ്ട്രീയ ഇസ്ലാം എന്നാല്‍, അധികാരത്തില്‍ വന്ന ഇസ്ലാം എന്നാല്‍ അത് ആ രാജ്യത്തെ സംഘപരിവാറാണ്.